കാസര്‍ഗോട്: എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയ്‌ക്ക് കാസര്‍ഗോട് തുടക്കമായി. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭദ്രദീപം കൊളുത്തി നടന്ന ഉദ്‌ഘാടനചടങ്ങില്‍ വെള്ളാപ്പള്ളി നടേശനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. ബിജെപി നേതാവ് വി മുരളീധരനും ഉദ്‌ഘാടന ചടങ്ങില്‍ പങ്കാളിയായി. ഡിസംബര്‍ 5 ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. അതേസമയം വെള്ളാപ്പള്ളിയുടെ യാത്രയെ വി.എസ് പരിഹസിച്ചു . സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ഷര്‍ട്ടും ആകുമെന്ന് വി എസ് പരിഹസിച്ചു.
11000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ പക്കലുണ്ട്. സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കള്ളപ്പണം വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വി എസ് നിര്‍ദ്ദേശിച്ചു.
കാസര്‍കോഡ് സമത്വ മുന്നേറ്റ യാത്ര തുടങ്ങുമ്പോള്‍ വെള്ള ഡ്രസും ഡബിള്‍ വേഷ്‌ടിയും ആണ് വെള്ളാപ്പള്ളിയുടെ വേഷം. എന്നാല്‍, യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ നടേശന്റെ രൂപം നിക്കറും വെള്ള ഉടുപ്പും ആയിരിക്കും. മുന്നേറ്റസംഘം ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നും അപ്പോള്‍ അനുയായികള്‍ ശുഭം ശുഭം ശുഭം എന്ന് പറയുമെന്ന് താന്‍ ആശിക്കുന്നെന്നും വി എസ് പരിഹസിച്ചു.
സവര്‍ണ്ണജാഥയെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരിയുടെ ആരോപണത്തെ വെള്ളപ്പള്ളി ശക്‌തമായി വിമര്‍ശിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് തങ്ങള്‍ക്ക് ശക്‌തിയുള്ളതിനാലാണെന്നും കേരളരാഷ്‌ട്രീയത്തില്‍ ഈ യാത്ര വലിയ മാറ്റത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയുള്ള യാത്രയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. യാത്രയുടെ സമാപനത്തോടെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസ്‌റ്റാന്റിന് സമീപമുള്ള മിലന്‍ ഗ്രൗണ്ടില്‍ സജ്‌ജമാക്കിയ സമത്വ നഗറില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ പേജാവര്‍ മഠാധിപതി വിശേശ്വരതീര്‍ത്ഥ സ്വാമികള്‍ സമത്വ മുന്നേറ്റ ജ്യോതി പ്രകാശനം ചെയ്യും. യാത്രാപ്രഖ്യാപനം വെള്ളാപ്പള്ളി നടേശന്‍ നടത്തും. ടി.വി ബാബു, ഡോ. എം.എന്‍ സോമന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. യാത്രാ റിപ്പോര്‍ട്ട് തുഷാര്‍ വെള്ളാപ്പള്ളി അവതരിപ്പിക്കും. എ.ജി തങ്കപ്പന്‍ സ്വാഗതവും അരയങ്കണ്ടി സന്തോഷ് നന്ദിയും പറയും. യാത്രയില്‍ ബിജെപി പങ്കെടുക്കുന്നില്ലെന്നും ആശംസ അര്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ എത്തിയതെന്നും വി മുരളീധരന്‍ പറഞ്ഞു. നേരത്തേ യാത്ര പദ്ധതിയിട്ടിട്ട് ബിജെപി നേതാക്കളാരും വിളിച്ചുപോലും ചോദിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.