എസ്.എഫ്.ഐക്കാര്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ സൈബര്‍ സഖാക്കളുടെ ആക്രമണം, രാത്രിയിലും തെറിവിളി; കോണ്‍ഗ്രസ്സുകാരെ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി; അന്തിച്ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിക്കുന്ന വിനു വി ജോണ്‍ പറയുന്നു

അന്തിച്ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിക്കാറുള്ള രാഷ്ട്രീയ മത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ള അവതാരകര്‍ പലപ്പോഴും അതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സിന്ധു സൂര്യകുമാറിന് നേരെ ഇത്തരത്തില്‍ ആക്രമണം നടന്നിട്ട് അധികകാലമായില്ല. ഇപ്പോള്‍ ിത്തരത്തില്‍ ആക്രമണത്തിന് വിധേയനായിരിക്കുന്ന വ്യക്തിയാണ് ഓഷ്യാനെറ്റ് ന്യൂസ് ചാനലിലെ സീനിയര്‍ വാര്‍ത്താ അവതാരകനായ വിനു വി ജോണ്‍. അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളത്തില്‍ ഏത് പക്ഷം പിടിച്ചു ചര്‍ച്ച ചെയ്താലും എതെങ്കിലും ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തും. ഇങ്ങനെ ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന വ്യക്തിയാണ് വിനു വി ജോണ്‍. ഏത് വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും മുന്‍കൂറായി നിലപാട് ഉറപ്പിച്ച്് അത് ധൈര്യപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ മടികാണിക്കാത്ത വിനുവിന്റെ ചര്‍ച്ചകളില്‍ നിന്നും അതിഥികള്‍ ഇറങ്ങിപോയ ചരിത്രവുമുണ്ട്.

ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ നിരന്തരം ക്രൂശിക്കപ്പെട്ട വ്യക്തികൂടിയാണ് വിനു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആ സര്‍ക്കാറിന്റെ അഴിമതികള്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ വിനുവിന്റെ നിലപാടുകള്‍ ഇടത് പക്ഷത്തിന് അനുകൂലമാണെന്നും വിനു പഴയ എസ്എഫ്‌ഐക്കാരനാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭരിക്കുന്നവരെ തിരുത്തുക എന്ന മാദ്ധ്യമ ധര്‍മ്മം തന്നെയാണ് വിനു അടക്കമുള്ളവര്‍ സ്ഥിരമായി കൈക്കൊള്ളുന്നതും. യുഡിഎഫ് കാലത്തെ ചര്‍ച്ചകളുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൊടുത്ത കേസ്സിലെ പ്രധാന പ്രതി വിനു വി ജോണ്‍ ആയിരുന്നു. അന്ന് വിനുവിനെ അഭിനന്ദിച്ചവരും ധീരമായ നിലപാടെടുക്കുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞ് അഭിനന്ദിച്ച ഇടത് പക്ഷം തന്നെ ഇപ്പോള്‍ വിനുവിനെതിരെ രംഗത്ത് വന്നിരിക്കുന്നു. ഇതിന്റെ കാരണവും വ്യക്തമാണ്. സര്‍ക്കാറിന്റെ വീഴ്ച്ചകളെ ചൂണ്ടിയുള്ള വിമര്‍ശനം തന്നെയാണ വിനുമിനെ ഇടതുപക്ഷത്തിന് അനഭിമതനാക്കിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ ഇപ്പോഴും തന്നോട് ക്ഷമിച്ചിട്ടില്ലെന്നാണ് വിനു വി ജോണ്‍ സമകാലീക മലയാളം എന്ന ആഴ്ച്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ലോ അക്കാദമി വിഷയത്തില്‍ അവിടുത്തെ സമരവുമായി ആദ്യം മുന്നോട്ട വന്ന സംഘടനകളെ പിന്തുണയ്ച്ചുവെന്നും യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര വിഷയത്തില്‍ ജെയ്ക്കിനെ അക്രമിക്കാന്‍ ചര്‍ച്ചയില്‍ അവസരം നല്‍കിയെന്നതാണ് പോരാളികളുടെ ക്രോദത്തിന് കാരണം.യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കിയതും മഹാ പാപമായിപ്പോയി. ആ പെണ്‍കുട്ടികള്‍ തന്നെ പറയുന്നുണ്ട് ഞങ്ങള്‍ക്ക് ഇതൊന്നും പറയാന്‍ വേറെ വേദി കിട്ടില്ലെന്ന് അപ്പോള്‍ അവസരം കൊടുത്തതില്‍ എന്താണ് തെറ്റെന്നും വിനു ചോദിക്കുന്നു.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെ ന്യൂസ് അവറില്‍ യൂണിവേഴ്‌സിറ്റി കോളെജിലെ രണ്ടുപെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതും ജെയ്ക്കിന് ഉത്തരം മുട്ടിയതുമാണ് ഇപ്പോഴത്തെ പ്രകോപനം. അതില്‍ നമ്മള്‍ ഒന്നും ചെയ്തില്ല. ആ പെണ്‍കുട്ടികളില്‍ ഒരാള്‍ പറഞ്ഞത് താന്‍ എസ്എഫ്‌ഐക്കാരി തന്നെയാണ് എന്നാണ്. നിങ്ങള്‍ക്ക് സംസാരിക്കാന്‍ നിരവധി വേദികള്‍ വേറെ കിട്ടും സഖാവെ, ഞങ്ങള്‍ക്ക് ഇത് മാത്രമേയുള്ളൂ അവസരം എന്നുപറഞ്ഞ് ആ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ കൊടുത്തു. രണ്ടു പെണ്‍കുട്ടികളെ മര്‍ദിച്ചു എന്ന് അവര്‍ തന്നെ പറയുന്നു. അവരത് പറയുമ്പോള്‍ നമ്മള്‍ അവസരം കൊടുക്കേണ്ടതല്ലേ. ആ പയ്യനും കാര്യമായി മര്‍ദനമേറ്റിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണല്ലോ. പിന്നെ യൂണിവേഴ്‌സിറ്റി കോളെജ് ക്യാംപസില്‍ പുറത്ത് നിന്നൊരാള്‍ കയറി എന്നാണ് പരാതിയെങ്കില്‍ അത് നേരിടാന്‍ വേറെ മാര്‍ഗങ്ങളില്ലേ അല്ലാതെ മര്‍ദിക്കലും അപമാനിക്കലും അല്ലല്ലോ വേണ്ടത്.

എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമങ്ങള്‍ വിനു ശ്രദ്ധിക്കാറില്ല. സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല ആരെങ്കിലും ഫോര്‍വേഡ് ചെയ്യുന്നത് മാത്രമാണ് കാണാറുള്ളത്.സമീപകാലത്തായി ഏഷ്യാനെറ്റ് ന്യൂസില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളും വിനുവിന്റെ ഇടപെടലുകളും സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തുന്ന തലത്തിലായിരുന്നു. ഇതാണ് സിപിഎമ്മിന് വിനുവിനോട് അലോസരമുണ്ടാകാന്‍ കാരണം.ലോ അക്കാദമി വിഷയം പോലും വലുതാക്കിയത് വിനു വി ജോണ്‍ ആണെന്ന് നാരായണന്‍ നായരുടെ മകന്‍ കൈരളി ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ക്യാമ്പസിനുള്ളില്‍ തീരേണ്ട പ്രശ്‌നമാണ് വിനു വലുതാക്കിയതെന്ന് ആരോപണവുമുണ്ടായിരുന്നു നാരായണന്‍ നായരുടെ മകന്‍ നാഗരാജന്‍ ഉന്നയിച്ചത്.

പേരൂര്‍ക്കട വഴിയാണ് താന്‍ വീട്ടിലേക്ക് വരികയും പോകുകയും ചെയ്യുന്നത്. ലോ അക്കാദമിയിലെ സമരത്തിന്റെ ആദ്യ ദിവസങ്ങള്‍ മുതല്‍ത്തന്നെ ഈ വിദ്യാര്‍ത്ഥികളോടൊക്കെ സംസാരിക്കുമായിരുന്നു. എസ്എഫ്ഐക്കാരുടെ ഉള്‍പ്പെടെ സമരപ്പന്തലുകളില്‍ പോവും. വി.മുരളീധരന്‍ നിരാഹാരം തുടങ്ങിയ അന്നുരാത്രി അദ്ദേഹത്തിന്റെ സമരപ്പന്തലില്‍ പോയി. മറ്റെല്ലായിടത്തും പോയി. പിന്നെ കെ.മുരളീധരന്‍ നിരാഹാര സമരം തുടങ്ങിയ അന്നു രാവിലെ ആ പന്തലിലും കയറി. അപ്പോഴേക്കും വി. മുരളീധരന്‍ മാറി വി.വി രാജേഷ് ബിജെപിയുടെ സമരം തുടര്‍ന്നിരുന്നു.രാജേഷിനെയും കണ്ടു. ഈ രണ്ടു ഫോട്ടോകള്‍ പ്രിന്റെടുത്ത ഇവര്‍ മോശമായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമരത്തിന് എന്റെ പിന്തുണ എന്ന മട്ടില്‍.

മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ പാതിരാത്രി കഴിഞ്ഞുവരെ ഫോണില്‍ അസഭ്യവര്‍ഷം കേള്‍ക്കേണ്ടി വരികയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണ്‍. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ കോളജ് ഭരണാധികാരി കൃഷ്ണദാസിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചതിന് രാത്രി രണ്ടു മണിക്കു വരെ ഫോണില്‍ അസഭ്യവര്‍ഷമുണ്ടായെന്ന് സമകാലിക മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിനു പറഞ്ഞിരുന്നു.

‘രാത്രി രണ്ടു മണിക്കു ഫോണില്‍ വിളിച്ചിട്ട് ചോദിച്ചത് നിനക്ക് എത്ര രൂപ കിട്ടിയെടാ മറ്റവനേ എന്നാണ്. അതു വലിയ ക്യാംപയിന്‍ ആയിരുന്നു. കൃഷ്ണദാസിനെ സംസാരിക്കാന്‍ അനുവദിച്ചത് പണം വാങ്ങിയാണ് എന്നു പ്രചരിപ്പിച്ചു. അതേ ആളുകള്‍ ലക്ഷ്മി നായര്‍ക്കു സംസാരിക്കാന്‍ അവസരം കൊടുത്തപ്പോള്‍ മിണ്ടിയില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്താണെന്നു വച്ചാല്‍ ജിഷ്ണു കോപ്പിയടിച്ചതാണ് എന്ന കൃഷ്ണദാസിന്റെ ആരോപണം റോക്കോര്‍ഡ് ചെയ്ത രേഖയായി മാറിയിരിക്കുന്നു. അത് ആ കേസില്‍ വലിയൊരു തെളിവായി മാറും എന്നാണ് തോന്നുന്നത്. അതിനു ശേഷം അയാള്‍ ചര്‍ച്ചയ്ക്ക് ഒരിടത്തും പോയിട്ടില്ല.’-വിനു അഭിമുഖത്തില്‍ പറയുന്നു.

ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസി എന്ന നിലയില്‍ തന്നെക്കുറിച്ചു നടക്കുന്ന പ്രചാരണത്തിനുള്ള വിശദീകരണവും വിനു അഭിമുഖത്തില്‍ പറയുന്നണ്ട്. ‘ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയാണ്. പള്ളിയില്‍ പോകുന്ന വിശ്വാസി. പക്ഷേ. സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിരേ മറുവിഭാഗം നിലപാടു സ്വീകരിച്ചതിനേക്കാള്‍ അഗ്രസീവ് നിലപാടാണു ഞാന്‍ എടുത്തത്. തൃക്കുന്നപ്പുഴ സെമിനാരി പ്രശ്‌നത്തില്‍ റോഡിന് അരുകില്‍ കട്ടിലിട്ട് ഓര്‍ത്തഡോക്‌സ് സഭാ പിതാവ് നിരാഹാരം തുടങ്ങിയല്ലോ? തോമാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ പിതാവ് എന്നാണു പറയാറ്. അങ്ങനെയുള്ള പിതാവെന്തിനാണു നടുറോഡില്‍ കട്ടിലിട്ട് ഇരിക്കുന്നതെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചതു ഞാനാണ്. ഞാന്‍ വിശ്വസിക്കുന്ന സഭയുടെ പരമാദ്ധ്യക്ഷനെക്കുറിച്ച് അവരുടെ ബിഷപ്പിനോടു തന്നെയാണു ചോദിച്ചത്. വിനു പറയുന്നു

Top