![](https://dailyindianherald.com/wp-content/uploads/2016/02/oc-palli.jpg)
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: ബിജെപി എസ്എൻഡിപി സഖ്യം പൊളിഞ്ഞതോടെ ഇതിനു പിന്നിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന സൂചനകളും ശക്തമാകുന്നു. കോൺഗ്രസിനുള്ളിലും യുഡിഎഫിലും ഒരു വിഭാഗം തനിക്കെതിരെ തിരിയുകയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെള്ളാപ്പള്ളിയുമായി കോൺഗ്രസ് സഖ്യം സംബന്ധിച്ചു ധാരണയിൽ എത്തിയതെന്നാണ് സൂചന.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയും – എസ്എൻഡിപിയും തമ്മിൽ സഖ്യമുണ്ടായപ്പോൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ മത്സരിച്ചു വിമർശിക്കുമ്പോൾ ഉമ്മൻചാണ്ടി മാത്രം പൂർണ മൗനം പാലിക്കുകയായിരുന്നു. ഇത് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ തന്ത്രമാണെന്നു അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. എസ്എൻഡിപി ബിജെപി സഖ്യമുണ്ടാകുന്നതോടെ ഇടതു മുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴുമെന്നും ഉമ്മൻചാണ്ടി കണക്കു കൂട്ടിയിരുന്നു. എന്നാൽ, ഉമ്മൻചാണ്ടിയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് യുഡിഎഫിന്റെ ശക്തിയായ നിഷ്പക്ഷ വോട്ടുകളാണ് ബിജെപി വെള്ളാപ്പള്ളി പക്ഷത്തേയ്ക്കു ഇപ്പോൾ ചാഞ്ഞിരുന്നത്.
ഭരണ തുടർച്ച എന്ന ലക്ഷ്യം വച്ചു തിരഞ്ഞെടുപ്പു രംഗത്തിറങ്ങിയ യുഡിഎഫിനു ഇത്തരത്തിൽ ലക്ഷ്യം വച്ചുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ തിരിച്ചടിയാകുമെന്നു ഭയന്നാണ് ഇപ്പോൾ ഉമ്മൻചാണ്ടി തന്ത്രം മാറ്റി പിടിക്കുന്നതെന്നാണ് സൂചന. എസ്എൻഡിപിക്കു സംസ്ഥാന സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാം, യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കി ബിജെഡിഎസിനെ മത്സരിപ്പിക്കാം, സർക്കാർ അധികാരത്തിൽ എത്തിയാൽ നാലു മന്ത്രി സ്ഥാനം നൽകാം തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇപ്പോൾ ഉമ്മൻചാണ്ടി മുന്നോട്ടു വച്ചിരിക്കുന്നത്.
എന്നാൽ, എസ്എൻഡിപിക്കും വെള്ളാപ്പള്ളിക്കും എതിരായി ശക്തമായി പ്രചാരണ രംഗത്തുള്ള വി.എം സുധീരന്റെ എതിർപ്പിനെയാണ് ഇതിനായി ഉമ്മൻചാണ്ടിക്കു മറികടക്കേണ്ടി വരുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി ഉമ്മൻചാണ്ടി തന്നെ ഇടപെട്ടാണ് ഹൈക്കമാൻഡ് പ്രതിനിധികളുമായി ചർച്ചയ്ക്കുള്ള അവസരം ഒരുക്കിയത്. ബിജെഡിഎസ് സഖ്യവുമായി എത്തിയാൽ അംഗീകരിക്കാൻ തയ്യാറാണെന്ന ഉറപ്പ് വെള്ളാപ്പള്ളിക്കു കേന്ദ്ര നേതൃത്വം നൽകിയേക്കും. ഏതു വിധേനയും കേരളത്തിൽ ഭരണം ഉറപ്പാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വം എസ്എൻഡിപിയുമായി സഖ്യത്തിനു സമ്മതിക്കും എന്ന പ്രതീക്ഷയിലാണ് ഉമ്മൻചാണ്ടി. ഇതുവഴി ഭരണം നിലനിർത്താൻ സാധിക്കുമെന്നും ഉമ്മൻചാണ്ടി പ്രതീക്ഷിക്കുന്നു.