ന്യൂഡല്‍ഹി : കേരളത്തിലെ നഗരവികസനത്തിന് 580 കോടിയുടെ കേന്ദ്രസഹായം അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വെങ്കയ്യ നായിഡു ഇക്കാര്യമറിയിച്ചത്.
സ്മാർട്സിറ്റി പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. മെട്രോ റെയിൽ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും. പദ്ധതികൾക്കായി അടുത്ത ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കുമെന്നും രാഷ്ട്രീയ പരിഗണനകൾക്കതീതമായി സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സുരേഷ് പ്രഭു, നിതിൻ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെൻറിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിനാൽ പാർലമെന്‍റിൽ വെച്ചാണ് പല മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.