‘ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് ഇപ്പോഴെനിക്ക്’- പറയുന്നത് നടന്‍ വിജയരാഘവന്‍. വിജയരാഘവന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനിടെ വിളിച്ചപ്പോഴാണ്, അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും വിജയരാഘവന്‍ ചിരിയോടെ പറയുന്നു.
ഇന്നലെ വൈകിട്ടു മുതലാണ് നടന്‍ വിജയരാഘവന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘മൃതദേഹം’ കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോ സഹിതമാണ് വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.
ഒരു മാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ വെച്ച് നടന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. രാമലീലയില്‍ താന്‍ മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇതാണ് യഥാര്‍ത്ഥ മരണമാക്കി മാറ്റി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെപ്പറ്റി ഇത്തരം ഒരു വാര്‍ത്ത പരന്നതിന്റെ പശ്ചാത്തലത്തില്‍ വിജയരാഘവന്‍ നേരിട്ട് ഡിജിപിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.