ന്യൂഡൽഹി :പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തൻ ഉപരാഷ്ട്രതി സ്ഥാനത്തേക്ക്
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ നായിഡു മോദി സര്‍ക്കാറില്‍ നഗരവികസന പാര്‍പ്പിട നഗര ദാരിദ്രനിര്‍മാര്‍ജ്ജന പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാണ്. അടല്‍ ബിഹാരി വായ്പേയ് സര്‍ക്കാറില്‍ ഗ്രാമവികസനവകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും 2002 മുതല്‍ 2004 വരെ പാര്‍ട്ടി പ്രസിഡന്റായി പ്രവര്‍ത്തിച്ച സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
രാഷ്ട്രപതി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജൂലൈ 17നാണ് ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി വെങ്കയ്യ നായിഡുവിനെ നിശ്ചയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വെങ്കയ്യയ്ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അനായാസമായി ജയിക്കാം എന്നാണ് കരുതപ്പെടുന്നത്.
തെക്കേ ഇന്ത്യയില്‍ നിന്നുള്ള പാര്‍ട്ടിയുടെ മുഖം, രാജ്യസഭ നിയന്ത്രിക്കാന്‍ പോന്ന പരിചയ സമ്ബത്തിന് ഉടമ തുടങ്ങിയ കാര്യങ്ങളാണ് വെങ്കയ്യയ്ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുണയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ഡി എയ്ക്ക് പുറമേ അണ്ണാ ഡി എം കെ, ടി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വെങ്കയ്യയെ പിന്തുണക്കും
വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ചാവട്ടപാളത്ത് 1949 ജൂലൈ ഒന്നിനാണ് വെങ്കയ്യ നായിഡു ജനിക്കുന്നത്. കര്‍ഷകരുടെയും അധസ്ഥിതരുടെയും ഉന്നമന്നത്തിനുവേണ്ടിയുള്ള നായിഡുവിന്റെ പ്രവര്‍ത്തനം 1978ല്‍ അദ്ദേഹത്തെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള നിയമസഭാ സാമാജികനാക്കി.
ജയപ്രകാശ് നാരായണന്റെ ക്ഷാത്ര സംഘര്‍ഷ സമിതിയുടെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 1977 മുതല്‍ 1980 വരെ ജനതാപാര്‍ട്ടി യുവജന വിഭാഗത്തിന്റെ ആന്ധ്രാപ്രദേശ് ഘടകം പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ഭാരതീയ യുവമോര്‍ച്ച രൂപവല്‍ക്കരിക്കപ്പെട്ട 1980 മുതല്‍ മൂന്നു വര്‍ഷം ദേശീയ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. ബി.ജെ.പിയുടെ എം.എല്‍.എയും നിയമസഭാകക്ഷി നേതാവുമായി പ്രവര്‍ത്തിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി 1988ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാജ്യസഭയിലേക്ക് 1998ല്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഗ്രാമവികസന മന്ത്രിസ്ഥാനം രാജിവച്ചശേഷമാണ് 2002ല്‍ ബി.ജെ.പി ദേശീയ പ്രസിഡന്റായത്. ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞ നായിഡു പിന്നീട് 2004ല്‍ ദേശീയ പ്രസിഡന്റായി തിരികെയെത്തി. അതേവര്‍ഷം തന്നെ ഒക്ടോബറില്‍ സ്ഥാനമൊഴിയുകയും ചെയ്തു.
അനേകവര്‍ഷത്തെ രാജ്യസഭയിലെ പ്രവര്‍ത്തന മികവാണ് വെങ്കയ്യനായിഡുവിന് ഉപരാഷ്ട്രപതി സ്ഥാനത്തിന് മുതല്‍കൂട്ടായത്. രാജസ്ഥാനില്‍നിന്ന് നാലാം വട്ടവും രാജ്യസഭയിലെത്തിയ നായിഡു പ്രതിപക്ഷത്തിന് മേല്‍ക്കോയ്മയുള്ള സഭയില്‍ ഭരണപക്ഷത്തിന്റെ നിലപാടുകളെ ശക്തമാക്കി നിര്‍ത്താന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം പ്രതിരോധിച്ചിട്ടുമുണ്ട് ഇദ്ദേഹം. 1998 ഏപ്രിലിലാണ് നായിഡു ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2004, 2010, 2016 വര്‍ഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗവും ചിലവയില്‍ അദ്ധ്യക്ഷനുമാണ്.
കേന്ദ്രമന്ത്രിസഭയില്‍ അഞ്ചാമനാണ് അറുപത്തി ഏഴുകാരനായ വെങ്കയ്യനായിഡു. നെല്ലൂരിലെ വീ.ആര്‍ കോളേജ്, വിശാഖപട്ടണം ലോ കോളേജ് എന്നിവടങ്ങളില്‍ നിന്ന് ബി.എ, ബി.എല്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. എം. ഉഷയാണ് വെങ്കയ്യ നായിഡുവിന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.