
വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായി നായക വേഷത്തിലാണ് സിജു എത്തുക. ഏറെ നാളത്തെ കഠിനാധ്വാനമാണ് ചിത്രത്തിൽ അഭിനയിക്കാൻ സിജു നടത്തിയത്. അതിനിടെ സിജുവിനെ അപമാനിച്ചുകൊണ്ടു വന്ന ഒരു കമന്റിന് വിനയൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പുതുമുഖനടി നിയ അവതരിപ്പിക്കുന്ന വേലായുധ പണിക്കരുടെ ഭാര്യയായ വെളുത്തയുടെ ക്യാരക്റ്റര്‍ പോസ്റ്ററ്‍ കഴിഞ്ഞ ദിവസം വിനയൻ പങ്കുവച്ചിരുന്നു. അതിന് താഴെയാണ് സിജുവിനെ അപമാനിക്കുന്ന തരത്തിൽ കമന്റ് എത്തിയത്. “എല്ലാം കൊള്ളാം. ബട്ട് പടത്തിലെ നായകൻ താങ്കൾ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാൻ പോകുന്നില്ല” എന്നായിരുന്നു കമന്റ്. വിമർശകനെ തേടി വൈകാതെ വിനയന്റെ മറുപടി എത്തി. തന്റെ നായകനിലുള്ള വിശ്വാസം വ്യക്തമാക്കുന്നതായിരുന്നു മറുപടി. “ഈ സിനിമ കണ്ടു കഴിയുമ്പോൾ മാറ്റിപ്പറയും.. താങ്കള്‍ സിജുവിന്‍റെ ഫാനായി മാറും ഉറപ്പ്..” എന്നാണ് അദ്ദേഹം കുറിച്ചത്.
തൊട്ടുപിന്നാലെ നിരവധി ആരാധകരും സിജുവിന് പിന്തുണയുമായി എത്തി. സിനിമ കാണാതെ ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്. വിനയനെ പ്രശംസിച്ചും കമന്റുകൾ വരുന്നുണ്ട്. തന്റെ സ്വപ്ന സിനിമയിലെ നായകനെ പ്രഖ്യാപിച്ചതു മുതൽ വിനയൻ സൂപ്പർതാരത്തെ നായകനാക്കാതിരുന്നത് എന്താണെന്ന ചോദ്യം നേരിട്ടിരുന്നു. ഇതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ… പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സൂപ്പർസ്റ്റാർ ആയത്. താരമൂല്യത്തിന്‍റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസ്സിനസ്സ് നടക്കുമെന്നല്ലാതെ സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസ്സിനസ്സും പേരും ലഭിക്കൂ.
സിജു വിൽസണിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് പത്തൊൻപതാം നൂറ്റാണ്ടിലേത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.