ചണ്ഡിഗഡ്: കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി.ബലാത്സംഗക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി. കോടതി വിധി പുറത്തുവന്നതിനു പിന്നാലെയുണ്ടാകുന്ന അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും അപലപനീയമാണെന്നും എല്ലാ പൗരൻമാരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
ആൾദൈവത്തിനെതിരായ വിധി വന്നതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 32 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. 250ൽ അധികംപേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. വിധി പ്രസ്താവം വന്നതിനുപിന്നാലെ ഗുർമീത് റാം അനൂകൂലികൾ പോലീസ് സ്റ്റേഷനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും ഡൽഹിയിലും ഉത്തർപ്രദേശിലും റാം റഹീം അനുകൂലികൾ കലാപമുണ്ടാക്കുകയാണ്. കോടതി പരിസരത്ത് മാധ്യമ പ്രവർത്തകർക്കു നേരെ ആക്രമം ഉണ്ടായി. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകൾ (തത്സമയ ദൃശ്യങ്ങൾ നൽകുന്ന വാഹനം) അഗ്നിക്കിരയാക്കി.
Violence and damage to public property after court verdict is highly condemnable; appeal to all citizens to maintain peace #PresidentKovind
— President of India (@rashtrapatibhvn) August 25, 2017
15 വർഷം മുന്പ് ഗുർമീതിന്‍റെ അനുയായിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. പരാതിക്കാരിയായ സ്ത്രീ അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയ്, ചണ്ഡിഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് സ്വയം പ്രഖ്യാപിത ആൾ ദൈവത്തിനെതിരേ അന്വേഷണമുണ്ടായത്. ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാൽ, തനിക്കു ലൈംഗിക ശേഷിയില്ലെന്നായിരുന്നു കോടതിയിൽ ഗുർമീത് റാം റഹീം അവകാശപ്പെട്ടത്.