ചേര്‍ത്തല: ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ആര്‍.ശങ്കര്‍ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്നും അത് മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കുവേണ്ടി ആയിരുന്നുവെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്രയ്‌ക്കിടെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സമുദായത്തെ കടന്നാക്രമിക്കുകയും തനിക്കെതിരെ കേസെടുക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പങ്കെടുത്താല്‍ ചടങ്ങ് അലങ്കോലപ്പെടുമെന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു. പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും മോശം പ്രവണതകള്‍ ഉണ്ടായാല്‍ അത് അദ്ദേഹത്തിനും ഒപ്പം ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയ്‌ക്കും ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തില്‍ പരിപാടി അലങ്കോലപ്പെട്ടാല്‍ ഒരു പക്ഷേ പോലീസിന് നോക്കുകുത്തികളാകാനേ സാധിച്ചേക്കൂ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കൂട്ടായ ആലോചനയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞത്. അത് അവഗണനയല്ല. ഇതിനോട് മുഖ്യമന്ത്രി മാന്യമായാണ് പ്രതികരിച്ചത്. എന്നാല്‍ ചിലര്‍ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു. ഉമ്മന്‍ചാണ്ടി പങ്കെടുത്താല്‍ പ്രതികരണമുണ്ടാവുമെന്ന തരത്തില്‍ തനിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇക്കാര്യം നേരിട്ട് മനസിലാക്കാന്‍ സാധിച്ചു. ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒരു അപമാനം ഉണ്ടാകാന്‍ പാടില്ല. ഭംഗിയായി പരിപാടി നടക്കാനാണ് താനങ്ങനെ ചെയ്തത്. വലിയ രീതിയില്‍ ആളുകള്‍ പരിപാടിയിലേക്ക് തള്ളിക്കയറിയത് മാധ്യമങ്ങള്‍ കണ്ടതല്ളേ. കനത്ത സുരക്ഷ ഉണ്ടായിട്ടും പൊലീസിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. യോഗം വളന്‍റിയര്‍മാരാണ് എല്ലാം നിയന്ത്രിച്ചത്. ഈ വിഷയത്തില്‍ തുടര്‍ന്നും വിവാദം ഉണ്ടാക്കരുതെന്നും ഇനിയും വെറേ നല്ല കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.