ലണ്ടന്‍: കോടിക്കണക്കിന് രൂപയുടെ പണമിടപാട് കേസിലെ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇന്ത്യാ ഗവണ്‍മെന്റ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ഥനയനുസരിച്ചായിരുന്നു നടപടി.
ബ്രിട്ടനില്‍ കഴിയുന്ന മല്യയെ തിരികെ എത്തിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കിയിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണോ നടപടിയെന്ന് വ്യക്തമല്ല.