കണ്ണുകളില്‍ വെളിച്ചമില്ലാത്ത ഞാന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്; അയാള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയില്ല; വിവാഹം ഒഴിവാക്കിയതിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

തിരുവനന്തപുരം: നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വിശദമാക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണ്ണമായ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയത്. തനിക്ക് ആദ്യംതൊട്ടേ സന്തോഷ് യോജിച്ച ജീവിത പങ്കാളി ആയിരിക്കുമോ എന്ന് സംശയമുണ്ടായിരുന്നതായി വിജയലക്ഷ്മി പറയുന്നു.

കണ്ണുകളില്‍ വെളിച്ചമില്ലാത്ത ഞാന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്. അയാളുടെ വാക്കുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ദേഷ്യമെന്ന വികാരമാണ്. എന്നോട് സ്നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മ്യൂസിക് ടീച്ചര്‍ ആവണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് പെന്‍ഷന്‍ കിട്ടുമെന്നാണ് പറഞ്ഞത്. കച്ചേരിയും പാട്ടുമൊന്നും ഏറെക്കാലം കൊണ്ടുപോകാനാവില്ലെന്നായിരുന്നു സന്തോഷിന്റെ അഭിപ്രായം. പക്ഷേ, പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. ആറുവയസ്സില്‍ പാടി തുടങ്ങിയതാണ് ഞാന്‍. എങ്ങനെയാണ് ഞാനത് നിര്‍ത്തുക. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകും.പക്ഷേ, അയാള്‍ എന്നോട് അതാണ് നിര്‍ത്താന്‍ പറയുന്നത്.

അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാന്‍ അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്.
പിന്നീടങ്ങോട്ട് ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളര്‍ന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതോടെയാണ് ഈ ബന്ധം വേണ്ടെന്ന് തീരുമാനിച്ചതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.

ഇപ്പോള്‍ ഈ വിവാഹം വേണ്ടെന്ന് വച്ചതോടെ വലിയ ആശ്വാസമാണ് തോന്നുന്നതെന്നും വളരെ സന്തോഷവതിയാണ് താനെന്നും വിജയലക്ഷ്മി പറയുന്നു. ആ തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങി. വിജയലക്ഷ്മി പറയുന്നു. റെഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി വിവാഹം വേണ്ടെന്നുവയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ചത്.

കണ്ണുകളില്‍ വെളിച്ചമില്ലെങ്കിലും മനസ്സില്‍ നന്മയുടെ നിറവുള്ള ഗായികയാണ് വൈക്കംവിജയലക്ഷ്മി. പിന്നണി ഗാന രംഗത്ത് എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആസ്വാദകരുടെ മനസ്സില്‍ നാദലഹരിയായി പടര്‍ന്നിറങ്ങിയ അനുഗ്രഹീത കലാകാരി. ആ ഗായികയെ മലയാളക്കര ഒന്നടങ്കം സ്നേഹിച്ചു. ഗായത്രിവീണയിലൂടെയും അവര്‍ സൃഷ്ടിച്ച നാദപ്രപഞ്ചത്തിനും ഏറെ ആസ്വാദകരുണ്ടായി.

ആ അന്ധഗായികയെ ജീവിതത്തില്‍ കൈപിടിച്ചു നടത്താന്‍ ഒരു പങ്കാളിയെത്തുന്നുവെന്ന വിശേഷം ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ മലയാളികള്‍ക്കും ഏറെ ഹൃദ്യമായ വാര്‍ത്തയായത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ നിശ്ചയമെല്ലാം കഴിഞ്ഞ് ഈ മാസം 29ന് നടത്താനിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി വിജയലക്ഷ്മി കഴിഞ്ഞയാഴ്ച വ്യക്തമാക്കി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയും ബഹ്റൈനില്‍ ജോലിക്കാരനുമായ സന്തോഷുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹശേഷം സംഗീതപരിപാടി നടത്താന്‍ പോകരുതെന്നും ഏതെങ്കിലും സ്‌കൂളില്‍ അദ്ധ്യാപികയായി പോയാല്‍ മതിയെന്നു പറഞ്ഞതോടെയാണ് ഗായിക വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിനോട് യോജിക്കാനാവാതെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും ആണ് വിജയലക്ഷ്മി വ്യക്തമാക്കിയത്. പത്രത്തില്‍ പരസ്യം നല്‍കിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും.

Top