കാരക്കാസ്: വെനസ്വേലയില്‍ നൈറ്റ് ക്ലബിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 17 പേര്‍ മരിച്ചു. ഇതില്‍ എട്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലെ നിശാക്ലബിലാണ് ദുരന്തമുണ്ടായത്. കണ്ണീര്‍ വാതക കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു. മരിച്ചവരില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തരമന്ത്രി അറിയിച്ചു. സ്‌കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയവരാണ് ദുരന്തത്തിന് ഇരയായത്.
കണ്ണീര്‍ വാതക കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു അഞ്ഞൂറോളം ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തില്‍ ഭയന്ന എല്ലാവരും ഓടാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു.