ആലപ്പുഴ: നേതാക്കളും അനുയായികളും സമത്വ മുന്നേറ്റയാത്രയില്‍ പങ്കെടുക്കരുതെന്ന് സിപിഎമ്മും കോണ്‍ഗ്രസും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും സ്വീകരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമുണ്ടായത് മുന്നണികളെ ആശങ്കയിലാക്കി. സിപിഎമ്മിന് പൊതുവെ കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിന്നാണ് സമത്വ മുന്നേറ്റയാത്രയുടെ സ്വീകരണ പരിപാടികളില്‍ ആളൊഴുകിയെത്തിയത്. എസ്എന്‍ഡിപിയുടെ ശാഖ, യൂണിയന്‍ ചുമതലകള്‍ വഹിക്കുന്ന സിപിഎം പ്രവര്‍ത്തകരില്‍ തൊണ്ണൂറു ശതമാനത്തിലേറെയും പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടികളില്‍ പങ്കെടുത്തതായാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ചില നേതാക്കളും മറ്റും എസ്എന്‍ഡിപി നേതൃത്വത്തിന്റെ അനുമതിയോടെയാണ് പരിപാടികളില്‍ നിന്ന് വിട്ടുനിന്നത്. അവരും യാത്രയ്ക്ക് ധാര്‍മ്മിക പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് എസ്എന്‍ഡിപി നേതൃത്വം വ്യക്തമാക്കി. സ്വീകരണ പരിപാടികളിലെ മറ്റു സമുദായാംഗങ്ങളുടെ പിന്തുണയാണ് കൂടുതല്‍ ശ്രദ്ധേയമായത്. യാത്രയെ മറ്റു ചില രാഷ്ട്രീയ വിധേയത്വങ്ങളുടെ പേരില്‍ ആക്ഷേപിച്ച ചില സമുദായ നേതാക്കളുടെ സ്വന്തം നാട്ടില്‍പോലും അതേ സമുദായാംഗങ്ങള്‍ ധാരാളമായി സമത്വമുന്നേറ്റയാത്രയില്‍ അണിനിരന്നു.
എസ്എന്‍ഡിപിയുടെ മാത്രം പരിപാടിയെന്ന നിലയില്‍ യാത്രയെ ചുരുക്കിക്കാണിക്കാന്‍ ശ്രമിച്ചവര്‍ക്കും ഇതര സമുദായ അംഗങ്ങളുടെയും നേതാക്കളുടെയും പങ്കാളിത്തം തിരിച്ചടിയായി. വടക്കന്‍ കേരളത്തില്‍ എസ്എന്‍ഡിപി നേതൃത്വം പ്രതീക്ഷിച്ച ജനപങ്കാളിത്തം യാത്രയ്ക്ക് ഉണ്ടായെങ്കില്‍ മദ്ധ്യകേരളം പിന്നിട്ടതോടെ പ്രതീക്ഷകള്‍ മറികടന്ന സ്വീകരണവും ജനപങ്കാളിത്തവുമാണ് യാത്രയ്ക്ക് ലഭിച്ചത്. ഒരു വിഭാഗം മാദ്ധ്യമങ്ങളും ഇടതു വലതു മുന്നണികളും യാത്രയെ തകര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയാതിരുന്നത് എസ്എന്‍ഡിപി നേതാക്കളിലും പ്രവര്‍ത്തകരിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
പലയിടങ്ങളിലും സംഘര്‍ഷത്തിന് സിപിഎം ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തിയിരുന്നു. കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിക്കുക, പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക തുടങ്ങി യാത്രയെ തകര്‍ക്കാന്‍ പരമാവധി ശ്രമങ്ങളാണ് സിപിഎം നടത്തിയത്. പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കോണ്‍ഗ്രസും സിപിഎമ്മും ശ്രമം നടത്തി.
എന്നാല്‍ സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരില്‍ നടക്കുന്ന മതവിവേചനങ്ങളും അവഗണനയും തുറന്നുകാട്ടാനും നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമെന്ന സന്ദേശത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും യാത്രമൂലം സാധിച്ചു. വരും ദിവസങ്ങളില്‍ ഇടതുപക്ഷത്തുനിന്നാകും പുതിയ രാഷ്ട്രീയപാര്‍ട്ടിയിലേക്ക് കൂടുതല്‍ ഒഴുക്കുണ്ടാകുകയെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍.സമത്വമുന്നേറ്റയാത്ര ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണു സമാപനസമ്മേളനം. ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊടുക്കുന്ന പുതിയ രാഷ്‌്രടീയപാര്‍ട്ടിയുടെ പ്രഖ്യാപനം അതോടൊപ്പമുണ്ടാകും. ഭാരത് ധര്‍മ ജനസേന പാര്‍ട്ടി എന്നാണു പുതിയ പാര്‍ട്ടിയുടെ പേര്. കൊടിയുടെ നിറവും ചിഹ്‌നവും ഇന്നു പ്രഖ്യാപിക്കും. സമ്മേളനം യാത്രാ ക്യാപ്‌റ്റന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം മുഖ്യ രക്ഷാധികാരി ഡോ. ജി. മാധവന്‍ നായര്‍, ചെയര്‍മാന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വൈസ് ചെയര്‍മാന്‍ നീലകണ്‌ഠന്‍, വര്‍ക്കിങ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെ.പി.എം.എസ്. നേതാവ് ടി.വി. ബാബു, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സദസാണ് സജ്‌ജമാക്കിയിരിക്കുന്നത്.