തിരുവനന്തപുരം : ജനനനിരക്ക് കൂട്ടണം എന്ന കത്തോലിക്ക സഭകളുടെ നിർദ്ദേശത്തെ വിമർശിച്ച് വെള്ളാപ്പളളി നടേശൻ . പാലാ, പത്തനംതിട്ട രൂപതകളുടെ നിർദേശത്തെയാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് മുസ്ലിങ്ങളുടെ അംഗബലം കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ടു പോകുന്നെന്ന ഭീതി ക്രൈസ്തവർക്കുണ്ട്. ഇതാണ് ഇത്തരം ഉത്തരവിന് പിന്നിൽ. വടക്കൻ ജില്ലകളിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണം നോക്കിയാൽ ഇതു മനസിലാകും. അധികാരത്തിനായി ഏതു സമുദായം അംഗബലം കൂട്ടിയാലും അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയോടും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വിരമിച്ചപ്പോഴാണോ സംസ്ഥാനത്ത് തീവ്രവാദ ഭീഷണിയുണ്ടെന്ന് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ബെഹ്റയുടെ പ്രസ്താവന വൈകി വന്ന വിവേകമായിരുന്നു. സത്യം പറയാൻ അദ്ദേഹത്തിന് കുറേ കാലം വേണ്ടി വന്നെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. നായർ – ഈഴവ ഐക്യമെന്ന നിർദേശം മുന്നോട്ടു വച്ചത് സുകുമാരൻ നായരാണ്. അത് താൻ അംഗീകരിച്ചെങ്കിലും തന്റെ അജണ്ട അതായിരുന്നില്ല. എന്തുകൊണ്ട് ഐക്യ ശ്രമങ്ങൾ നടക്കാതെ പോയെന്ന് സുകുമാരൻ നായരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .