കൊച്ചിയെ വിറപ്പിച്ച ഗുണ്ട; കലാഭവന്‍ മണിയുടെ ഉറ്റസുഹൃത്ത്; പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരേയു ഭീഷണിപ്പെടുത്തി വരുതിയ്ക്ക് നിറുത്തി; വെട്ടില്‍ സുരേഷിന്റെ കഥ

കൊച്ചി: കൊച്ചിയെ ഒരുകാലത്ത് വിറപ്പിച്ച ഗുണ്ടാനേതാക്കളുടെ പട്ടികയില്‍ മുന്നിലായിരുന്നു വെട്ടില്‍ സുരേഷ്. ഏറെ കാലമായി വാര്‍ത്തകളിലൊന്നും ഇടം പിടിക്കാതെ ക്വട്ടേഷന്‍ പണി അവസാനിപ്പിച്ച് നിശ്ബദനായിരുന്ന സുരേഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ആത്മഹത്യ വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു.

കൊച്ചിയില്‍ ഒരുകാലത്ത് തമ്മനം ഷാജിയുടെ സംഘവും വെട്ടില്‍ സുരേഷിന്റെ സംഘവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥിരമായിരുന്നു. തമ്മനം ഷാജിയോട് നേരിട്ട് പൊരുതി കൊച്ചിയുടെ ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ നിറഞ്ഞുനിന്ന വെട്ടില്‍ സുരേഷിന് ഉന്നത ബന്ധങ്ങളുമുണ്ടായിരുന്നു. കൊലക്കേസ് ഉള്‍പ്പെടെ അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു സുരേഷ്. ഗുണ്ടാ ആക്രമണങ്ങള്‍ പതിവായ കാലമായിരുന്നു അത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒട്ടുമിക്ക അക്രമങ്ങള്‍ക്കും പിന്നില്‍ വെട്ടില്‍ സുരേഷ്, തമ്മനം ഷാജി തുടങ്ങിയവരുടെ ഗുണ്ടാസംഘങ്ങളായിരുന്നു. പലര്‍ക്കും ജീവന്‍പോയി. ചിലര്‍ക്ക് കൈയും കാലും നഷ്ടപ്പെട്ടു. തമ്മനം ഷാജിയുടെ കൊച്ചിയിലെ പ്രതാപത്തിന് മങ്ങലേറ്റത് വെട്ടില്‍ സുരേഷുമായുള്ള സംഘര്‍ഷമായിരുന്നു. ഇതിനെല്ലാം കാരണം തന്റെ കാളീദേവിയാണെന്ന് പ്രചരിപ്പിക്കാനും വെട്ടില്‍ സുരേഷിനായി. ഇതോടെ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെല്ലാം കാളി ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകരായി. വെട്ടില്‍ സുരേഷിനോട് അടുപ്പമുള്ളവരുടെയെല്ലാം ക്വട്ടേഷന്‍ കേസിന് പോക്കും ഇവിടെ നിന്നായി.

വെട്ടില്‍ സുരേഷിന്റെ അടുത്ത ബന്ധുവിനായിരുന്നു ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല. ഇവര്‍ വാളും മറ്റ് മാരകായുധങ്ങളും കാളിദേവിക്ക് മുമ്പില്‍ വച്ച് പൂജിക്കും. അതിന് ശേഷം കുങ്കുമം പൂശും. അത് ഗുണ്ടകള്‍ക്ക് കൈമാറും. ഇതായിരുന്നു ഇവിടുത്തെ പ്രധാന ചടങ്ങ്. ക്വട്ടേഷനുകളെല്ലാം വിജയിച്ചതോടെ വെട്ടില്‍ സുരേഷിന് കൂടുതല്‍ ബന്ധുക്കളുമെത്തി. അതിലൊരാളായിരുന്നു കലാഭവന്‍ മണി. വീട്ടിലെ ദാരിദ്ര്യത്തോട് പടവെട്ടി ഉയര്‍ന്നു വന്ന കലാഭവന്‍ മണിക്ക് വെട്ടില്‍ സുരേഷിനെ നന്നേ പിടിച്ചു. സുരേഷിന്റെ ചേരിയില്‍ പലപ്പോഴും കലാഭവന്‍ മണി വന്നു. നടന്റെ യാത്രകളിലെ പ്രധാന സുഹൃത്തായി. വെട്ടില്‍ സുരേഷിന് പലപ്പോഴും ഒളിസങ്കേതങ്ങള്‍ ഒരുക്കികൊടുത്തതും മണിയാണ്.

ഇതിനിടെ മണിയുടെ താരമൂല്യം ക്ഷേത്രത്തിന്റെ ഉയര്‍ച്ചയ്ക്കും നന്നായി വിനിയോഗിച്ചു. കലാഭവന്‍ മണിയെ കൊണ്ട് പാട്ടു പാടിച്ച് ഓഡിയോ കാസറ്റിറിക്കി. ഇതോടെയാണ് മണിയും വെട്ടില്‍ സുരേഷുമായുള്ള ബന്ധം പുറം ലോകത്ത് എത്തിയത്. പ്രമുഖ പത്രം തന്നെ വാര്‍ത്തയും നല്‍കി. ഇതോടെ വാര്‍ത്തയെഴുതിയ ലേഖകനെ ലക്ഷ്യമിട്ടായി നീക്കം. കൊന്നുകളയുമെന്ന് വെട്ടില്‍ സുരേഷ് ഭീഷണിപ്പെടുത്തി. സുരേഷിന്റെ അച്ഛന്‍ പത്രമോഫീസിലെത്തി തന്നെ ഭീഷണി മുഴക്കി. വെട്ടില്‍ സുരേഷുമായുള്ള ബന്ധം തുറന്നുപറഞ്ഞ് കലാഭവന്‍ മണിയും മാധ്യമ പ്രവര്‍ത്തകനെ വിളിച്ചു. കൊടും ക്രിമിനലുമായി മണി സഹകരിച്ചത് ശരിയായില്ല എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ വാദം. എന്നാല്‍ സുരേഷ് എന്റെ സുഹൃത്താണ് എന്നായിരുന്നു എല്ലാത്തിനും മണിയുടെ ഉത്തരം. മണിയുടെ മരണത്തോടെ വീണ്ടും ഈ ബന്ധം ചര്‍ച്ചയായി. മണിയുടെ ബിനാമിയാണ് സുരേഷ് എന്നു പോലും വാദങ്ങളെത്തി.

വൈറ്റില-ജനതയിലെ പാരഡൈസ് റോഡില്‍ തേവറാന്‍ വീടിനു മുന്നില്‍ പണിത കാളീക്ഷേത്രത്തിനടുത്തുള്ള ചെറിയ വീട്ടിലായിരുന്നു സുരേഷിന്റെ ആദ്യകാല താമസം. തെങ്ങുകയറ്റ തൊഴിലാളികളായിരുന്നു സുരേഷും സഹോദരങ്ങളും. തൊഴിലാളികള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് ക്വട്ടേഷനുകളുടെ തുടക്കം.

കഴിഞ്ഞ നാല് വര്‍ഷത്തോളമായി സുരേഷ് ആയുധങ്ങള്‍ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സ്ഥലം നികത്തല്‍, വന്‍കിടക്കാരുടെ മധ്യസ്ഥം തുടങ്ങിയ മേഖലയിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുരേഷും സംഘവും. പക്ഷെ സുരേഷിനോട് അടുക്കാന്‍ മറ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു പോലും പേടിയാണ്.

2008 ല്‍ കടവന്ത്രയിലെ ഡിവൈഎഫ്ഐ നേതാവ് വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ സുരേഷിനെ തമിഴ്നാട്ടിലെ ഗുഢല്ലൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസാണ് വെട്ടില്‍ സുരേഷിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. ഈ കേസിലെ പ്രതികളും സുരേഷിന്റെ സഹോദരന്മാരുമായ സുനി, അനി എന്നിവരും തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടിരുന്നുവെങ്കിലും ഇതില്‍ സുനിയെ മരിച്ച നിലയില്‍ ഒരു കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
തെങ്കാശിയില്‍ വച്ച് പൊലീസിനെ വെട്ടിച്ച് ഓടുന്നതിനിടയില്‍ കിണറ്റില്‍ വീണു മരിച്ചതാണെന്നും ആരോ കൊന്ന് കിണറ്റിലിട്ടതാണെന്നുമൊക്കെ ആയിടയ്ക്ക് സംസാരവുമുണ്ടായിരുന്നു. അപ്പോഴും ഈ കേസുകളിലൊന്നിലും സുരേഷിനെ പൊലീസു പോലും നേരിട്ട് ബന്ധപ്പെടുത്തിയില്ല.

പൊലീസിലെ ഉന്നത ബന്ധങ്ങളായിരുന്നു ഇതിന് കാരണം. ഇതിനിടെ ഗുണ്ടകളെ മാനസാന്തരപ്പെടുത്താന്‍ ശ്രമിച്ച പൊതു പ്രവര്‍ത്തകനേയും വെട്ടിവീഴ്ത്തിയെന്ന ആരോപണും ഉണ്ട്. പോരാട്ടം നേതാവായ മാനുവല്‍ വക്കീലിനായിരുന്നു ഈ ദുര്‍ഗതി. കലാഭവന്‍ മണിയുടെ സൗഹൃദക്കരുത്തില്‍ പിന്നേയും സുരേഷ് വളര്‍ന്നു. മണിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് ഇയാളായിരുന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതിലും മണിയെ കൊലപ്പെടുത്താനുള്ള ഒരു സാഹചര്യവും കണ്ടെത്താനായില്ല. മണിയുടെ മരണാനന്തര ചടങ്ങുകളില്‍ മുന്‍നിരയിലുണ്ടായിരുന്നു. നേരത്തേ മണിയും വനപാലകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ അവസരത്തില്‍ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാള്‍ രണ്ടു തവണ പൊലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാന്‍ മണിയുടെ ഇടപെടലുകളുണ്ടായി എന്ന് ആരോപണമുണ്ട്.

മണിയുടെ ആഡംബര കാര്‍ ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്. തൃശൂര്‍ കേന്ദ്രീകരിച്ച് മണി ഇയാള്‍ക്കൊപ്പം ഒത്തുതീര്‍പ്പ് ഇടപാടുകള്‍ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. ഇതു കൊണ്ട് കൂടിയാണ് മണിയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടതും. എന്നാല്‍ പൊലീസ് ഇക്കാര്യങ്ങളൊന്നും വിശദമായി പരിശോധിച്ചതുമില്ല.

Top