സിനിമാ ഡെസ്‌ക്
കോട്ടയം: സിനിമകൾക്ക് സെൻസർഷിപ്പല്ല സർട്ടിഫിക്കേഷനാണ് ഉണ്ടാവേണ്ടതെന്ന് സംവിധായകനും ചലച്ചിത്രതാരവുമായ വിനീത് ശ്രീനിവാസൻ. സെൻസർഷിപ്പിന്റെ പേരിൽ സിനിമ കട്ട് ചെയ്യേണ്ടിവരുമ്പോൾ ഒരു സൃഷ്ടിയാണ് ഇല്ലാതാവുന്നത്. സിനിമ അതായി തന്നെ തീയറ്ററിലെത്തണം. കുട്ടികൾക്കും മുതിർന്നവർക്കും കാണാനാവുന്നവിധം സർട്ടിഫിക്കറ്റ്ഏർപ്പെടുത്തുകയാണ് വേണ്ടത്. മറിച്ചാവുമ്പോൾ സിനിമ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ എഴുതുന്ന സാഹചര്യത്തിൽ ദേഷ്യം പ്രകടിപ്പിക്കുന്ന കഥാപാത്രത്തിന്റെ വാക്കുകൾ ഉൾപ്പെടെ പലതും പലപ്പോഴും സെൻസർഷിപ്പിന്റെ പേരിൽ ഒഴിവാക്കേണ്ടി വരാറുണ്ട്. അത് പലതരത്തിലും കഥയോടും സിനിമയോടുമുള്ള ഒത്തുതീർപ്പാവാറുണ്ട്. പരിധികളും പരിമിതികളും ഇല്ലാതെ സിനിമ ചെയ്യാൻ കഴിഞ്ഞാലേ ഒരു നല്ല സിനിമയാവൂ എന്നും വിനീതി ചൂണ്ടിക്കാട്ടി.
ഒരു ചെറിയ സിനിമ ചെയ്യുമ്പോൾ അതിലെ ഓറോ നിമിഷവും വിലപ്പെട്ടതാണ്. സിനിമയ്ക്ക് പുറത്തുനിന്നും ഒരു പരസ്യചിത്രമോ, മറ്റന്തെങ്കിലുമോ കാണിക്കേണ്ടി വരുമ്പോൾ പോലും കുറവുവരുന്നത് സിനിമയ്ക്കായുള്ള സമയമാണ്. ദേശീയഗാനത്തിനായി തീയറ്ററിൽ സമയം നൽകുമ്പോഴും ഇതാണ് സംഭവിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ സിനിമയുടെ സമയം അപഹരിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പരസ്യം പോലും സിനിമയുടെ സമയത്ത് കാണിക്കേണ്ടി വരുന്നുണ്ടെന്നും വിനീത് ചൂണ്ടിക്കാട്ടി.
പുതിയ ചലച്ചിത്രമായ എബിയുടെ പിന്നണിപ്രവർത്തകരും മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. സംവിധായകൻ ശീകാന്ത് മുരളി, സംഗീത സംവിധായകൻ ജയ്‌സൺ ജെ നായർ, നിർമ്മാതാവ് സുവിൻ കെ വർക്കി എന്നിവരും മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ ഹിറ്റ്‌സിന്റെ ബാനറിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരി 20ന് തീയറ്ററിലെത്തും.