രാഷ്ട്രീയ ലേഖകന്‍
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതിനെച്ചൊല്ലി വിവാദം. വിമോചന യാത്രയില്‍ ആളുകുറഞ്ഞതിനെ തുടര്‍ന്നു മൂന്നു ജില്ലാ കമ്മിറ്റികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മുന്‍പ് പാര്‍ട്ടി പരിപാടികളില്‍ ആളു കുറഞ്ഞാല്‍ നടപടിയെടുക്കുന്ന പതിവ് ബിജെപിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ആര്‍എസ്എസും സംഘപരിവാറും പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന.
തൃശൂര്‍, വയനാട്, എറണാകുളം ജില്ലാ കമ്മിറ്റികള്‍ക്കെതിരെയാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 20 നു കാസര്‍കോട് കുമ്പളയില്‍ നിന്നും ആരംഭിച്ച വിമോചന യാത്ര ഇന്നലെ എറണാകുളം ജില്ലയിലാണ് പര്യടനം നടത്തിയത്. ഓരോ ജില്ലയില്‍ നിന്നും ഓരോ മണ്ഡലത്തില്‍ നിന്നും എത്ര പ്രവര്‍ത്തകരെ വീതം പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ബിജെപി ജില്ലാ കമ്മിറ്റികള്‍ക്കു നല്‍കിയിരുന്നു. ഇതു കൂടാതെയാണ് ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ജാഥയില്‍ ആളുകളെ എത്തിച്ചിരുന്നത്.
എന്നാല്‍, തൃശൂരിലും, എറണാകുളത്തും, വയനാട്ടിലും ബിജെപി പഞ്ചായത്ത് കമ്മിറ്റികള്‍ മുതല്‍ ജില്ലാ കമ്മിറ്റികള്‍ വരെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ജാഥയില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വയനാട് ജില്ലയില്‍ വാളണ്ടിയര്‍മാരായി ബിജെപി നിശ്ചയിച്ച ആളുകള്‍ ജില്ലാ തല പര്യടനത്തിനു എത്തിയപ്പോള്‍ പകുതിയിലേറെ കുറവായിരുന്നു. 180 പേരെയാണ് ജില്ലയില്‍ ഉടനീളെ പര്യടനം നടത്തുന്നതിനായി ബിജെപി പട്ടിക നല്‍കിയത്. എന്നാല്‍, അറുപതു പേര്‍ മാത്രമാണ് മുഴുവന്‍ സമയ വാളണ്ടിയര്‍മാരായി പര്യടനത്തിന്റെ വേദിയില്‍ എത്തിയത്. ഒടുവില്‍ ആര്‍എസ്എസിന്റെ കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ഇത്തരത്തില്‍ ബിജെപി ജില്ലാ കമ്മിറ്റികള്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ മനപൂര്‍വമായ അലംഭാവം യാത്രയുടെ കാര്യത്തില്‍ ഉണ്ടാകുന്നുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കു സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തുന്നതിനോടു അനൂകൂലമായ മനോഭാവ മല്ലെന്നാണ് സൂചനകള്‍. വര്‍ഷങ്ങളോളം തങ്ങള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ബിജെപിക്കു സംസ്ഥാനത്ത് ഒരു സീറ്റു പോലും നേടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തവണ സീറ്റു നേടിയാല്‍ ഇതി കുമ്മനത്തിന്റെയും വെള്ളാപ്പള്ളിയുടെയും മാത്രം ക്രഡിറ്റില്‍ പോകുമെന്നതാണ് ഇവരെ ഭരണത്തിനെതിരായ വികാരത്തില്‍ എത്തിച്ചിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.