
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്.ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റക്കാണ് വിജിലന്‍സിെന്‍റ അധിക ചുമതല നല്‍കിയിരിക്കുന്നത്.
നേരത്തെ വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ഈ വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നുമായിരുന്നു കോടതി ചോദിച്ചത്.
വിജിലന്‍സ് അന്വേഷണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. വിജിലന്‍സ് തലപ്പത്തുനിന്നും ജേക്കബ് തോമസ് പൂര്‍ണമായും പുറത്തേക്കുപോകുന്നതിന്‍റെ ആദ്യപടിയാണിത്. ജനപ്രിയനായ ഉദ്യോഗസ്ഥനെ പൊടുന്നതിനെ സ്ഥാനത്തുനിന്നും നീക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭയത്താലാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അവധിയില്‍പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ജേക്കബ് തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.