തിരുവനന്തപുരം: ആശ്രിതനിയമന സംഭവത്തില്‍ വിജിലന്‍സ് അന്വേണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. മന്ത്രി നടത്തിയത് നഗ്‌നമായ അഴിമതിയാണ്. സംഭവത്തില്‍ മന്ത്രിക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് ജയരാജന്‍ നടത്തിയതെന്നും സുധീരന്‍ ആരോപിച്ചു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു.
മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിങ് ഡയറക്ടറായും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ് ആനന്ദനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും മുന്‍ എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജനറല്‍ മാനേജറായും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ റദ്ദാക്കിയിട്ടില്ല. നേരത്തെ വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ഇ പി ജയരാജന്റെയും പ്രമുഖ നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും നിയമിച്ചത് വിവാദമായിരുന്നു