കണ്ണൂര്‍: ഇ.പി. ജയരാജന്‍െറ ഭാര്യാ സഹോദരിയായ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ച വിവാദത്തില്‍ പാര്‍ട്ടി സമിതിയുടെ തന്നെ ആക്ഷേപം. അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച വാരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ ഇ.പി. ജയരാജനെ വിളിച്ചു വരുത്തി കടുത്ത ഭാഷയില്‍ താക്കീത് ചെയ്തു. പ്രതിപക്ഷത്തിന് മുന്നില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന ബുദ്ധിപരമല്ലാത്ത നടപടിയായിപ്പോയെന്നാണ് പിണറായിയുടെ വീക്ഷണം. നിയമനം റദ്ദാക്കിയപ്പോഴും ന്യായീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ജയരാജന്‍ പോസ്റ്റ് ചെയ്തതാണ് പിണറായിയെ കൂടുതല്‍ ചൊടിപ്പിച്ചത്. എന്ത് വിവാദമുയര്‍ന്നാലും പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും മുമ്പ് പ്രതികരണം വേണ്ടെന്നും പിണറായി വിലക്കി.അതേസമയം സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ വകുപ്പില്‍ നടത്തിയ വഴിവിട്ട നിയമനങ്ങള്‍ പാര്‍ട്ടി അതീവഗൗരവമായി പരിശോധിക്കും. സര്‍ക്കാര്‍ തിരുത്തല്‍ നടപടിയുമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ഇക്കാര്യത്തില്‍ കര്‍ശനമായി തന്നെ നീങ്ങാനുള്ള തീരുമാനത്തിലെത്തി.ജയരാജനെ വിളിച്ചുവരുത്തി പിണറായി നേരിട്ട് അതൃപ്തി അറിയിച്ചു. കണ്ണൂരില്‍ വെള്ളിയാഴ്ച രാവിലെ നടന്ന വിവിധ പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തശേഷം ഉച്ചക്ക് ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ. ശ്രീമതി എം.പി എന്നിവരോടൊപ്പം പിണറായി ഗെസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു.
പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നു ദുബായിലുള്ള കോടിയേരി സ്ഥിരീകരിച്ചു. ജയരാജന്റെ ചെയ്തിക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നതിനിടെ, അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി. അന്വേഷണ തീരുമാനം ഉണ്ടായാല്‍ ജയരാജനും സര്‍ക്കാരും വന്‍പ്രതിരോധത്തിലാകും. നിയമനടപടി ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ സമീപിച്ചു.
ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും എല്ലാത്തിനും ഒരുമിച്ചു മറുപടി നല്‍കാമെന്നും ആയിരുന്നു ജയരാജന്റെ കോഴിക്കോട്ടെ പ്രതികരണം. നിയമനങ്ങള്‍ തികച്ചും സുതാര്യവും യോഗ്യതകളുടെ അടിസ്ഥാനത്തിലുമാകണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് ചേരുന്നതു നീണ്ടാല്‍ സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിക്കാനുളള ഒരുക്കത്തിലാണു സിപിഐ.
പാര്‍ട്ടിയുടെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ പി.കെ.ശ്രീമതിയുടെ മകനായ പി.കെ.സുധീര്‍ നമ്പ്യാറിനു ജയരാജന്‍ ഒരു നിയമനം നല്‍കുന്നതു പാര്‍ട്ടിയും താനും അറിയാതെയോ എന്ന ചോദ്യമാണു മുഖ്യമന്ത്രി ഉന്നയിച്ചതത്രെ. സര്‍ക്കാരിനെ പാടെ പ്രതിരോധത്തിലാക്കുന്ന നീക്കം ഈ രണ്ടു മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്നു കൂട്ടായി ഉണ്ടായതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. കോടിയേരിയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹവും കൈമലര്‍ത്തുകയായിരുന്നു.
വിവാദമായ എല്ലാ നിയമനങ്ങളും പരിശോധിക്കുമെന്നു കോടിയേരി വ്യക്തമാക്കി. മന്ത്രിയുടെ മക്കള്‍ക്കോ ബന്ധുവിനോ നിയമനം നല്‍കുന്നതും മറ്റു നിയമനങ്ങളും ഒരേ തട്ടില്‍ കാണാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ ഇടതുമുന്നണി നേതാക്കളുമായി ബന്ധപ്പെട്ട ആര്‍ക്കും സര്‍ക്കാരില്‍ നിയമനം ലഭിക്കില്ലല്ലോ? വിവാദമായ നിയമനങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെയും ചെയര്‍മാന്മാരുടെ നിയമനമാണു പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത്. മറ്റുകാര്യങ്ങള്‍ വകുപ്പ് തലത്തില്‍ തീരുമാനിക്കുന്നതാണ്. ആരാണ് ഇത്തരം നിയമനങ്ങള്‍ക്കു മുതിര്‍ന്നത്, ഏതു പശ്ചാത്തലത്തിലാണു സംഭവിച്ചത് എന്നെല്ലാം പാര്‍ട്ടി പരിശോധിക്കും–കോടിയേരി പറഞ്ഞു.
14നു സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തം ലംഘിച്ചും പ്രകടനപത്രികയ്ക്കു വിരുദ്ധമായും തീരുമാനമെടുത്തതിന്റെ ഭവിഷ്യത്താണു ജയരാജന്‍ അഭിമുഖീകരിക്കുന്നതെന്നാണു പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള ജയരാജന്‍, ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാനകമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെല്ലാം പാര്‍ട്ടിയോടു സമാധാനം പറയേണ്ട സാഹചര്യമാണ്. ഇവരുടെ മക്കളോ ബന്ധുക്കളോ ആയ ആരെയും സര്‍ക്കാര്‍ പരിഗണിക്കേണ്ട എന്ന നയം സിപിഎമ്മിനില്ല. എന്നാല്‍, മതിയായ യോഗ്യതയില്ലാത്ത അനധികൃത നിയമനമാണെങ്കില്‍ റദ്ദാക്കപ്പെടണം. അല്ലെങ്കില്‍, സ്വജനപക്ഷപാതവും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ലംഘനവുമാവും. ജയരാജന്റെ നടപടി വിവാദമായതോടെ മറ്റു മന്ത്രിമാരുടെ നിയമനനീക്കങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിരീക്ഷണത്തിലായി.
പേഴ്സനല്‍ സ്റ്റാഫ് മുതലുള്ള എല്ലാ നിയമനങ്ങളിലും മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വ്യവസായ വകുപ്പിന് കൈമാറിയത്. എന്നാല്‍, ശ്രീമതിയുടെ മകന്‍െറ കാര്യത്തില്‍ നിയമപരമായ സാധ്യതപോലും നോക്കാതെയാണ് നിയമന ഉത്തരവ് നല്‍കിയതെന്നാണ് പാര്‍ട്ടി സമിതിയുടെ നിലപാട്. ഇക്കാര്യം ജില്ലാ സെക്രട്ടറി പിണറായിയെ ധരിപ്പിച്ചു. പിന്നീട് പി.കെ. ശ്രീമതിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് ഇ.പി. ജയരാജനെ ഒറ്റക്ക് മുറിയിലിരുത്തി ശാസിച്ചത്.
ജയരാജന്‍െറ തന്നെ സുഹൃദ് വലയത്തിലുള്ള ഒരു സ്ഥാപനത്തിന്‍െറ ചീഫ് എക്സിക്യൂട്ടിവ് പദവിയാണ് നിയമനത്തിന് യോഗ്യതയായി ചൂണ്ടിക്കാട്ടിയത്. അതാവട്ടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‍െറ മാനദണ്ഡം നിശ്ചയിക്കുന്ന ‘റിയാബി’ന്‍െറ ഉപാധിക്ക് വിരുദ്ധമായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിന്‍െറ പട്ടികയും മറ്റും ഉണ്ടാക്കിയപ്പോള്‍ പലയിടത്തും നേതാക്കളുടെ ബന്ധുക്കളെ പരിഗണിച്ചുവെന്ന പരാതി വ്യാപകമായി പാര്‍ട്ടി കീഴ്ഘടകങ്ങളില്‍നിന്ന് വരുകയാണ്. കാസര്‍കോട് ജില്ലയില്‍ നിയമവകുപ്പുമായി ബന്ധപ്പെട്ട് പബ്ളിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചതില്‍ നാലുപേര്‍ നേതാക്കളുടെ ബന്ധുക്കളാണ്. ഇതിനെതിരെ പാര്‍ട്ടി ലോയേഴ്സ് യൂനിയന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്.