
പൊളിറ്റിക്കൽ ഡെക്‌സ്
മലപ്പുറം: വേങ്ങര മണ്ഡലം രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലും മുസ്ലീം ലീഗ് സ്ഥാനാർഥിയുടെ വോട്ട് ലീഡ് കാൽ ലക്ഷത്തിൽ നിന്നു താഴ്ന്നിട്ടില്ല. കാൽ ലക്ഷം എന്നു പറഞ്ഞാൽ അത് ഏറെ കുറഞ്ഞു പോകും. 35000 വോട്ടിൽ താഴെ മുസ്ലീം ലീഗ് സ്ഥാനാർഥി ലീഡ് കുറഞ്ഞ സമയം വേങ്ങര മണ്ഡലത്തിൽ ഉണ്ടായിട്ടേയില്ല. ഇവിടെയാണ് ഇത്തവണത്തെ മുസ്ലീം ലീഗ് സ്ഥാനാർഥിയുടെ കടന്നു കയറ്റം. ഇതോടെയാണ് വേങ്ങര: ‘തോൽവിയിലെ വിജയം’ അതാണ് വേങ്ങരയിൽ ഇടതുപക്ഷം നേടിയതെന്ന ചർച്ചകൾ സജീവമായിരിക്കുന്നത്.
2009 ൽ ഇ അഹമ്മദിനു 35000 ലീഡാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലം നൽകിയത്. 2011 ൽ കുഞ്ഞാലികുട്ടിക്ക് 38000വും, 2014 ൽ അഹമ്മദിനു 40000 വോട്ടും, 2016 ൽ കുഞ്ഞാലിക്കുട്ടിക്ക് 39000 വോട്ടും നൽകിയ മണ്ഡലം 2017 ൽ നടന്ന പാർലമെന്റ് ഉപ തിരഞ്ഞെടുപ്പിൽ കുഞ്ഞാലികുട്ടിക്ക് 41000 വോട്ടിന്റെ ലീഡാണ് നൽകിയത്. ഇതായിരുന്നു വേങ്ങരയിലേ തിരഞ്ഞെടുപ്പ് ചരിത്രം. അവിടെയാണ് മുസ്ലീം ലീഗിന്റെ കെ.എൻ.എ ഖാദർ 23000 എന്ന മാർജിനിൽ കടന്നു കൂടിയത്.
രാഷ്ട്രീയമായി വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലത്തിൽ വലിയ രൂപത്തിൽ വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞതാണ് സി.പി.എമ്മിനെ സംബന്ധിച്ച് നേട്ടമായിരിക്കുന്നത്. വേങ്ങര മണ്ഡലം നിലവിൽ വന്നതുമുതൽ വലിയ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർത്ഥികൾ ഇവിടെ നിന്നും വിജയിച്ചിരുന്നത്.
കഴിഞ്ഞ തവണ ലീഗിലെ കുഞ്ഞാലിക്കുട്ടി 72181 വോട്ടാണ് നേടിയിരുന്നത്. ഇതിൽ ഭൂരിപക്ഷം മാത്രം 38057 വോട്ടിന്റേതായിരുന്നു. അന്ന് ഇടതു സ്ഥാനാർത്ഥി പി.പി ബഷീർ ആകെ നേടിയ വോട്ട് 34124 ആയിരുന്നു. അതാണിപ്പോൾ 41917 വോട്ടായി വർദ്ധിപ്പിച്ചിരിക്കുന്നത്. കെ.എൻ.എ ഖാദർ ഇപ്പോൾ ആകെ നേടിയത് 65227 വോട്ടാണ്. പി.പി ബഷീർ 41917 വോട്ടും നേടി.
നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ കഴിഞ്ഞത് സർക്കാറിനും ഇടതുപക്ഷത്തിനും വലിയ ആശ്വാസം നൽകുന്നതാണ്.
സർക്കാറിനെതിരായ വിധിയെഴുത്തായി ഒരിക്കലും ഇനി ഈ ജനവിധിയെ യു.ഡി.എഫിന് ചിത്രീകരിക്കാൻ കഴിയില്ല.
എന്നാൽ പ്രതിപക്ഷത്തായതിന്റെ ‘ആനുകൂല്യം’ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലങ്കിലും ഭൂരിപക്ഷം കുറഞ്ഞാണെങ്കിൽ പോലും മണ്ഡലം നിലനിർത്താനായത് ആശ്വാസമായാണ് ലീഗ് നേതൃത്വം കാണുന്നത്. ബി.ജെ.പി ജനരക്ഷായാത്ര മണ്ഡലത്തിൽ നടത്തിയിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കാവി പടയ്ക്കും കഴിഞ്ഞില്ല. എസ്.ഡി.പി ഐയുടെ പിന്നിൽ വീണ്ടും നാലാം സ്ഥാനത്ത് ആകേണ്ടി വന്നതിലാണ് ബി.ജെ.പിക്ക് ദു:ഖം.