
പൊളിറ്റിക്കൽ ഡെസ്ക്
കൊച്ചി: വെങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ വെള്ളാപ്പള്ളി നടേശനും ബിഡിജെഎസും കോൺഗ്രസ് പാളയത്തിൽ എത്തിയേക്കുമെന്നു ഉറപ്പായി. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ബിഡിജെഎസ് നേതൃത്വം താഴേഘടകങ്ങൾക്കു നിർദേശം നൽകിക്കഴിഞ്ഞു. ഇതോടെയാണ് ബിഡിജെഎസ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പന്തലിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായത്. കേരള കോൺഗ്രസ് ഇടതു പാളയത്തിലേയ്ക്കു കൂറുമാറുമെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് ബിഡിജെഎസിനെ ഒപ്പം നിർത്തി പരമ്പരാഗത ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഉമ്മൻചാണ്ടിയും കൂട്ടരും ശ്രമം തുടങ്ങിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസുമായി ബിജെപി ഉണ്ടാക്കിയ സഖ്യത്തിനു കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇതേ തുടർന്ന് കേരളത്തിലെ എസ്എൻഡിപി – ബിഡിജെഎസിനു വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും ബിജെപി കേന്ദ്രം നേതൃത്വം നൽകിയതുമില്ല. ഇതേ തുടർന്നു വെള്ളാപ്പള്ളി നടേശനിലൂടെ ബിഡിജെഎസ് – എസ്എൻഡിപി നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തെ തങ്ങളുടെ എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ബിജെപി നേതൃത്വത്തിൽ ഒരാൾ പോലും ബിഡിജെഎസ് നേതൃത്വത്തെ പിൻതുണച്ചോ, ഇവർക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടോ ഇതുവരെയും രംഗത്ത് എത്തിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ബിഡിജെഎസ് നേതൃത്വം ഇപ്പോൾ മുന്നണി വിടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതും.
ബിഡിജെഎസിനെ കേരളത്തിലെ എൻഡിഎ മുന്നണിയുടെ ഭാഗമാക്കി ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയും ഒരു തവണ പോലും മുന്നണി യോഗം ചേരാൻ പോലും കേരളത്തിലെ ബിജെപി നേതൃത്വം തയ്യാറായിട്ടില്ലെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുന്നണി വിടാനുള്ള നീക്കങ്ങൾ ബിഡിജെഎസ് നേതൃത്വം സജീവമാക്കിയിരിക്കുന്നതും.