ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപിയുടെ ഭാഗമായിരിക്കില്ലെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി എം. വെങ്കയ്യ നായിഡു. മന്ത്രിസ്ഥാനം രാജി വച്ചതിനു പിന്നാലെ ബിജെപിയില്‍നിന്നു വെങ്കയ്യ നായിഡു രാജിവച്ചു. ഇപ്പോള്‍ താന്‍ ഒരു പാര്‍ട്ടിയിലും ഇല്ലെന്നാണ് ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം വെങ്കയ്യ നായിഡുവും വ്യക്തമാക്കിയത്. രാജ്യസഭാംഗമായി തുടരുമെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിയും ഇന്നലെ നാമ നിര്‍ദേശ പത്രിക നല്‍കി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ് , മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്.ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, എന്‍സിപി നേതാക്കളായ താരിഖ് അന്‍വര്‍, പ്രഫുല്‍ പട്ടേല്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂക്ക് അബ്ദുള്ള, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരും ഗോപാല്‍ കൃഷ്ണ ഗാന്ധിക്കൊപ്പം എത്തിയിരുന്നു. അതിനിടെ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ഇന്നലെ ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് ബിജെഡിയുടെ പിന്തുണ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്ധ്വാനി എന്നിവര്‍ക്കൊപ്പമെത്തിയാണ് വെങ്കയ്യ നായിഡു നാമനിര്‍ദേശപത്രിക സമര്‍പ്പിചച്ചത്.ഇവരെക്കൂടാതെ എന്‍ഡിഎ ഘടകക്ഷികളും എന്‍ഡിഎ ഇതര പാര്‍ട്ടികളായി ടിആര്‍എസ്, എഐഎഡിഎംകെ എന്നിവരുടെ നേതാക്കളും വെങ്കയ്യനായിഡുവിനെ അനുഗമിച്ചു. ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.ഉപരാഷ്ട്രപതിയാവാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എന്‍ഡിഎ തന്നെ ഉപരാഷ്ട്പതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത് തനിക്കുള്ള ബഹുമതിയായി കാണുന്നുവെന്നും പരമോന്നതമായ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അതൊരു അംഗീകാരമാണെന്നും അദ്ദേഹം പ്രതികരിച്ചു.2019-ല്‍ മോദി അധികാരത്തില്‍ തിരിച്ചെത്തണമെന്നായിരുന്നു തന്റെ ആഗ്രഹം. ആ ലക്ഷ്യം പൂര്‍ത്തിയാക്കി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിച്ചിരുന്നത് മാധ്യമങ്ങളോടായി വെങ്കയ്യ നായിഡു പറഞ്ഞു.സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, എം. ഹിദായത്തുള്ള, ആര്‍. വെങ്കട്ടരാമന്‍, ശങ്കര്‍ ദയാല്‍ ശര്‍മ എന്നീ വിശിഷ്ട വ്യക്തികള്‍ അലങ്കരിച്ച പദമാണ് ഉപരാഷ്ട്രപതി സ്ഥാനം. ഈ പദവിയുമായി ബന്ധപ്പെട്ടുള്ള ഉയര്‍ന്ന ഉത്തരവാദിത്തത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്‍റെ മുന്‍ഗാമികള്‍ ഉയര്‍ത്തിപ്പിടിച്ച നിലവാരവും പരന്പരാഗത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
ശക്തനായ ഒരു നേതാവിനെയാണ് രാജ്യത്തിന് ലഭിച്ചത്. അദേഹത്തിലൂടെ ഈ രാജ്യത്തെ നമ്മുക്ക് മുന്നോട്ട് നയിക്കാന്‍ സാധിക്കണം. അതായിരുന്നു ഞാനാഗ്രഹിച്ചത്…. ചിലര്‍ പറയുന്നത് പോലെ മന്ത്രിയായി തുടരാനായിരുന്നു എനിക്ക് ആഗ്രഹം എന്ന വാര്‍ത്ത തെറ്റാണ്.ഇപ്പോള്‍ ഞാന്റെ എന്റെ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തുന്നത് കാണണമെന്നും അതിന് ശേഷം രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി സാമൂഹികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം. ഇക്കാര്യം എന്റെ സഹമന്ത്രിമാരോടും ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നാണ് തീരുമാനിച്ചത്…പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമൊപ്പമുള്ള ജീവിതം താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നും ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ട തനിക്ക് പാര്‍ട്ടിയായിരുന്നു എല്ലാമെന്നും പറഞ്ഞ വെങ്കയ്യ അമ്മയെ പോലെ സ്നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം വേദന നിറഞ്ഞതാണെന്നും കൂട്ടിച്ചേര്‍ത്തു.