
സ്വന്തം ലേഖകൻ
കന്യാകുമാരി: എസ്എൻഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതിയിൽ തട്ടിപ്പു നടന്നതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തിയതിനു പിന്നാലെ അന്വേഷണം നടത്താൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസ് അന്വേഷണ സംഘത്തിനു നിർദേശം നൽകി. എസ്എൻഡിപിയുടെ യൂണിയൻ നേതാക്കളിൽ ചിലർ അഞ്ചു കോടി രൂപ വരെ തട്ടിച്ചതായാണ് വെള്ളാപ്പള്ളി നടേശൻ കന്യാകുമാരിയിലെ എസ്എൻഡിപിയുടെ നേതൃക്യാംപിൽ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോൾ വിജിലൻസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
മൈക്രോ ഫിനാൻസിൽ വ്യാപകമായി തട്ടിപ്പു നടക്കുന്നതായി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രമക്കേട് തുറന്നു പറഞ്ഞു വെള്ളാപ്പള്ളി നടേശൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. മൈക്രോ ഫിനാൻസ് പദ്ധതിയിൽ 80.30 ലക്ഷം രൂപയുടെ അഴിമതി നടന്നതായി നേരത്തെ തന്നെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു വിജിലൻസ് കേസ് ഫയൽകൂടുതൽ ശക്തമാക്കി മുറുക്കുന്നതിനിടെയാണ് ഇപ്പോൾ വെള്ളാപ്പള്ളിയുടെ തന്നെ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത്.
എന്നാൽ, മൈക്രോ ഫിനാൻസിന്റെ പേരിൽ ചില യൂണിയൻ നേതാക്കൾ തട്ടിപ്പു നടത്തിയതായി പരസ്യമായി കുറ്റ സമ്മതം നടത്തിയ വെള്ളാപ്പള്ളി നടേശൻ അഴിമതിയുടെ പേരിൽ ഇതുവരെ ഒരൊറ്റ യൂണിയൻ നേതാവിനെ പോലും പുറത്താക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ വെള്ളാപ്പള്ളി നടത്തിയ പരസ്യകുറ്റസമ്മതം കേസിൽ നിന്നു രക്ഷപെടാനുള്ള അടവായാണ് അന്വേഷണ സംഘം കണക്കു കൂട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ കേസ് അന്വേഷണം മുറുകിയാൽ ഇത് വെള്ളാപ്പള്ളിയിലും മകനിലുമാവും എത്തിച്ചേരുക. ഇതു മനസിലാക്കിയ വെള്ളാപ്പള്ളി തന്ത്രപൂർവം അന്വേഷണം തന്നിൽ നിന്നു തിരിച്ചു വിടുന്നതിനാണ് ഇപ്പോൾ യൂണിയൻ നേതാക്കൾ ക്രമക്കേട് നടത്തിയെന്നു വെളിപ്പെടുത്തിയിരിക്കുന്നതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വെള്ളാപ്പള്ളിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച തന്നെ ഇദ്ദേഹത്തിനു നോട്ടീസ് അയക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. തുടർന്നു വെള്ളാപ്പള്ളിയെ വിശദമായി ചോദ്യം ചെയ്യും. തുടർന്നാവും കേസിന്റെ തുടർ നടപടികൾ സംബന്ധിച്ചു തീരുമാനം എടുക്കുക.