
കൊച്ചി:നീണ്ട യുദ്ധങ്ങളുടെയും , രക്ത ചൊരിച്ചിലുകളിലൂടെയും അമേരിക്കയെ വിറപ്പിച്ച വിയറ്റ്നാം, ഇന്ന് സഞ്ചാരികളുടെ പറുദീസ ആയിരിക്കയാണ് .വിയറ്റ്‌നാം പോലെയൊരു രാജ്യത്തെ ആഭ്യന്തര യുദ്ധം വരുത്തി വച്ച നഷ്ടങ്ങൾ ഒട്ടും ചെറുതായിരുന്നില്ല. അതിന്റെ ഒടുവിലാണ് ഇപ്പോൾ വിയറ്റ്‌നാം ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുന്നതും. പ്രകൃതി ഭംഗി കൊണ്ട് മനോഹരമാണ് ഇവിടം. അതുതന്നെയാണ് ഇങ്ങോട്ടേയ്ക്കായി വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതും. മനോഹരമായ മലകളും പച്ചപ്പും കടലും ഗ്രാമങ്ങളും വിയറ്റ്നാമിലെ ആകർഷണീയതയിലുണ്ട്.ഉത്തര വിയറ്റ്നാം, ദക്ഷിണ വിയറ്റ്നാം എന്നിവർ ആഭ്യന്തരമായി തമ്മിൽ നടന്ന യുദ്ധമാണ് ഒരുകാലത്തെ വിയറ്റ്നാമിലെ അടയാളപ്പെടുത്തിയിരുന്നത്. ഒരു ഭാഗത്തു കമ്മ്യൂണിസവും മറുഭാഗത്തു അമേരിക്കയുടെ ഫ്യുഡൽ സ്വഭാവവും തമ്മിലുണ്ടായ കലഹങ്ങൾക്കൊടുവിൽ കമ്യൂണിസ്റ്റ് വിയറ്റ്‌നാം പിടിച്ചെടുക്കുകയും ഒടുവിൽ രാജ്യം ഏകീകരിക്കപ്പെടുകയും ചെയ്തു. വർഷങ്ങൾക്കു മുൻപ് അത്രയും ആളുകളുടെ രക്തമൊഴുകിയ രാജ്യമാണിതെന്നു ഇപ്പോൾ വിയറ്റ്നാം കണ്ടാൽ പറയില്ല. പഴയ ഓർമ്മകളെ ഒക്കെ രാജ്യം തുടച്ചു നീക്കിയിരുന്നു.
ഹാനോയി
വിയറ്റ്നാമിലെ തലസ്ഥാന നഗരമാണ് ഹാനോയി. തെക്കു കിഴക്കൻ ഏഷ്യയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഹാനോയി വാസ്തു ശിൽപ്പ കലയ്ക്ക് പ്രശസ്തമാണിന്നും. ഇവിടുത്തെ ഇടുങ്ങിയ തെരുവുകൾ കച്ചവടത്തെ നന്നായി തന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെയും ഫ്രാൻസിന്റെയും സ്വാധീനം ഹാനോയിൽ നന്നായി കാണാനാകും. നിരവധി ക്ഷേത്രങ്ങളുടെ കൂടി നഗരമാണ് ഹാനോയ്. പഴമയുടെ ഭംഗിയെ പേറുന്ന യുദ്ധ ശേഷമുള്ള പുതിയ മുഖമാണ് ഹാനോയിക്ക്. അത് തീർച്ചയായും സഞ്ചാരികൾക്ക് പുതുമ പകരുന്ന കാഴ്ചയുമാണ് .
ഹോയ് ആൻ
ഒരു പഴയ നഗരമാണ് ഹോയ് ആൻ. കനാലുകളാൽ കീറി മുറിക്കപ്പെട്ട, പഴയ വിയറ്റ്നാമിലെ ഭംഗി ചോരാത്ത ഹോയ് ആൻ എപ്പോഴും പഴയകാല കാര്യങ്ങൾ രാജ്യത്തെ ഓർമ്മിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ ഭംഗിയും ശില്പകലാ വൈദഗ്ധ്യവും ഒന്നിച്ചു ആസ്വദിക്കാൻ കഴിയുന്ന ഇടവുമാണിത്. തടി കൊണ്ടുള്ള ചൈനീസ് ഷോപ്പുകളും നിറങ്ങളാൽ നിറഞ്ഞ ഫ്രഞ്ച് കോളനികളും ഈ നഗരത്തിലുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വാഹനങ്ങളുടെ പുകയും കറിയും അത്രയ്ക്കൊന്നും ബാധിക്കാതെ എപ്പോഴും ഈ നഗരം വിശുദ്ധിയോടെ നിലകൊള്ളുന്നു, അതുകൊണ്ടു തന്നെ പ്രശാന്തത ഇഷ്ടപ്പെടുന്നവർ ഹോയ് ആൻ കാണാതെ പോകില്ല.
സ പ (Sa Pa)
ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന വിയറ്റ്നാമിലെ ഇടമാണിത്. വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും താഴ്്വരകളും നിറഞ്ഞ പ്രദേശം ഒന്നോർത്തു നോക്കൂ, എത്ര മനോഹരമായ ഇടമായിരിക്കും. മാത്രമല്ല വിയറ്റ്നാമിലെ ഒന്നാന്തരം വിപണി സാധ്യതയുള്ള പ്രദേശവുമായി സപ .വിയറ്റ്നാമിലെ ഏറ്റവും പൊക്കമുള്ള മല നിലകളുള്ള പ്രദേശമാണിത് . അരിയും ചോളവുമാണ് സ പയിലെ പ്രധാന വിളകൾ. ഏറ്റവും മികച്ച പത്തു ഏഷ്യൻ പാദങ്ങളിൽ ഒൻപതാം സ്ഥാനമാണ് ഇവിടുത്തെ അരിപ്പാടങ്ങൾക്കുള്ളത്.
ഹോമിച്ചിൻ സ്മാരകം
യുദ്ധത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തുന്ന ഹോമിച്ചിൻ യുദ്ധ സ്മാരകം തന്നെയാണ് വിയറ്റ്നാമിലെത്തിയാൽ ആദ്യം കാണേണ്ട കാഴ്ചകളിലൊന്ന്. കാരണം യുദ്ധത്തിന് ശേഷം തന്നെയാണ് വിയറ്റ്‌നാം ഇന്ന് കാണുന്ന അവസ്ഥകളിലേക്ക് എത്തിച്ചേർന്നത്. അതിന്റെ ഓർമ്മകൾ നിലനിർത്താനെന്നവണ്ണം ആയിരങ്ങളാണ് എന്നും ഈ സ്മാരകത്തിന് മുന്നിൽ കണ്ണീരും പൂക്കളും അർപ്പിക്കുന്നത്. തകർന്നു തരിപ്പണമായ ഒരു നാടിനെ ഉയർച്ചയിലേക്ക് കൈപിടിച്ചെഴുന്നേൽപ്പിക്കുന്നതു പോലെയാണ് പുരോഗമനവാദിയായ ഹോമിച്ചിനിന്റെ പ്രതിമ കാണപ്പെടുന്നത്.
ഹാലോങ് ബേ
മഴക്കാടുകളാൽ മൂടപ്പെട്ട വിയറ്റ്നാമിലെ പ്രദേശം. മരതകം പോലെ തിളങ്ങുന്ന കല്ലുകളും നാരങ്ങാ കല്ലുകൾ നിറഞ്ഞ ദ്വീപുകളുമാണിത്. ഏതാണ്ട് ആയിരത്തി അറുന്നൂറോളം ദ്വീപുകൾ ഹാലോങ് ബേയിൽ ഉണ്ട്. സ്‌കൂബാ ഡൈവിങ്ങിനും മലക്കയറ്റത്തിനും ചാട്ടത്തിനുമൊക്കെ ഈ പ്രദേശം പ്രശസ്തമാണ്. ഇവിടുത്തെ കാഠ്‌ബ നാഷണൽ പാർക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത കാഴ്ചയാണ് .ചിതറി കിടക്കുന്ന ഈ ദ്വീപുകൾ പ്രകൃതി ഭംഗിയുടെ മകുട ഉദാഹരണങ്ങളായി വിയറ്റ്‌നാമിൽ സഞ്ചരികളെ കാത്തിരിക്കുന്നു.