
സ്വന്തം ലേഖകൻ
സർക്കാർ ഓഫീസിലെ കാര്യങ്ങൾ മുറ പോലെ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അത് ശരിക്കും അനുഭവിച്ചാലേ ആ ബുദ്ധിമുട്ട് നമുക്ക് മനസ്സിലകൂ. ജനങ്ങളെ സേവിക്കേണ്ട സർക്കാർ ഉദ്ധ്യോഗസ്ഥർ തന്നെ ജനങ്ങളെ പിഴിയുന്നത് കാണുമ്പോൾ ആണ് സാക്ഷര കേരളം ശരിക്കും ഒരു രാക്ഷസ കേരളം ആണെന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ മാസം 28ന് വെള്ളറട വില്ലേജ് ഓഫീസിൽ ഏതോ അജ്ഞാതൻ അതിക്രമിച്ചു കയറി വില്ലേജ് ഓഫീസിനു തീ വച്ചതായി ഒരു വാർത്ത! വായിക്കുകയുണ്ടായി. ഇതേ സംഭവം ആശയം ആയി എടുത്തു മഴവിൽ മനോരമ ചാനൽ ‘മറിമായം’ എന്നൊരു പരുപാടിയും കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്തിരുന്നു. ഇപ്പോഴാണ് അയാൾ എന്ത് കൊണ്ടായിരിക്കാം അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നത്.
കഴിഞ്ഞ 35 വർഷമായി തിരുവനന്തപുരം ജില്ലയിലെ മണക്കാട് വില്ലേജിൽ ആറ്റുകാലിനടുത്ത് കൊഞ്ചിറവിള എന്ന സ്ഥലത്താണ് എന്റെ കുടുംബ വീട് സ്ഥിതി ചെയ്യുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് ഞങ്ങൾ കുടുംബത്തോടെ താമസം താൽകാലികമായി അവിടെ നിന്ന് മാറി. ഒരു മാസം മുൻപ് എന്റെ അനുജൻ കൊഞ്ചിറവിളയിൽ ഉള്ള ഞങ്ങളുടെ സ്ഥലത്തിന്റെ കരം (ടാക്‌സ്) അടയ്ക്കാൻ മണക്കാട് വില്ലേജ് ഓഫീസിൽ പോയി. 349 രൂപയാണ് അടയ്ക്കാൻ ഉള്ളത് എന്ന് ഓൺലൈൻ വഴി മനസ്സിലാക്കി. ഓൺലൈൻ വഴി അടയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് നേരിട്ട് പോയി അടയ്ക്കാൻ തീരുമാനിച്ചത്.
ആദ്യ ദിവസം പോയപ്പോൾ ഇതിനു മുൻപ് കരം അടച്ച രസീതും, ആധാരത്തിന്റെ കോപ്പിയും കൊണ്ടാണ് പോയത്. അതു വാങ്ങി നോക്കിയ ഉധ്യോഗസ്ഥൻ അതിൽ പഴയ സർവ്വേ നമ്പർ ആണ് ഉളളതെന്നും പുതിയ സർവ്വേ നമ്പർ കിട്ടിയാലെ കരം അടയ്ക്കാൻ പറ്റുകയുള്ളൂ എന്നും അറിയിച്ചു. 2014ൽ റീസർവ്വേ നടന്നപ്പോൾ ഞങ്ങൾ അവിടെ ഇല്ലായിരുന്നു എന്ന് അദ്ദേഹത്തെ അറിയിച്ചു. അത് സാരമില്ല എന്നും തൊട്ടടുത്ത വീട്ടിലെ സർവ്വേ നമ്പർ മതി എന്നും അയാൾ ഞങ്ങളെ അറിയിച്ചു.
അങ്ങനെ രണ്ടു ദിവസത്തിനു ശേഷം ഞങ്ങൾ അടുത്ത വീട്ടിലെ കരം അടച്ച രസീതും കൊണ്ട് രാവിലെ തന്നെ മണക്കാട് വില്ലേജ് ഓഫീസിൽ എത്തി. അതിരാവിലെ 11 മണിക്കു തന്നെ സാർ എത്തി. അടുത്ത വീട്ടിലെ കരം അടച്ച രസീത് കണ്ടപ്പോൾ, ഇത് പറ്റില്ല, ഇതിലും പഴയ സർവ്വേ നമ്പർ ആണ് ഉള്ളത് എന്ന് പറഞ്ഞു പുള്ളി ഒഴിഞ്ഞു. ഇനി എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ പുതിയ സർവ്വേ നമ്പർ വച്ച് കരം അടച്ച ആരെയെങ്കിലും കണ്ടുപിടിച്ചു അതും കൊണ്ട് വരാൻ ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്ക് ശേഷം പുതിയ സർവ്വേ നമ്പർ കണ്ടുപിടിച്ച് അതും കൊണ്ട് ഞങ്ങൾ വീണ്ടും ബാബു സാറിനെ സമീപിച്ചു. ഇപ്പോൾ ഇതാ പുതിയ കഥ. ഈ സർവ്വേ നമ്പറിൽ വേറെ ആരുടെയോ പേരാണ് കാണിക്കുന്നത് എന്നും ഫീൽഡ് വേരിഫിക്കേഷൻ കഴിഞ്ഞേ കരം അടയ്ക്കാൻ കഴിയുകയുള്ളൂ എന്നുമായി ബാബു സാർ. ഇപ്പോൾ കുറച്ചു തിരക്കിലാണെന്നും 3 മണി കഴിഞ്ഞു ഫീൽഡ് വേരിഫിക്കേഷനു പോകാമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ വൈകുന്നേരം 3 മണിക്ക് ബാബു സാറിനെ ഫീൽഡ് വേരിഫിക്കേഷന് കൊണ്ട് പോകാൻ വീണ്ടും ഞങ്ങൾ മണക്കാട് വില്ലേജ് ഓഫീസിൽ എത്തി. വെയില് കുറച്ചു കൂടി കുറയട്ടെ, വെയിറ്റ് ചെയ്യു എന്നാണ് ഇത്തവണ പുള്ളി പറഞ്ഞത്. കിട്ടേണ്ടത് കിട്ടിയാലേ ഞാൻ വരൂ എന്നയിയിരുന്നു ആ പറഞ്ഞതിന്റെ അർഥം. ഒടുവിൽ 4 മണി കഴിഞ്ഞപ്പോൾ 500 രൂപയുടെ ഒരു ഗാന്ധിയെ കാണിച്ചു കൊടുത്തു. പുല്ലിനു പിന്നാലെ പശു പോകുന്ന പോലെ ഗാന്ധിയുടെ പിന്നാലെ ബാബു സാറും ഫീൽഡ് വേരിഫിക്കേഷന് ഇറങ്ങി. പോകുന്ന വഴി അനുജനോട് കുശലാന്വേഷണങ്ങളും നടത്തി. അനുജന് മൊബൈൽ ഷോപ്പ് ആണെന്ന് കേട്ടപ്പോൾ BSNL ഫുൾ ടോക്ക്‌ടൈം എത്രയാണ് എന്നായി അടുത്ത ചോദ്യം. 110 രൂപ എന്ന് പറഞ്ഞപ്പോൾ, മൊബൈൽ നമ്പർ കൊടുത്തിട്ട് ഒന്ന് ചെയ്‌തേക്കണേ എന്നായി ബാബു സാർ. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ. അതും ചെയ്തു കൊടുത്തു. അങ്ങനെ ഫീൽഡ് വേരിഫിക്കേഷൻ കഴിഞ്ഞു. 349 രൂപ കരം അടയ്ക്കാൻ 500+110= 610 രൂപയും വണ്ടിക്കൂലിയും ചിലവായി. എന്നാലും കാര്യം നടക്കുമല്ലോ എന്ന ആശ്വാസം ആയിരുന്നു മനസ്സിൽ. എല്ലാം കഴിഞ്ഞ ശേഷം ബാബു സാർ പറഞ്ഞു. നാളെ വന്നാൽ മതി, കരം അടച്ചു രസീത് തരാം. ഇന്ന് സമയം കഴിഞ്ഞു പോയി. ശരി എന്ന് പറഞ്ഞു ഒരു സമാധാനത്തോടെ ഞങ്ങൾ തിരിച്ചു പോയി.
പിറ്റേ ദിവസം ബാബു സാർ വരുന്ന സമയത്ത് ഞങ്ങൾ വീണ്ടും പോയി. പുതിയ ഒരു കഥയുമായി ബാബു സാർ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ആ കഥ കേട്ടപ്പോൾ ശരിക്കും ഞങ്ങൾ ഞെട്ടി. റീസർവ്വേ നടന്നപ്പോൾ ഞങ്ങളുടെ സ്ഥലം മറ്റാരുടെയോ പേർക്ക് പട്ടയം പതിച്ചു നൽകിയത്രേ. 2014ൽ ബാബു സാറിന്റെ കസേരയിൽ ഇരുന്ന ഉധ്യോഗസ്ഥനു പറ്റിയ എന്തോ തെറ്റാണു ഇതെന്ന്. കളിപ്പാൻകുളം എന്ന സ്ഥലത്തെ ഏതോ സ്ത്രീയുടെ പേരിൽ ആണ് പട്ടയം കൊടുത്തിരിക്കുന്നത്. ഇനി എന്ത് ചെയ്യും എന്നായി ഞങ്ങൾ. പരിഹാരം ആയി മൂന്നു വഴികൾ ബാബു സാർ തന്നെ പറഞ്ഞു തന്നു.
1. മേൽപ്പറഞ്ഞ സ്ത്രീ ആരാണെന്നു നിങ്ങൾ കണ്ടുപിടിക്കുക. എന്നിട്ട് അവരോടു സംസാരിച്ചു കാര്യങ്ങൾ പരിഹരിക്കുക.
2. റീസർവ്വേ നടന്നപ്പോൾ എന്ത് തെറ്റാണു സംഭവിച്ചതെന്ന് ഇവിടെ ഉള്ള ഫയൽ കണ്ടെത്തി നോക്കുക. പക്ഷെ, അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ന് നല്ല തിരക്കാണ്. നാളെ 11 മണിക്ക് നിങ്ങൾ കൂടി വന്നാൽ നമുക്ക് ഒരുമിച്ചു നോക്കാം.
3. RDO അല്ലെങ്കിൽ ജില്ലാ കളക്ടർക്ക് ഒരു പരാതി കൊടുക്കുക. അവിടുന്ന് ഒരു ഉത്തരവ് (ഓർഡർ) കിട്ടിയാൽ പിന്നെ പ്രശ്‌നമില്ല.
ഇങ്ങനെ ഒക്കെ ചെയ്യാൻ ഞങ്ങൾ എന്ത് കുറ്റമാ ചെയ്തത്? തെറ്റ് നിങ്ങളുടെ ഭാഗത്തല്ലേ? അത് തിരുത്തി തരേണ്ടതും നിങ്ങൾ അല്ലെ? ഞങ്ങൾ ചോദിച്ചു. അനിയാ… 2014ൽ ആരാണ് ഈ തെറ്റ് ഉണ്ടാക്കിയത് എന്ന് എനിക്ക് അറിയില്ല. ഞാൻ ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നതേ ഉള്ളൂ എന്നായിരുന്നു മറുപടി. എന്തായാലും നാളെ വന്ന് ഫയൽ കണ്ടുപിടിക്കാം എന്നായി ഞങ്ങൾ.
പിറ്റേ ദിവസം ഫയൽ കണ്ട് പിടിക്കാൻ പോയെങ്കിലും ബാബു സാർ തിരക്കിലായിരുന്നു. അതിനാൽ ഫയൽ കണ്ടുപിടിത്തം നടന്നില്ല. പിന്നെ ബാബു സാറിന്റെ വക ഒരു ഡയലോഗ്: ഇനി ഞാൻ മെയ് 16 കഴിഞ്ഞേ വരൂ. ഇലക്ഷൻ ഡ്യൂട്ടി ആണ്. ആ പ്രതീക്ഷയും പോയ അവസ്ഥയിലായി ഞങ്ങൾ. അങ്ങനെ ഇലക്ഷൻ കഴിഞ്ഞു, റിസൾട്ട് വന്നു, ജയിച്ചവർ അധികാരത്തിലും കയറി. ഇതിനിടയിൽ എന്ത് തെറ്റാണു പറ്റിയതെന്നും, പട്ടയം മാറി കിട്ടിയ സ്ത്രീ ആരാണെന്നും ഞങ്ങൾ കണ്ടു പിടിച്ചു. കളിപ്പാൻകുളം എന്ന
? ?സ്ഥലത്തെ താമസക്കാരി ആയിരുന്ന രണ്ടു വർഷം മുൻപ് ഞങ്ങളുടെ വീടിന്റെ അടുത്തേക്ക് താമസം മാറി വന്ന ഒരു കുടുംബം ആയിരുന്നു അത് (ടി.സി 48/8723). ഞങ്ങളുടെ ടി.സി 48/873. ഇന്നലെ ഞങ്ങൾ വീണ്ടും ഇത് അറിയിക്കാൻ മണക്കാട് വില്ലേജ് ഓഫീസിൽ പോയി. വില്ലേജ് ഓഫീസറെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചു. ബാബു സാർ ലീവ് ആണെന്നും നാളെ അദ്ദേഹത്തെ ഇത് കാണിച്ചാൽ മതി എന്നും പറഞ്ഞു ഞങ്ങളുടെ അപേക്ഷയിൽ ഒപ്പിട്ടു വില്ലേജ് ഓഫീസർ തന്നു. ഇന്ന് വീണ്ടും ബാബു സാറിനെ കാണാൻ ഞങ്ങൾ പോയി. ഉച്ച വരെ കാത്തു നിർത്തിയ ശേഷം വില്ലേജ് ഓഫീസറോട് അദ്ദേഹം പറഞ്ഞു. ഞാൻ ഈ സ്ഥലം പോയി കണ്ടതാണ്. സർവ്വേ നമ്പർ മാറി കിടക്കുകയാണ്. സാർ ഈ ഫയൽ വേറെ ആരെയെങ്കിലും ഏൽപ്പിക്കണം. ഞാൻ നല്ല തിരക്കിലാണ്… വീണ്ടും ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ മണ്ടന്മാർ…
സർക്കാരിലേക്ക് അടയ്ക്കാനുള്ള കരം അടയ്ക്കാൻ ആണ് ഞങ്ങൾ വില്ലേജ് ഓഫീസിൽ പോയത്. ആരുടേയും ഔദാര്യം വാങ്ങാൻ അല്ല. തെറ്റുകൾ എല്ലാവർക്കും സംഭവിക്കും, അത് മനസ്സിലായ ശേഷം എങ്കിലും ബാബു സാറിനെ പോലുള്ള ഉധ്യോഗ
??സ്ഥർ അത് തിരുത്താനും, ജനങ്ങളെ സഹായിക്കാനും ഉള്ള മനസ്സ് കാണിക്കണം. അതിനു വേണ്ടി ആണ് സർക്കാർ നിങ്ങൾക്ക് ശമ്പളം തരുന്നത്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥയല്ല. വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള പല സർക്കാർ സ്ഥാപനങ്ങളിലും നടക്കുന്നത് ഇതൊക്കെ തന്നെയാണ്. കൈകൂലിയോ, കമ്മീഷൻ കൊടുക്കുന്ന ബിനാമികളോ ഇല്ലാതെ സർക്കാർ ഓഫീസിൽ കയറി ചെല്ലുന്ന പാവപ്പെട്ട ജനങ്ങളെ കഴുയുന്നത്ര ബുദ്ധിമുട്ടിക്കുക. ഇതൊക്കെ കൊണ്ട് തന്നെയാണ് സർക്കാർ ഓഫീസുകളിൽ ജനങ്ങൾ പെട്രോളും കൊണ്ട് കയറുന്നത്.