കണ്ണൂര്‍: കലയുടെ മാമാങ്കത്തിന് തിരശ്ശീലയ ഉയരുമ്പോള്‍ കലാവേദികള്‍ വിജിലന്‍സ് നിരീക്ഷണത്തില്‍. അഴിമതിയുടെ കൂത്തരങ്ങായി കലോത്സവും മാറുകയും പണംമാത്രം മാനദണ്ഡമാവുകയും ചെയ്യതതോടെ മാനക്കേടിലായ സ്‌ക്കൂള്‍ കലോത്സവത്തിന്റെ മാറ്റ് തിരിച്ചുപിടിക്കാനാണ് വിജിലന്‍സിന്റെ ശ്രമം. കലോത്സവേദിയില്‍ വിജിലന്‍സ് പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുന്നത് ഇതാദ്യമായാണ്. അത്രയും പരാതികളാണ് വിധികര്‍ത്താക്കള്‍ക്കെതിരെ പോലീസിന് ലഭിച്ചിരിക്കുന്നത്.
കലോല്‍സവങ്ങളില്‍ ചില കള്ളക്കളികള്‍ കാര്യമായി നടക്കുന്നുണ്ടെന്ന് ജില്ലാ കലോല്‍സവങ്ങളിലെ അനുഭവംവച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും, നല്‍കിയ പരാതിയെ തുടര്‍ന്നാണ്,ഏഷ്യയിലെ ഏറ്റവം വലിയ വിദ്യാര്‍ത്ഥിമേളയെ ശുദ്ധീകരിക്കുകയയെന്ന ദൗത്യം കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറട്കര്‍ ജേക്കബ് തോമസിന് നല്‍കിയത്. കലോല്‍സവ കോഴ നിയന്ത്രിക്കാനായി വിജിലന്‍സ് വ്യാപകമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഡി.വൈ.എസ്പിയെയും എഴുപതോളം ഉദ്യോഗസ്ഥരെയും ഇതിനായി ഏര്‍പ്പാടാക്കി കഴിഞ്ഞിട്ടുണ്ട്.വിജിലന്‍സിന്റെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിഭാഗവും , എം.സെല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു.
കലോല്‍സവവേദികളില്‍ വേഷപ്രഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തും. വിധികര്‍ത്താക്കളും കര്‍ശന നിരീക്ഷണത്തിലാണ്.മേളയുടെ സമയങ്ങളില്‍ അവര്‍ക്ക് മൈാബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഡ്രൈവറും സഹായിയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ ആയിരക്കും. ഒപ്പം വധികര്‍ത്താക്കള്‍ ആരുമായി ബന്ധപ്പെടുന്നുവെന്നകാര്യവും നിരീക്ഷിക്കും. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടിട്ടും ഇവര്‍ക്കെതിരെ മുന്‍കാലങ്ങളിലൊന്നും കേസ് എടുത്തിരുന്നില്ല. പകരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി, ഇനിയുള്ള കലോല്‍സവങ്ങളിലേക്ക് വിളിക്കാതിരിക്കയാണ് പതിവ്.
അതുകൊണ്ടുതന്നെ കരിമ്പട്ടികയില്‍പെട്ട വിധികര്‍ത്താവിന്റെ പേര്പോലും പുറത്തുവരാറില്ല. എന്നാല്‍ ഈ രീതി വിട്ട് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടാല്‍, വിധികര്‍ത്താവ് എത്ര ഉന്നതായ കലാകാരനാണെങ്കിലും അറസ്റ്റുചെയ്യണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ സംസ്ഥാന കലോല്‍സവത്തില്‍ രണ്ട് വിധിര്‍ത്താക്കളെയും ജില്ലാ കലോല്‍സവങ്ങളിലായി 9 വിധികര്‍ത്താക്കളെയും ഇങ്ങനെ ഡി.പി.ഐ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ചാണെങ്കില്‍ ഇവരൊക്കെ അറസ്റ്റിലാവും.
ഇക്കാര്യങ്ങളെക്കുറിച്ച് വിജിലന്‍സില്‍ പരാതിപ്പെടാനുള്ള വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.സാധാരണയായി ഉപയോഗിക്കാറുള്ള വിജിലന്‍സിന്റെ ജില്ലാ ഓഫീസുകളിലും മെയില്‍ ഐഡികളും പുറമെ,വിസില്‍ നൗ, ഇറേസ് കേരള എന്നീ ആന്‍ഡ്രായിഡ് ആപ്പുകളും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്താം.അതേസമയം കലോല്‍സവങ്ങള്‍ ഇങ്ങനെ പൊലീസിന്റെയും വിജിലന്‍സിന്റെയും നിയന്ത്രണത്തിലാക്കുന്നതില്‍ എതിര്‍പ്പും പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. ക്രമേണെ ഇത് മേളയിലെ പൊലീസ് രാജിനാണ് വകവെക്കുകയെന്ന് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അടഞ്ഞ അന്തരീക്ഷം വിധികര്‍ത്താക്കളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും ഫലത്തില്‍ ഇതും മല്‍സരത്തെ ബാധിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ കലോല്‍സവത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമെന്ന നിലയില്‍ ഭൂരിഭാഗം കലാകരന്മാരും ഈ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യുകയാണ്.കേരളത്തില്‍ ശക്തമായ കലോല്‍സവ മാഫിയ നിലനില്‍ക്കുന്നെന്ന്, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തെളിവ് സഹിതം പരാതില്‍ നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. കോഴിക്കോട് നടന്ന ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഒരു ഇടനിലക്കാരനും രക്ഷിതാവും തമ്മിലുള്ള ഫോണ്‍സംഭാഷണം വരെ മുഖ്യമന്ത്രിക്ക് മുന്നാകെ ലഭിച്ചിട്ടുണ്ട്.
തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കണം എന്ന് പറയുന്ന കുട്ടിയോട് ഇടനിലക്കാരന്‍ പറയുന്നത്, നിങ്ങള്‍ നേരത്തെതന്നെ സമീപിക്കേണ്ടെ ഇതെല്ലാം തീരുമാനമായിപ്പോയി എന്നാണ്. തുടര്‍ന്ന് അയാള്‍ എത് സ്‌കൂളിലെ കുട്ടിയാണ് വിജയിയെന്നും പറയുന്നു. മല്‍സരഫലം പറത്തുവരുമ്പോള്‍ ഇക്കാര്യം ശരിയാവുകയാണ്. ഇത്തരത്തിലുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കലോല്‍സവ കലക്കുമേല്‍ വിജിലന്‍സിന്റെ കണ്ണെത്തുന്നത്.