ബി.ജെ.പിയുമായി ഇനി ബന്ധമില്ല: വെള്ളാപ്പള്ളി; ബി.ഡി.ജെ.എസ്സിനെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു

കൊല്ലം: സി.കെ. ജാനുവിന് പിന്നാലെ തങ്ങളെയും ബിജെപി വഞ്ചിച്ചെന്ന പരാതിയുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇതോടെ കേരളത്തിലെ എന്‍ഡിഎയുടെ നില പരുങ്ങലിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശക്തമായ പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ് ഈ നേതാക്കളുടെ പ്രസ്താവനകള്‍. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സീറ്റുകളൊന്നും നല്‍കാതെ ബിഡിജെഎസിനെ വഞ്ചിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതോടെ് ബിജെപി ബന്ധത്തില്‍ പുനരാലോചനക്ക് ബിഡിജെഎസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുമായി ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗത്തിനു നല്‍കിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും തനിക്കു തന്റെ വഴിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്നു ബിഡിജെഎസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇരുകൂട്ടര്‍ക്കും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല. അവര്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ താല്‍പ്പര്യമില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബിജെപിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഡിജെഎസിനു ബിജെപി നല്‍കിയ വാദ്ഗാനങ്ങളെക്കുറിച്ചു തനിക്കറിയില്ല. എന്നാല്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്കു ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പായതിനാല്‍ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും ഉടന്‍ ഇക്കാര്യം നടപ്പാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഗണിച്ചിട്ടില്ല. എസ്.എന്‍.ഡി.പി. യോഗത്തിനു നല്‍കിയ ഒരു ഉറപ്പുപോലും പാലിച്ചിട്ടില്ല. സംവരണ വിഷയത്തില്‍ ബിജെപിയുടേതു പിന്നാക്ക വിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം ബിജെപിയുടെ അവഗണനയെ തുടര്‍ന്നാണെന്നത് വ്യക്തമാണണ്. അതേസമയം വാഗ്ദാനങ്ങളില്‍നിന്നും ബിജെപി നേതൃത്വം പുറകോട്ടു പോകുന്നതിലുള്ള പ്രതിഷേധമറിയിക്കാന്‍ ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റും എന്‍.ഡി.എ. ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണും. ഈ മാസം അവസാനം ഡല്‍ഹിയിലാണു കൂടിക്കാഴ്ച. കയര്‍, സ്‌പൈസസ് ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനവും വാഗ്ദാനം ചെയ്ത മറ്റു സ്ഥാനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും. കേരളത്തില്‍ ബിജെപി. നടത്തുന്ന പരിപാടികളില്‍നിന്നും ബി.ഡി.ജെ.എസിനെ ഒഴിവാക്കുന്നെന്ന പരാതി തുഷാര്‍ അമിത് ഷായെ അറിയിക്കും.

രാജ്യസഭാ എംപിസ്ഥാനവും കേന്ദ്ര മന്ത്രി പദവിയും പാര്‍ട്ടിക്ക് ലഭിക്കാത്തതും ബിഡിജെ.എസില്‍ കടുത്ത എതിര്‍പ്പിന് കാരണമാകുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്‍ സുരേഷ് ഗോപിയെ എംപിയായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിഡിജെഎസിനെയും ബിജെപി തഴഞ്ഞതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. കേന്ദ്രമന്ത്രി പദവി വരെ തുഷാറിന് വേണമെന്ന ആവശ്യം ബിഡിജെഎസ് ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശമെല്ലാം ബിജെപി ലംഘിക്കുകയായിരുന്നു.

Top