ണ്ണൂര്‍: മണല്‍ലോറി പിടികൂടിയതിനെ തുടര്‍ന്നു കയരളം വില്ലേജ് ഓഫിസര്‍ എസ്.അരുണിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചെറുപഴശിയിലെ പി. പ്രശാന്ത്(33), കെ.കെ പ്രവീണ്‍ (38) എന്നിവരെയാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.ലോറിയില്‍ മണല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ട വില്ലേജ് ഓഫീസര്‍ അരുണ്‍ അര്‍ഷ ചോദ്യം ചെയ്തിരുന്നു. പാസ് ഇല്ലാത്തതിനാല്‍ ലോറികള്‍ കസ്റ്റഡിയിലെടുത്ത് താക്കോല്‍ ഓഫീസില്‍ എത്തിച്ചിരുന്നു. ഡ്രൈവര്‍മാര്‍ പാസ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തഹസില്‍ദാറെ വിവരമറിയിക്കുകയായിരുന്നു. പ്രശ്നം വിവാദമായതോടെ സി.പി.എം നേതാക്കളും സംഭവത്തില്‍ ഇടപെട്ടു. വില്ലേജ് ഓഫീസറെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്തു. താക്കാല്‍ ബലമായി എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടതോടെ പ്രശ്നം വൈറലായി.തുടര്‍ന്ന് ജില്ലാ കളക്ടര്‍ നേരിട്ടെത്തി പ്രശ്നം മനസിലാക്കി. നടപടി എടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
മയ്യില്‍ ടൗണില്‍ വച്ചാണ് മണല്‍ ലോറി പിടികൂടിയത്. തുടര്‍ന്നു വില്ലേജ് ഓഫിസറെ ഒരു സംഘം ആളുകള്‍ ഓഫിസില്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ചു ലോറിയുടെ താക്കോലുമായി കടന്നുകളയുകയായിരുന്നുവത്രെ. രണ്ടു മണിക്കൂറിനു ശേഷം തളിപ്പറമ്പ് തഹസില്‍ദാര്‍ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയാണ് വില്ലേജ് ഓഫിസറെ മോചിപ്പിച്ചത്. ഇതു സംബന്ധിച്ച് അരുണ്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും മയ്യില്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കലക്ടര്‍ പി.ബാലകിരണ്‍ ഓഫിസില്‍ എത്തി തെളിവെടുപ്പു നടത്തിയിരുന്നു.
ബന്ദിയാക്കുകയും വില്ലേജ് ഓഫീസ് ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയും ചെയ്‌ത അക്രമികള്‍ക്കെതിരേ നല്‍കിയ പരാതി സമ്മര്‍ദം കാരണം പിന്‍വലിക്കുകയാണെന്നും സത്യസന്ധരായ ഉദ്യോഗസ്‌ഥര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷമില്ലെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ മയ്ില്‍ കയയരളം വില്ലേജ് ഓഫീസര്‍ എസ്. അരുണിനെ ഫെയ്‌സ്‌ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം വിവാദമായത്.
ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിന്റെ തുടക്കം ഇങ്ങനെയാണ് :
ഒരു ഉത്തരേന്ത്യന്‍ സംസ്‌ഥാനത്തിലല്ല, കേരളത്തിലെ എന്റെ സ്വന്തം ഓഫിസിലാണ് ഞാന്‍ മൂന്നര മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായി മണല്‍ കടത്തിയ കുറ്റത്തിന് ഞാന്‍ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോല്‍ മേശവലിപ്പില്‍നിന്നു പിടിച്ചെടുത്ത് രണ്ടു വണ്ടികളും മോചിപ്പിച്ചു. അസഭ്യം പറച്ചിലും വധഭീഷണിയും, ആത്മനിന്ദ തോന്നിയ ദിനങ്ങള്‍… ചിലയിടങ്ങളില്‍ നിന്നുയര്‍ന്ന സമ്മര്‍ദം മൂലം അക്രമകാരികള്‍ക്കെതിരേ ഞാന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഏറ്റവും ആത്മനിന്ദയോടെ അത് ചെയേ്േണ്ടിവരുമെന്നും കുറിപ്പില്‍ പറയുന്നു.
ജൂണ്‍ 15 നാണ് നാല്‍പതോളം വരുന്ന സംഘം അരുണിനെ കയരളം വില്ലേജ് ഓഫിസില്‍ മൂന്നര മണിക്കൂറോളം തടഞ്ഞുവെച്ചത്. അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറിയും മണ്ണ് കടത്തുകയായിരുന്ന ലോറിയും അരുണിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. അല്‍പസമയം കഴിഞ്ഞ് വില്ലേജ് ഓഫിസിലേക്ക് ഇരച്ചുകയറിയ സംഘം അസഭ്യവര്‍ഷങ്ങളുമായി അഴിഞ്ഞാടി. കൊല്ലുമെന്നും കാലുവെട്ടുമെന്നുമുള്ള ഭീഷണിയുമുണ്ടായി. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ലോറി വിട്ടുനല്‍കുകയുള്ളൂവെന്നു പറഞ്ഞപ്പോള്‍ ലോറി കൊണ്ടുപോകാന്‍ തങ്ങള്‍ക്കാറിയാമെന്നായി സംഘം. തുടര്‍ന്ന് ഓഫിസില്‍ നിന്ന് ബലമായി താക്കോലെടുത്തു ലോറിയുമായി കടന്നു. ഇതു സംബന്ധിച്ച് മേലുദ്യോഗസ്‌ഥനു പരാതി നല്‍കിയപ്പോള്‍ തനിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോയെന്നു ചോദിക്കുകയും താന്‍ സ്‌ഥിരം പ്രശ്‌നക്കാരനാണെന്ന് ആക്ഷേപിക്കുകയും ചെയ്‌തുവെന്നും അരുണ്‍ ഫെയ്‌സ്‌ബുക് പോസ്‌റ്റില്‍ പറയുന്നു. റവന്യൂ മന്ത്രിയെ നേരില്‍കണ്ട് വിഷയം ബോധിപ്പിക്കുമെന്നും ജിഷയെപ്പോലെ അജ്‌ഞാതനാല്‍ കൊല്ലപ്പെടാനാഗ്രഹിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തു വന്നതോടെ വിഷയത്തില്‍ ഇടപെട്ട് മറുപടി കുറിപ്പുമായി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ബിജു കണ്ടക്കെ രംഗത്തെത്തി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മയ്യില്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് സപ്ലൈ സൊസൈറ്റി ഒരു പുതിയ ഹോട്ടല്‍ ആരംഭിക്കുന്നുണ്ട്. ഇതു സ്വകാര്യ ഹോട്ടലല്ലെന്ന വാദമാണ് ബിജു ഉന്നയിക്കുന്നത്.
മറക്കണ്ട..ഇത് മയ്യിലാണ്..എന്ന് കുറിപ്പില്‍ ഓര്‍മപ്പെടുത്തുന്ന യുവജന നേതാവ് ഹോട്ടലിന്റെ നിര്‍മ്മാണ ആവശ്യത്തിലേക്ക് മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി കടവില്‍ നിന്ന് രണ്ടു ലോഡ് മണലിന് ഔദ്യോഗിക പാസുള്ളതാണെന്നു സ്‌ഥാപിച്ച് പാസിന്റെ ചിത്രവും ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാരിനെ അപമാനിക്കാനും മാധ്യമങ്ങള്‍ക്കു മുന്നില്‍ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമയാണ് യുവജന നേതാവ് വില്ലേജ് ഓഫീസറുടെ നടപടിയെ കാണുന്നത്.
എന്നാല്‍ ഒരു കടവില്‍ നിന്നു മണല്‍/പൂഴി വാരാന്‍ നല്‍കുന്ന പെര്‍മിറ്റില്‍ വാഹനത്തിന്‍റെ റൂട്ട്, സര്‍വേനമ്പര്‍, ഏതു സമയം മുതല്‍ എത്രമണിവരെ പെര്‍മിറ്റ് അനുവദിച്ചു എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതായുണ്ട്. ബിജു പ്രദര്‍ശിപ്പിച്ച പാസില്‍ ഈ വിവരങ്ങള്‍ ഇല്ല. ഇതനുസരിച്ച് എത്ര സമയം വേണമെങ്കിലും മണല്‍വാരുകയും ഏത് റൂട്ടില്‍കൊണ്ടുപോകുകയും ചെയ്യാം. ഈ വസ്‌തുതകള്‍ ഇല്ലാത്ത മണല്‍ പെര്‍മിറ്റിന് നിയമ സാധുതയില്ലെന്നു പാസിന്റെ താഴെ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ നിയമലംഘനത്തിന് വാഹനം നിയമപരമായി സര്‍ക്കാര്‍ ബന്തവസില്‍ എടുക്കാവുന്നതാണെന്നാണ് നിയമമെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നത്.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തട്ടെ…എന്റെ ഭാഗത്താണ് വീഴ്‌ച എങ്കില്‍ ഈ ജോലി അന്ന് ഞാന്‍ നിര്‍ത്തുമെന്നും ഇടതുപക്ഷ അനുഭാവി കൂടിയായ അരുണ്‍ പറയുന്നത്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സ്‌ഥലം എല്‍.എം.എ. തഹസില്‍ദാരുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ടു ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ പാസുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതായാണ് ഡി.വൈ.എഫ്. ജില്ലാ സെക്രട്ടറി ബിജു കണ്ടക്കെ അവകാശപ്പെടുന്നത്.തഹസില്‍ദാരും കലക്‌ടറുടെ ചുമതലയുള്ള എ.ഡി.എമ്മും പ്രശ്‌നം രമ്യമായി തീര്‍ന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും വിഷയത്തില്‍ മറ്റു പരാതികള്‍ ഇല്ല എന്ന് ജനപ്രതിനിധികളെ അറിയിക്കുകയും ചെയ്‌തതായി ബിജു പറയുന്നു.
അതേസമയം, തല്‍ക്കാലം പ്രതികരണത്തിനില്ലെന്ന നിലപാടാണ് തളിപ്പറമ്പ് തഹസില്‍ദാര്‍ക്ക്. പ്രശ്‌നത്തിന്റെ തുടക്കം മുതലുള്ള എല്ലാ വസ്‌തുതകളും നിയമപരമായി രേഖേപ്പെടുത്തിയിട്ടുണ്ടെന്നും തന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്നുമാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്. അല്ലാത്തപക്ഷം ഭരണഘടന അനുശാസിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്നാണ് അരുണിന്റെ നിലപാട്.