ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും എട്ട് നിലയില്‍ പൊട്ടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോള്‍ ഷാജി പപ്പന്റെ ആരാധകരെല്ലാം സന്തോഷിച്ചു. എന്നാല്‍ ചിത്രത്തെ വിമര്‍ശനാത്മകമായി കണ്ടവരൊക്കെ പറഞ്ഞു, ഈ നിര്‍മാതാവിന് ഭ്രാന്താണ് എന്ന്. അതെ ഫ്രൈഡെ ഫിലിംസിന്റെയും വിജയ് ബാബു എന്ന നിര്‍മാതാവിന്റെയും ധൈര്യമാണ് ആട് വീണ്ടും വരാന്‍ കാരണം. ചിത്രം രണ്ടാമതും നിര്‍മിക്കാനുണ്ടായ കാരണത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വിജയ് ബാബു സംസാരിച്ചു. ആട് 2 എന്ന ചിത്രത്തിന്റെ റിലീസ് ദിവസത്തിന് തൊട്ടുമുന്‍പ് വരെ ഞങ്ങളുടെ ടീമിനല്ലാതെ ആര്‍ക്കും വിശ്വാസമില്ലായിരുന്നു ഇത് വിജയിക്കും എന്ന്. വളരെ ബുദ്ധിമുട്ടിയാണ് തിയേറ്റര്‍ കിട്ടിയത്. മേജര്‍ ടൗണുകളിലൊന്നും തിയേറ്റര്‍ കിട്ടിയില്ല. വലിയ പടങ്ങള്‍ വരുന്ന സമയത്താണോ നിങ്ങളിതുപോലുള്ള സിനിമകളുമായി വരുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം. അവരുടെയൊക്കെ കാലു പിടിച്ചു ചോദിച്ചു രണ്ട് ഷോ എങ്കിലും തരണമെന്ന്. തിയേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയേറ്ററുകളില്‍ ഒരു ഷോ രണ്ട് ഷോ ആയി തിരുകി കയറ്റിയ അവസ്ഥയായിരുന്നു. ആര്‍ക്കും വിശ്വാസം ഉണ്ടായില്ല. നിങ്ങള്‍ വിളിച്ചത് കൊണ്ട് ചുമ്മാ ഒരു ഷോ തന്നതാണെന്ന് പലരും എന്നോട് പറഞ്ഞു. പിന്നീട് അതേ തിയേറ്റര്‍ ഉടമകള്‍ രാത്രി 12 മണിക്കും 2 മണിക്കും സെക്കന്റ് ഷോ വച്ചിട്ടും ആളുകളെ നിയന്ത്രിക്കാനാകാതെ എന്നെ വിളിച്ചപ്പോള്‍ സന്തോഷം തോന്നി. ഒരു ഷോയ്ക്ക് വേണ്ടി കാലുപിടിച്ച തിയേറ്റര്‍ ഉടമകള്‍ നാല് ഷോ കളിക്കാന്‍ പടം തരുമോ എന്ന് ചോദിച്ചു. 153 തിയേറ്ററുകളില്‍ 4 ഷോ വച്ചാണ് ആദ്യ ആഴ്ചയില്‍ കളിച്ചത്.
ഈ സിനിമ വിജയിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല എന്നാണ് തിയേറ്ററുടമകള്‍ പറഞ്ഞത്. എനിക്ക് വട്ടാണെന്നാണത്രെ അവര്‍ വിചാരിച്ചത്. മാസ്റ്റര്‍പീസ് അടക്കമുള്ള വന്‍ ചിത്രങ്ങള്‍ക്കൊപ്പം ആട് 2 റിലീസ് ചെയ്തത് മണ്ടത്തരമാണെന്നും ചിലര്‍ പറഞ്ഞിരുന്നു. പക്ഷെ അതും ശരിയായ തീരുമാനമായിരുന്നു. ഫെസ്റ്റിവല്‍ മൂഡില്‍ ആളുകള്‍ ചിരിക്കണം. അത് ഉദ്ദേശിച്ചാണ് ക്രിസ്മസിന് റിലീസ് ചെയ്തത്. ആട് 2വില്‍ അതുണ്ട്. ആടിന്റെ ഒന്നാം ഭാഗം പരാജയപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും പ്രൊഡക്ഷന്‍ വഴി ലാഭമുണ്ടാക്കിയ പടം തന്നെയാണ്. ആട് ഒന്ന് ഒരു പരീക്ഷണമായിരുന്നു. കുറേ ഏറെ മണ്ടന്മാരായിട്ടുള്ള നായകന്മാരുടെ കഥ. ആദ്യ ഷോ തിയേറ്ററില്‍ ഇരുന്ന് ഓഡിയന്‍സിനൊപ്പം കണ്ടപ്പോള്‍ തന്നെ മനസ്സിലായി കഥ മനസ്സിലായില്ല എന്ന്. ഒരുപാട് ആലോചിച്ച ശേഷമാണ് ആട് 2 നിര്‍മിക്കാന്‍ തീരുമാനിച്ചത്. വിജയ് ബാബു പറഞ്ഞു.