സ്വന്തം ലേഖകൻ
ഗോവ: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നു പിടിച്ചെടുത്ത 11 സീറ്റ് വിമാനത്തിനു 152 കോടി രൂപ. ബാങ്കുകളുടെ വായ്പ കുടിശ്ശിക അടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയ വിജയ് മല്യയുടെ സ്വകാര്യ ആഡംബര വിമാനം ലേലത്തിൽ വയ്ക്കാൻ തീരുമാനം. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സേവന നികുതി വിഭാഗമാണ് വിമാനം ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചത്. ജെറ്റിനു 152 കോടി രൂപ കരുതൽ വില നിശ്ചയിച്ചിരുന്നെങ്കിലും വില കുറയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. വാങ്ങാൻ ആരും എത്താത്തതിനാലാണ് വില കുറയ്ക്കാൻ കോടതി നിർദേശം നൽകിയത്.
മല്യയുടെ 535 കോടി രൂപയുടെ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനാണ് സ്വകാര്യ ആഡംബര ജെറ്റ് ലേലം ചെയ്യാൻ സേവനനികുതി വിഭാഗം തീരുമാനിച്ചത്. ഇതു മൂന്നാം തവണയാണ് മല്യയുടെ ജെറ്റ് ലേലത്തിന് വയ്ക്കുന്നത്. ജെറ്റ് വാങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ രാജ്യാന്തരതലത്തിൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഓഗസ്റ്റിൽ നടന്ന ലേലത്തിൽ 27 കോടി രൂപ വരെ മാത്രമാണ് വിളി വന്നത്.
2006 ൽ 400 കോടി രൂപ മുടക്കിയാണ് മല്യ ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയത്. എയർബസ് എസിജെ 319(വിജെഎം 319) ആഡംബര വിമാനമാണിത്. 140 പേർക്ക് വരെ സഞ്ചരിക്കാവുന്ന എയർബസ് എ 319ന്റെ ലക്ഷ്വറി പതിപ്പാണ് വിമാനം. 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കും. കോൺഫറൻസ് റൂം, ലിവിംഗ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ അത്യാഡംബര സൗകര്യങ്ങൾ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചിലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്.
മല്യയുടെ കൈവശമുണ്ടായിരുന്ന മറ്റൊരു 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് മല്യ മുങ്ങിയത്. കിങ്ഫിഷൾ എയർലൈൻസ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മല്യയുടെ വീടും കാറുകളും കിങ്ഫിഷറിന്റെ വസ്തുവകകളും ലേലത്തിൽ സർക്കാർ കണ്ടുകെട്ടിയിരിക്കുകയാണ്.