തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നെന്ന് പറഞ്ഞ് സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടികളുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയിട്ടും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ എന്തിനാണ് സര്‍വീസില്‍ വച്ചുകൊണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു. ടോം ജോസിനെതിരായ കേസിലാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാല്‍ മാത്രമേ നടപടിയെടുക്കുകയുള്ളോ എന്ന് വിജിലന്‍സിനും കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നു. ടോം ജോസിനെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതും കെ.എം.എം.എല്‍ അഴിമതി അടക്കമുള്ള കേസുകളില്‍ തെളിവുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.
ടോം ജോസിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറിക്ക് പത്ത് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്കെതിരായ കേസ് ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. എന്തിനാണ് ഇങ്ങനെ കേസുകള്‍ വൈകിക്കുന്നത് എന്നും കോടതി ആരാഞ്ഞു. കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടിവരുന്നതുകൊണ്ടാണിതെന്ന് വിജിലന്‍സ് മറുപടി നല്‍കി.
അതിനിടെ, നളിനി നെറ്റോയ്ക്കെതിരായ കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ നളിനി നെറ്റോ വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍ സമാനമായ കേസ് ഹൈക്കോടതിയില്‍ പരിഗണനയിലുള്ളതിനാല്‍ പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.