കാണാതായ പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവത്തില്‍ ദുരൂഹത

അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുന്നു.

ഷാഹിദാബാദ് ചന്ദ്രമണി ആശുപത്രിയിലാണ് അദ്ദേഹത്തെ അര്‍ധബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. വൈകീട്ടുവരെ പരാതിയില്‍ കൃത്യമായ മറുപടി ലഭിക്കാഞ്ഞതിനാല്‍ വി.എച്ച്.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ സോല പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സമീപത്തെ സര്‍കേജ്ജ്-ഗാന്ധിനഗര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെപേരില്‍ കേസെടുത്തിരുന്നു. ഈ കേസില്‍ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് വി.എച്ച്.പി.യുടെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് ഭരണകൂടത്തിനാണെന്ന് വി.എച്ച്.പി. ഗുജറാത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി രഞ്ചോഡ് ബര്‍വാദ് ആരോപിച്ചു.

രാജസ്ഥാനിലെ ഗംഗാപുര്‍ സ്റ്റേഷനിലെ കേസില്‍ തൊഗാഡിയയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അവിടത്തെ പോലീസ് തിങ്കളാഴ്ച രാവിലെ വന്നതായി അഹമ്മദാബാദിലെ സോല പോലീസ് വ്യക്തമാക്കി. എന്നാല്‍, തൊഗാഡിയയെ കണ്ടെത്താനാകാതെ വെറുംകൈയോടെയാണ് അവര്‍ മടങ്ങിയതെന്നും സോല പോലീസ് പറഞ്ഞു.

ഇക്കാര്യം ഗുജറാത്തിലെ ഭരത്പുര്‍ റേഞ്ച് ഐ.ജി. അലോക് കുമാര്‍ വസിഷ്ഠയും ആവര്‍ത്തിച്ചു. തൊഗാഡിയയെ തന്റെ റേഞ്ചിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുവെന്ന ആരോപണം ശരിയല്ലെന്നും ഐ.ജി. പറഞ്ഞു.

Top