ഭൂമിയിൽ മറ്റൊരു മന്ത്രി കൂടി വിജിലൻസിൽ കുടുങ്ങി; സംസ്ഥാന സർക്കാരിന്റെ അവസാന തീരുമാനം അടൂർ പ്രകാശിനെ കുടുക്കി

സ്വന്തം ലേഖകൻ

കൊച്ചി : വിവാദ സന്യാസി സന്തോഷ് മാധവൻ ഉൾപ്പെട്ട ഭൂമി ദാനക്കേസിൽ മന്ത്രി അടൂർ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. റവന്യൂ സെക്രട്ടറി അടക്കം അഞ്ചുപേർക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് വിധി. സന്തോഷ് മാധവനെതിരെയും ത്വരിത പരിശോധനയ്ക്ക് ഉത്തരവുണ്ട്.
കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിയെ കേസിൽ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരൻറെ ആവശ്യം കോടതി തള്ളി. 15 ദിവസത്തിനുള്ളിൽ ത്വരിത പരിശോധന പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സന്തോഷ് മാധവനിൽനിന്നു പിടിച്ചെടുത്ത 118 ഏക്കർ ഭൂമി ഇയാളുടെ തന്നെ കമ്പനിക്കു തിരിച്ചു നൽകാനുള്ള വിവാദ ഉത്തരവ് വിവാദമായതിനെ തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു. കൃഷി പ്രോപ്പർട്ടി ഡെവലപ്‌മെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വടക്കൻ പറവൂരിലെയും മാളയിലെയും 118 ഏക്കർ ഭൂമി നൽകാനായിരുന്നു റവന്യൂ വകുപ്പിൻറെ ഉത്തരവ്. 90% നെൽപ്പാടങ്ങൾ ഉൾപ്പെട്ട മിച്ചഭൂമി പതിച്ചുനൽകാനുള്ള തീരുമാനത്തിനെതിരേ കെപിസിസി പ്രസിഡൻറ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു.
സന്തോഷ് മാധവൻ ഉൾപ്പെട്ട ഇടപാടിൽ, പിടിച്ചെടുത്തു സർക്കാരിൽ നിക്ഷിപ്തമാക്കിയ ഭൂമിയാണ് സ്വകാര്യ കമ്പനിക്കു നികത്താൻ അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഐടി വ്യവസായത്തിനെന്ന വ്യാജേനയാണ് ഭൂമി പതിച്ചു നൽകിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു തവണയും ഈ സർക്കാർ രണ്ടു തവണയും അനുമതി നിഷേധിച്ച പദ്ധതിയാണിത്. 2009ലാണ് സംസ്ഥാന സർക്കാർ മിച്ചഭൂമിയായി ഇതു ഏറ്റെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top