സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായതെന്ന് സംവിധായകന്‍ വിനയന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസ്സുതുറന്നത്. 1990 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറില്‍ മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള ഒരു നായകനെ വിനയന്‍ അവതരിപ്പിച്ചിരുന്നു. ജഗദീഷ്, ജഗതി, ഇന്നസെന്റ്, കല്‍പ്പന, മാമുക്കോയ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മാറ്റു താരങ്ങള്‍. ‘മോഹന്‍ലാലിന്റെ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ റിലീസ് ചെയ്യുന്നത്.
ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. വിനയന്‍ സൂപ്പര്‍സ്റ്റാര്‍ ഇറക്കിയത് മോഹന്‍ലാലിനെ തകര്‍ക്കാനാണെന്ന് ചിലര്‍ പറഞ്ഞു. അത്രയും മികച്ചൊരു സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത്? എന്തൊരു വിഡ്ഢികളാണ് അവര്‍. മോഹന്‍ലാലിന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല. അദ്ദേഹത്തിന് ചുറ്റുമുള്ളവരും ചില ഫാന്‍സുകാരുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. പിന്നീടൊരിക്കല്‍ മോഹന്‍ലാലിനെ ഞാന്‍ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു.
പൊള്ളാച്ചിയില്‍ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരാളാണ് മോഹന്‍ലാല്‍. ഞാന്‍ ഒരു സബ്ജക്ടട് ഉണ്ടാക്കാമെന്നും പറഞ്ഞു. എന്നാല്‍ ആ സമയത്താണ് ഫിലിം ചേമ്പറിന്റെ പ്രശ്‌നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാര്‍ ഒപ്പുവയ്ക്കണം എന്ന് ചേമ്പര്‍ പറഞ്ഞു.
എന്നാല്‍ അമ്മ അതിനെ എതിര്‍ത്തു. ആ വിഷയത്തില്‍ ഞാന്‍ ചേമ്പറിനൊപ്പമായിരുന്നു. ആ കരാര്‍ നല്ലതാണെന്ന് എനിക്ക് തോന്നി. ലക്ഷങ്ങള്‍ മുടക്കുന്ന ഒരു കച്ചവടമാണ് സിനിമ. അതില്‍ ഒരു കരാര്‍ ഉണ്ടാകുന്നതില്‍ എന്താണ് പ്രശ്‌നം. ആ വിഷയത്തില്‍ വീണ്ടും അഭിപ്രായ വ്യത്യസമുണ്ടായി. ഞാനും ലാലും എതിര്‍വശത്തായി. അങ്ങനെ തെറ്റിപ്പോയി. അതുകഴിഞ്ഞപ്പോള്‍ ദിലീപിന്റെ വിഷയം വന്നു. പടങ്ങള്‍ പരാജയപ്പെട്ടത് കൊണ്ട് സിനിമയില്‍ നിന്ന് ഒരു സംവിധായകനെ മാറ്റണം എന്ന വിഷയമായിരുന്നു. അതിനും ഞാന്‍ കൂട്ടുനിന്നില്ല. അതോടെ ഞാന്‍ വേണ്ടെന്നായി’- വിനയന്‍ പറഞ്ഞു.