മുംബൈ: ബാങ്കുകളുടെ നീക്കം മണത്തറിഞ്ഞ വിജയ് മല്ല്യ അടിച്ചു പൊളിക്കാനായി ദിവസങ്ങള്‍ക്ക് മുമ്പേ ഇന്ത്യ വിട്ടു. ലണ്ടനിലെത്തിയെന്ന് കരുതുന്ന അദ്ദേഹം തട്ടിപ്പിലൂടെ സ്വന്തമാക്കിയ 512 കോടി രൂപയുമായാണ് മുങ്ങിയതെന്നാണ് സൂചന. ഇതിനിടെ വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് പ്രമുഖ ബാങ്കുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. ഈ ഹര്‍ജിയിലെ വിധി എന്തായാലും മല്ല്യയെ ഇനി ആര്‍ക്കും കിട്ടുമെന്ന് കരുതേണ്ടതില്ല. സുഖവാസം ലക്ഷ്യമിട്ടാണ് മല്ല്യയുടെ മുങ്ങല്‍.
മല്യ വിവിധ ബാങ്കുകള്‍ക്ക് കോടാനുകോടികള്‍ കുടിശിക നല്‍കാനുണ്ട്. ഇയാള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തിരുന്നു. മല്ല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കൂട്ടായ്മയാണ് (കണ്‍സോര്‍ഷ്യം) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രവര്‍ത്തനം നിറുത്തിയ, മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 7,000 കോടി രൂപയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടിയന്തരമായി ഇത് പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പക്ഷേ മല്ല്യ രാജ്യം വിട്ടത് അറിയാതെയാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.
അതിനിടെ വിജയ് മല്ല്യയ്ക്ക് എതിരായ അന്വേഷണം സിബിഐ മുറുക്കി. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി എടുത്ത വായ്പയും അധിക വായ്പ്പയും തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുക. മല്ല്യയ്ക്ക് എതിരെ കൂടുതല്‍ കേസുകള്‍ എടുക്കുമെന്നും സൂചനയുണ്ട്. അറസ്റ്റ് ഭയന്നാണ് മല്ല്യ രാജ്യം വിട്ടതെന്നാണ് സൂചന. എന്നാല്‍ മല്ല്യയെ തടയാന്‍ ഭരണകൂടങ്ങളോ പൊലീസും ഒന്നും ചെയ്തില്ലെന്നതും വിവാദമായിട്ടുണ്ട്.
മല്ല്യ ലണ്ടനിലെത്തിയെന്നാണ് സൂചന. ഇക്കാര്യത്തിലും ആര്‍ക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഉല്‍പാദനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമനുമായ മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡില്‍നിന്ന് ഉടമയായിരുന്ന വിജയ് മല്ല്യ 2012ല്‍ യുണൈറ്റഡ് സ്പിരിറ്റിലെ തന്റെ ഭൂരിപക്ഷം ഓഹരികളും മനേജ്‌മെന്റ് നിയന്ത്രണവും മല്ല്യ ബ്രിട്ടണിലെ ഡിയാജിയോ എന്ന കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍, ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി തുടര്‍ന്നുവരികയായിരുന്നു. എന്നാല്‍, വിവിധ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് മാറ്റാന്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് കഴിഞ്ഞ വര്‍ഷം നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 515 കോടി രൂപ കൂടി നല്‍കികൊണ്ടാണ് കമ്പനി മല്ല്യയെ ഒഴിവാക്കിയത്.
ഇതിനുപുറമേ കമ്പനിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ബാധ്യതയില്‍നിന്ന് മല്ല്യയേയും കുടുംബത്തെയും ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലത്തെി. കിങ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ മല്ല്യയെ ‘ബോധപൂര്‍വം വീഴ്ച വരുത്തിയ’ വിഭാഗത്തില്‍പെടുത്തി പല ബാങ്കുകളും നിയമനടപടി നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കൂടുതല്‍ സമയവും അദ്ദേഹം ലണ്ടനിലാണ് ചെലവഴിക്കുന്നത്.