അഴിമതിക്കാരായ നേതാക്കളെ കുടുക്കാൻ പിണറായിയുടെ വിജിലൻസ്; ജില്ലാ തലത്തിൽ സിപിഎം നേതാക്കളെ നിരീക്ഷിക്കാൻ വിജിലൻസ് ടീം

സ്വന്തം ലേഖകൻ

കൊച്ചി: അഴിമതി – ഗുണ്ടാക്കേസുകളിൽ സിപിഎം നേതാക്കൾ പ്രതികളായതോടെ ആരോപണ വിധേയരായ നേതാക്കളെ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ വിജിലൻസിനെ നിയോഗിക്കുന്നു. ജില്ലാ തലത്തിൽ തന്നെ അഴിമതിക്കാരായ പാർട്ടി നേതാക്കളെ കണ്ടെത്തി പട്ടിക തയ്യാറാക്കി നൽകണമെന്ന നിർദേശമാണ് വിജിലൻസ് ഡയറക്ടർക്കു മുഖ്യമന്ത്രി നേരിട്ടു നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പോളിറ്റ്ബ്യൂറോയുടെ അനുമതിയോടെയാണ് പിണറായി വിജയൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു ഇതു സംബന്ധിച്ചുള്ള നിർദേശം നൽകിയിരിക്കുന്നത്. ‘ഓപ്പറേഷൻ ക്ലീൻ കറപ്ഷൻ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലയിലും നടപ്പാക്കുന്നതിനാണ് വിജിലൻസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ സംസ്ഥാന തലത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്നതിനും പദ്ധതിയുണ്ട്.
സിപിഎം നേതാക്കളിൽ പലരും അഴിമതിയ്ക്കും, മറ്റു അനധികൃത ഇടപാടുകൾക്കും സഹായം ചെയ്യുന്നവരായി മാറിയെന്നും, ഗുണ്ടാ കേസുകളിൽ പോലും ഇവർ നേരിട്ട് ഇടപെടുകയും പൊലീസിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണും പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി ചർച്ച നടത്തിയത്. ഇതേ തുടർന്നു പാർട്ടിയിൽ ശുദ്ധികലശം നടത്തുന്നതിനു മുഖ്യമന്ത്രിയ്ക്കു പോളിറ്റ് ബ്യൂറോ അനുവാദം നൽകുകയായിരുന്നു.
സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി മുതൽ മുകളിലേയ്ക്കുള്ള നേതാക്കളാണ് പ്രധാനമായും വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരിക. ഈ നേതാക്കൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ എന്തൊക്കെ, ഇവർ സമ്പാദിച്ച സ്വത്ത് വിവരങ്ങൾ എന്നിവ എല്ലാം വിജിലൻസ് നിരീക്ഷണത്തിലുണ്ടാകും. കഴിഞ്ഞ പത്തു വർഷത്തിനിടെ അനധികൃതമായും, അമിതമായും സ്വത്ത് സമ്പാദിച്ച സിപിഎം നേതാക്കളുടെ പട്ടിക തയ്യാറാക്കി നൽകണമെന്ന നിർദേശവും മുഖ്യമന്ത്രി വിജിലൻസിനു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏരിയ തലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കളെ വിജിലൻസിന്റെ പ്രത്യേക സംഘം കർശനമായി നിരീക്ഷിക്കുകയും ചെയ്യുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top