ഞാന്‍ പാലക്കാടുണ്ട് കേട്ടോ; വരവ് അറിയിച്ച് വിദ്യാ ബാലന്‍; ജന്മനാട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞദിവസം പാലക്കാട്ടുനിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിദ്യ മോഡലായെത്തിയ അക്ഷയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വഴിയില്‍ കണ്ട പരസ്യ ബോര്‍ഡിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തു. അതിനൊപ്പം താന്‍ പാലക്കാടുണ്ടെന്നും അറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവാസിയായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം വെള്ളിത്തിരയിലേക്കു പകര്‍ത്തുകയാണ് ടിനി ടോം. ബോളിവുഡ് താരം ശ്രീദേവിയുടെ മരണ രംഗം ചിത്രീകരിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നതെന്നും വിദ്യയായിരിക്കും ശ്രീദേവിയായി എത്തുന്നതെന്നുമാണ് വിവരം. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇതേക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ശ്രീദേവിയുടെ മരണ സമയത്ത്, മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഭൗതിക ശരീരത്തിനരികില്‍ എത്തിയ വിദ്യ വികാരാധീനയായതും വാര്‍ത്തയായിരുന്നു. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശ്രീദേവി എന്ന് വിദ്യ മുമ്പ് പറഞ്ഞിട്ടുണ്ട്. ‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പൂര്‍ണതയുള്ള ഒരു നടിയാണ് ശ്രീദേവി. ഏതു തരം കഥാപാത്രവുമാകട്ടെ, അത് അവര്‍ മനോഹരമായി കൈകാര്യം ചെയ്യും. ഏറ്റവും റിഡിക്കുലസ് എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലും ശ്രീദേവി കണ്‍വിന്‍സിങ് ആയിരിക്കും. ഞാന്‍ അവരെ സ്‌നേഹിക്കുന്നു.’, തുംഹാരി സുലു പ്രൊമോട്ട് ചെയ്യുന്നതിനിടയിലെ ഒരു അഭിമുഖത്തില്‍ വിദ്യ പറഞ്ഞതിങ്ങനെ. ശ്രീദേവി അഭിനയിച്ച ഹവായ് ഹവായ് എന്ന ഗാനം തുംഹാരി സുലുവില്‍ പുനരാവിഷ്‌കരിച്ചിരുന്നു. ഇതിന് ചുവടുവച്ചത് വിദ്യയായിരുന്നു.

Top