
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായിയുമായി ഒത്ത് തീര്‍പ്പുണ്ടാക്കുമോ എന്നതാണ് കേരളം ഉറ്റു നോക്കുന്നത്.മുഖ്യമന്ത്രി
പിണറായിവിജയനേയും ജേക്കബ് തോമസിനെയും പേടിച്ച് ഒത്ത് തീര്‍പ്പിന് മുതിര്‍ന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം തുടങ്ങിയതായും എന്നാല്‍ ആ നീക്കം തുടക്കത്തിലേ പളിയതായും സൂചന.മൈക്രോഫിനാന്‍സ് വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിലെ കള്ളത്തരം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താനെന്ന രൂപത്തില്‍ സമവായമാണ് വെള്ളാപ്പള്ളി ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ വെള്ളാപ്പള്ളിക്ക് പറയാനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ പറയുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.നിവേദനം ലഭിച്ചാലും അത് വിജിലന്‍സിന് കൈമാറുക എന്നതല്ലാതെ വെള്ളാപ്പള്ളിക്ക് അനുകൂലമായി ഏതെങ്കിലും തരത്തില്‍ നിലപാടെടുക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ വിപുലമായി കണ്വന്ഷന് വിളിച്ച് ചേര്‍ത്ത് ചെറുക്കാനായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ തീരുമാനം.
എന്നാല്‍ പ്രകോപനത്തിന് വശംവദനാവുന്നവനല്ല പിണറായി എന്നതും കടുത്ത നിലപാട് സ്വീകരിച്ചാല്‍ മൈക്രോഫിനാന്‍സ് കേസില്‍ മാത്രമല്ല ശാശ്വതീകാനന്ദ സ്വാമിയുടെ അസ്വാഭാവിക മരണമുള്‍പ്പെടെയുള്ള കേസുകളില്‍ വെള്ളാപ്പള്ളിയുടെ നില പരുങ്ങലിലാവുമെന്ന യാഥാര്‍ത്ഥ്യവും മനസിലായതോടെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതില്ലെന്ന നിലപാടില്‍ എസ്എന്‍ഡിപി നേതൃയോഗമെത്തിയത്.
യോഗനേതൃത്വത്തിന്റെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.പകലിനെ പകലായും രാത്രിയെ രാത്രിയായും വേര്‍തിരിച്ച് കാണാന്‍ കഴിവുള്ള നേതാവാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ് പിണറായിയെ ‘സുഖിപ്പിക്കാനും’ വെള്ളാപ്പള്ളി മറന്നില്ല.അതേസമയം വെള്ളാപ്പള്ളിയുടെ ഈ ‘തട്ടിപ്പ് സ്നേഹ പ്രകടനം’ കയ്യില്‍ വച്ചാല്‍ മതിയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.നിയമം നിയമത്തിന്റെ വഴിക്കാണ് പോവുകയെന്നും ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് പ്രതിഷ്ഠിച്ചത് തന്നെ നീതിയുക്തമായ നടപടി വിജിലന്‍സിന് സ്വീകരിക്കുന്നതിന് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാട്.
തന്റെ മന്ത്രിസഭയിലെയോ പാര്‍ട്ടിയിലെയോ നേതാക്കളും എംഎല്‍എമാരുമൊന്നും വെള്ളാപ്പള്ളിക്കും മകന് തുഷാറിനും വേണ്ടി ഒരു കാര്യത്തിലും ഇടപെടരുതെന്ന് നേരത്തെ തന്നെ പിണറായി നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചാല്‍ ‘തെറ്റിദ്ധാരണ’ മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ഇതിനുള്ള നീക്കത്തിലാണ് എസ്എന്‍ഡിപി യോഗനേതൃത്വം ഇപ്പോള്‍.വിജിലന്‍സ് അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളിയെ നേരിട്ട് കാണാന്‍ മുഖ്യമന്ത്രി അനുമതി നല്‍കുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്.
മുന്‍പ് വിഎസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്ന വെള്ളാപ്പള്ളി ഇപ്പോള്‍ വിഎസിനെ ചില ദുഷ്ടശക്തികള്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് അദ്ദേഹം പരാതി നല്‍കിയതെന്നാണ് ആരോപിക്കുന്നത്.ഒരേസമയം വിജിലന്‍സിലും ക്രൈംബ്രാഞ്ചിലും പരാതി നല്‍കിയതിന്റെ യുക്തിയേയും വെള്ളാപ്പള്ളി ചോദ്യം ചെയ്യുന്നു.
എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത് വിജിലന്‍സ് കോടതിയാണ് എന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പ്രഹസനമാവുക എന്നാണ് മറുവാദം.ക്രൈംബ്രാഞ്ച് ഈ കേസ് വിജിലന്‍സിന് തന്നെ റഫര്‍ ചെയ്യുകയാണ് വേണ്ടതെന്ന അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ വിഎസ് ഇതുസംബന്ധമായി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാവും.
ഒരു സംഭവത്തില്‍ ഒരു കേസ് മാത്രമേ നിലനില്ക്കുകയുള്ളു എന്നതാണ് നിയമം.മൈക്രോഫിനാന്‍സ് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ ‘രക്ഷിക്കുന്നതിന് വേണ്ടി’ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിന്റെ ഭാഗമായാണ് വിജിലന്‍സിന് കൈമാറാതെ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയിരുന്നത്.വെള്ളാപ്പള്ളിയുടെ അടുപ്പക്കാരനായ വിജിലന്‍സ് കേസില്‍ പ്രതിയായ ഐപിഎസ് ഉന്നതന് ക്രൈംബ്രാഞ്ചിലിരിക്കെയായിരുന്നു ഈ നടപടി.