
ന്യൂഡല്‍ഹി: ഇന്ത്യാ രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. നായിഡുവിന് 516 വോട്ടുകളാണ് ലഭിച്ചത്. 395 വോട്ടുകളാണ് ജയിക്കാനായി വേണ്ടത്. വെങ്കയ്യക്കെതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളാണ് ലഭിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു. അതിനാല്‍ അനായാസം വിജയം നേരത്തെ തന്നെ എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കര്‍ഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള വെങ്കയ്യനായിഡു.
രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. അഞ്ചുമണിക്ക് വോട്ടെടുപ്പ് അവസാനിച്ചു. തുടര്‍ന്ന് വോട്ടെണ്ണല്‍ നടന്നു. ഏഴുമണിയോടെ വിജയിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന രാം നാഥ് കോവിന്ദ് വിജയിച്ചിരുന്നു.
വിജയത്തോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ സുപ്രധാന പദവികളില്‍ സംഘപരിവാര്‍ നേതാക്കളെത്തി എന്ന പ്രത്യേകതയുമുണ്ട്. എ. ബി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് ഈ നേട്ടം ലഭിച്ചിരുന്നില്ല.
പാര്‍ലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര്‍ ലോക്സഭാ അംഗങ്ങളുമാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.