ബോളിവുഡ് കാത്തിരുന്ന വിക്കി- കത്രീന വിവാഹം ഇന്ന്. പ്രിയ താരങ്ങളായ വിക്കി കൗശാലും കത്രീന കൈഫും രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചാണ് വിവാഹിതരാവുക. ഉച്ച കഴിഞ്ഞ് 3.30 നും 3.45നും ഇടയ്ക്കാകും വിവാഹമെന്നാണ് സൂചനകൾ. പഞ്ചാബി രീതിയിലാകും വിവാഹം.
മൂന്നു ദിവസത്തെ വിവാഹ ആഘോഷം
വിവാഹത്തിനായി തിങ്കളാഴ്ച രാത്രി തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. കഴിഞ്ഞ ദിവസം മെഹെന്ദി, സംഗീത് ചടങ്ങുകൾ നടന്നിരുന്നു. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൻ സുരക്ഷാക്രമീകരണങ്ങളോടെയാണ് വിവാഹം നടക്കുക. നേരത്തേ നല്‍കിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമേ വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവയ്ക്കണം. വിവാഹം നടക്കുന്ന റിസോര്‍ട്ടിനുള്ളിലേക്ക് ഫോണ്‍ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടുള്ളതല്ല. ഫോണുകൾ റൂമിൽ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് തയറാക്കിയ കത്തിന്റെ പകർപ്പും പുറത്തുവന്നിരുന്നു. സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും.
വിവാഹ വിഡിയോയുടെ സംപ്രേഷണാവകാശം ആമസോൺ പ്രൈമിന്
വിവാഹത്തിന്റെ സംപ്രേഷണാവകാശം ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹവിഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. 2019 മുതൽ വിക്കിയും കത്രീനയും പ്രണയത്തിലാണ്. എന്നാൽ പ്രണയത്തിലാണെന്ന വിവരം ഇവർ ഇതുവരെ ആരാധകരോട് തുറന്നു പറഞ്ഞിരുന്നില്ല.