തിരുവനന്തപുരം: സിനിമാ സമരം ശക്തിപ്രാപിക്കുന്നതിനിടെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം തിരിച്ചടിയ്ക്കുന്നു. വിജയ് ചിത്രമായ ഭൈരവയും തടയുമെന്ന് പ്രഖ്യാപിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസിന് വിജയ് ആരാധകരുടെ പ്രതിഷേധം. ഡീനിന്റെ ഫേയ്‌സ് ബുക്കില്‍ കടുത്ത വിമര്‍ശനങ്ങളുമായി പൊങ്കാലയിട്ടുകൊണ്ടാണ് ആരാധകര്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
വാഴയില വെട്ടി വീട്ടുകാരോട് കാത്തിരിക്കാന്‍ പറഞ്ഞിട്ട് വേണം അണ്ണന്റെ പടം തടയാന്‍ വരാന്‍, ഊത്തന്മാരുടെ അവസാന വരവായിരിക്കും അത്. അടിയെന്ന് കേട്ടല്‍ ഓടുന്ന ഊത്തന്മാര്‍ ആണോ ഇവിടെ തടയാന്‍ വരുന്നത്, നിന്റെയൊക്കെ പാര്‍ട്ടി അനുകൂലികള്‍ ആയ വിജയ് ഫാന്‍സിന്റെ കയ്യില്‍ നിന്ന് തന്നെ നീയൊക്കെ അടി കൊണ്ടോണ്ട് ഓടു എന്നൊക്കെയാണ് കമന്റ്സ്.
സിനിമാ സമരം ശക്തമായ സാഹചര്യത്തില്‍ മലയാള സിനിമയെ ബഹിഷ്‌കരിച്ച് മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകാന്‍ എ ക്ലാസ് തിയറ്ററുടമകള്‍ തീരുമാനിച്ചിരുന്നു. ഈ നീക്കം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ പകരം പ്രദര്‍ശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്‍ശനം തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തില്‍ ഉണ്ടെന്ന് ഈ മാസം 12ന് സിനിമ തടയാന്‍ വന്നാല്‍ കാണാമെന്നും ചിലര്‍ ഭീഷണി മുഴക്കുന്നു. വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടഞ്ഞാല്‍ വിവരമറിയുമെന്നും ചിലര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജയ് ഫാന്‍സാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ട പോയാല്‍ പാര്‍ട്ടി വിടുമെന്നുമാണ് ചില കമന്റ്.
ഡീന്‍ കുര്യാക്കോസിന്റെ മൊബൈല്‍ നമ്പര്‍ കമന്റില്‍ പരസ്യപ്പെടുത്തി വിളിച്ച് ഇയാളുടെ അടപ്പ് തെറിപ്പിക്ക് എന്ന ആഹ്വാനവും ചിലരുടെ ഭാഗത്തു നിന്നുണ്ട്. മറുഭാഷാ റിലീസ് തടയുമെന്ന തീരുമാനത്തിനെതിരെ സൂര്യാ ഫാന്‍സും രംഗത്ത് വന്നിട്ടുണ്ട്. വിജയ് നായകനും കീര്‍ത്തി സുരേഷ് നായികയുമായ ഭൈരവാ 200 ലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ഭരതന്‍ ആണ് സിനിമയുടെ സംവിധായകന്‍. പ്രമുഖ വിതരണക്കാരായ റാഫി മതിരയുടെ കമ്പനിയാണ് കേരളത്തില്‍ ഭൈരവ വിതരണത്തിനെത്തിയ്ക്കുന്നത്.