അനധികൃത നിയമനങ്ങൾ ചങ്കിടിച്ച്‌ യുഡിഎഫ്‌. തെളിവുകൾ വിജിലൻസിന്‌ ലഭിച്ചുതുടങ്ങി

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുള്ള അനധികൃത നിയമനങ്ങൾ അന്വേഷിക്കാൻ വിജിലൻസ്‌ തീരുമാനിച്ചതോടെ യുഡിഎഫ്‌ വെട്ടിലായി. നേരത്തെ ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ യുഡിഎഫ്‌ നേതാക്കൾ നിരാകരിച്ചിരുന്നു. എന്നാൽ ആശ്രിത നിയമന പരമ്പരകൾ വ്യക്തമാക്കുന്ന തെളിവുകൾ വിജിലൻസിന്‌ ലഭിച്ചുതുടങ്ങി. ഇതോടെ യുഡിഎഫ്‌ നേതാക്കൾ അങ്കലാപ്പിലായി.
മുൻമന്ത്രി അനൂപ്‌ ജേക്കബ്ബിന്റെ ഭാര്യ അനില മേരി ഗീവർഗീസ്‌ കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസിസ്റ്റന്റ്‌ ഡയറക്ടറായി ജോലി നേടിയത്‌ നിയമങ്ങൾ ലംഘിച്ചെന്ന്‌ സൂചന ലഭിച്ചു. തസ്തികയ്ക്ക്‌ ആവശ്യമായ യോഗ്യതകൾ അനിലയ്ക്ക്‌ ഉണ്ടായിരുന്നില്ല. നിയമനം സംബന്ധിച്ച കേസ്‌ നിലവിൽ ലോകായുക്തയിലും വിജിലൻസ്‌ കോടതിയിലും തുടരുകയാണ്‌. എന്നാൽ ഭാര്യയുടെ നിയമനം സംബന്ധിച്ച്‌ കേസ്‌ ലോകായുക്ത തള്ളിയതാണെന്നും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പറഞ്ഞ്‌ കഴിഞ്ഞ ദിവസം അനൂപ്‌ ജേക്കബ്‌ രംഗത്തെത്തിയിരുന്നു.
അസിസ്റ്റന്റ്‌ ഡയറക്ടർ തസ്തികയ്ക്ക്‌ ബിരുദാനന്തരബിരുദവും മലയാളഭാഷയിൽ പരിജ്ഞാനവും ഗവേഷണപരിചയവും പ്രസിദ്ധീകൃത രചനകളും എഡിറ്റിങ്ങിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്‌. എന്നാൽ ഈ തസ്തികയ്ക്ക്‌ അപേക്ഷിക്കുമ്പോൾ അനിലയ്ക്ക്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ പിജി ബിരുദം മാത്രമാണ്‌ യോഗ്യതയായുണ്ടായിരുന്നത്‌. എഡിറ്റിങ്ങിൽ പ്രവൃത്തിപരിചയമായി കാണിച്ചത്‌ മെലിൻഡ ബുക്സിൽ മൂന്ന്‌ വർഷം ജോലി ചെയ്തെന്ന വ്യാജ സർട്ടിഫിക്കറ്റാണ്‌. നിയമവിരുദ്ധ നിയമനത്തിനെതിരായ ലോകായുക്ത കേസ്‌ നവംബർ 25ന്‌ പരിഗണിക്കും. അനിലയുടേതുപോലുള്ള നിരവധി അനധികൃത നിയമനങ്ങളാണ്‌ യുഡിഎഫ്‌ കാലത്ത്‌ നടന്നിട്ടുള്ളത്‌.
മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്റെ അമ്മായിയുടെ മകൻ കുഞ്ഞ്‌ ഇല്ലംപള്ളിയെ കോ-ഓപ്പറേറ്റീവ്‌ സർവീസ്‌ എക്സാമിനേഷൻ ബോർഡ്‌ ചെയർമാനാക്കിയാണ്‌ നിയമിച്ചത്‌. ഉന്നത ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും ഉള്ള തസ്തികയാണിത്‌.

ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തല തന്റെ സഹോദരനായ കെ വേണുഗോപാലിനെ കേരള ഫീഡ്സ്‌ എം ഡി ആയി നിയമിച്ചിരുന്നു. എന്നാൽ തന്റെ ബന്ധുക്കളാരും കേരള ഫീഡ്സിൽ ഇല്ലെന്നാണ്‌ രമേശ്‌ ചെന്നിത്തല ഇപ്പോൾ വാദിക്കുന്നത്‌. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്‌ എംഡിയായി യുഡിഎഫ്‌ നിയമിച്ച എസ്‌ അനിൽകുമാർ ഒരു പ്രമുഖ നേതാവിന്റെ അടുത്ത ബന്ധുവാണ്‌. കെഎസ്‌ഇബിയിൽ എക്സിക്യൂട്ടീവ്‌ എഞ്ചിനിയർ മാത്രമായ ഇയാളുടെ നിയമനം വഴിവിട്ടായിരുന്നു.
അന്തരിച്ച ജി കാർത്തികേയൻ സ്പീക്കറായിരുന്ന കാലത്താണ്‌ ഭാര്യ ഡോ. എം ടി സുലേഖയെ സർവ വിജ്ഞാനകോശത്തിന്റെ ഡയറക്ടറാക്കി നിയമിച്ചത്‌. കാർത്തികേയന്റെ മരണശേഷം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇക്കാര്യം വിവാദ വിഷയമായപ്പോൾ സുലേഖ സ്ഥാനം രാജിവച്ചതായി അന്നത്തെ മന്ത്രി കെ സി ജോസഫ്‌ വാർത്താക്കുറിപ്പിറക്കി. എന്നാൽ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ അവർ വീണ്ടും അതേ സ്ഥാനത്ത്‌ തുടർന്നു. മന്ത്രി വി എസ്‌ ശിവകുമാറിന്റെ സഹോദരൻ വി എസ്‌ ജയകുമാറിനെ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസറായിട്ടാണ്‌ നിയമിച്ചത്‌.കൊടിയ അഴിമതിയുടെ പേരിൽ ഇയാൾക്കെതിരെ വിജിലൻസ്‌ കേസ്‌ നിലനിൽക്കുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ എം മാണിയുടെ മരുമകൻ എം പി ജോസഫിനെ മന്ത്രി ഷിബു ബേബി ജോണിന്റെ ചീഫ്‌ സെക്രട്ടറിയുടെ പദവിയിൽ തൊഴിൽമന്ത്രിയുടെ ഉപദേശകനായിട്ടാണ്‌ മാണി നിയമിച്ചത്‌. ഒരുലക്ഷത്തിലേറെ രൂപ ശമ്പളവും വാഹനവുമുള്ള പദവിയിലായിരുന്നു നിയമനം. 2004ൽ എം പി ജോസഫിനെ സിവിൽ സർവീസിൽനിന്നു പുറത്താക്കിയിരുന്നു. സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ, സിവിൽ സർവീസ്‌ ചട്ടം ലംഘിച്ച്‌ വിദേശജോലി സ്വീകരിച്ചതിനെതിരേയായിരുന്നു അന്വേഷണം.

മുൻമന്ത്രിയും, എംഎൽഎയുമായ മോൻസ്‌ ജോസഫിന്റെ സഹോദരൻ റെജി ജോസഫിനെ ഹൈക്കോടതി ഗവ.പ്ലീഡറാക്കി നിയമിച്ചു.
മുസ്ലിംലീഗ്‌ മുൻ എംഎൽഎ വി എം ഉമ്മറിന്റെ മരുമകൻ പി അബ്ദുൾ ജലീലിനെ ഓപ്പൺ സ്കൂളിന്റെ പുതിയ രൂപമായ സ്കോൾ കേരളയുടെ ഡയറക്ടറാക്കി. വനിത ലീഗ്‌ നേതാവിന്റെ മകൻ കെ പി നൗഫലിനെ ഐടി അറ്റ്‌ സ്കൂൾ എക്സിക്യൂട്ടീവ്‌ ഡയറക്ടറാക്കി. ഇങ്ങനെ നൂറുകണക്കിന്‌ അനധികൃതനിയമനങ്ങളാണ്‌ യുഡിഎഫ്‌ നടത്തിയിട്ടുള്ളത്‌. വരുംദിവസങ്ങളിൽ സത്യം പുറത്തായി പിടിക്കപ്പെടുമെന്നുള്ള ഭീതിയിലാണ്‌ നേതാക്കൾ.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/

Top