
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസുകളിൽ വി.ഐ.പികളെ അടക്കം അറസ്റ്റ് ചെയ്യുന്ന ശക്തമായ ആഭ്യന്തരമന്ത്രി പിണറായി വിജയൻ മറ്റൊരു വി.എസ് ആകാതിരിക്കാൻ സി.പിഎം ഇടപെടുന്നു. ആഭ്യന്തരവകുപ്പിനെപ്പറ്റി മികച്ച അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ നടന്ന രാഷ്ട്രീയ അക്രമവും കൊലപാതകവുമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇതോടെ ഭരണത്തിലും മുഖ്യമന്ത്രി കസേരയിലും പിടിമുറുക്കാനാവുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നതെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട കേസിൽ സൂപ്പർ താരം ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആഭ്യന്തരവകുപ്പിന്റെയും ഇമേജ് ജനങ്ങൾക്കിടയിൽ വർധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിനെയും, സിപിഎമ്മിന്റെ വിശ്വസ്തർ അടക്കമുള്ളവരെയും ചോദ്യം ചെയ്തു. ദിലീപിന്റെ അറസ്്റ്റ് ഒഴിവാക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ അടക്കം നേരിട്ട് ഇടപെട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും ശക്തമായ നിലപാടോടെ പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തതും ജയിലിൽ അടച്ചതും. ഇതിനു പിന്നാലെ എം.വിൻസന്റെ എംഎൽഎയുടെ അറസ്റ്റും, വിവിധ സ്ത്രീ പീഡനക്കേസുകളിൽ സ്വീകരിച്ച നിലപാടുമാണ് പിണറായി വിജയൻ പാർട്ടിക്കു അനഭിമതനാകാനുള്ള പ്രധാന കാരണമായിരിക്കുന്നത്.
തിരുവനന്തപുരത്ത് ആർഎസ്എസ് ആക്രമണത്തിൽ കൊടിയേരി ബാലകൃഷ്ണന്റെ വീട് തകർന്നതിനു പിന്നാലെ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടിരുന്നു. ഇ്ത് രാഷ്ട്രീയ ആക്രമണമല്ലെന്നും കൗൺസിലർ ഐ.പി ബിനുവിന്റെ വ്യക്തിപരമായ ആക്രമണമാണെന്നും പാർട്ടി വാദിച്ചെങ്കിലും പിണറായി വിജയനും പൊലീസും ഈ നിലപാടിനോടു യോജിച്ചില്ല. സർക്കാരിന്റെ പാർട്ടിയായിട്ടു കൂടി സിപിഎം പ്രവർത്തകരെ പൊലീസ് അരസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സിപിഎമ്മും പിണറായി വിജയനും നേരിട്ടുള്ള ഏറ്റുമുട്ടലിലേയ്ക്കു വഴിയൊരുങ്ങിയത്.
പിണറായി വിജയൻ വി.എസിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന സൂചന ലഭിച്ചതോടെയാണ് സിപിഎം പിടിമുറുക്കി തുടങ്ങിയത്. മറ്റൊരു വി.എസിനെ വളരാൻ അനുവദികില്ലെന്നു ഉറപ്പിച്ച പാർട്ടി, ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് വൻ ആക്രമണത്തിനും സംസ്ഥാന വ്യാപകമായി ബിജെപിയെ അടിച്ചൊതുക്കാനും തീരുമാനിച്ചതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതും. പാർട്ടിയുടെ നിയന്ത്രണം പിണറായിയുടെ കയ്യിൽ നിന്നു കണ്ണൂർ ലോബി പിടിച്ചെടുത്തതായാണ് ഇപ്പോഴത്തെ നിലപാടുകൾ നൽകുന്ന സൂചന.