സംസ്ഥാനത്തൊട്ടാകെ ഏപ്രിലില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 8 പേരും ഈ വര്‍ഷം 19 പേരും മരിച്ചു.
മറ്റ് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിതര്‍ കുറയുമ്പോഴും തിരുവനന്തപുരത്തെ പനിബാധിതരുടെ എണ്ണം കുറയുന്നില്ല. കേരളത്തില്‍ ആകെ 41 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 30 പേരും തിരുവനന്തപുരത്തുകാരാണ്. 33 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലുമാണ്. ഏപ്രില്‍ 10 ന് ശേഷം ഡെങ്കിബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ല എന്നതാണ് ഏക ആശ്വാസം.
തിരുവനന്തപുരം കഴിഞ്ഞാല്‍ തൃശൂരാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ എട്ട് പേര്‍ക്ക് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ജില്ലയില്‍ 22 പേര്‍ നിരീക്ഷണത്തിലാണ്. കേരളമാകെ പനി ബാധിച്ച് 7643 പേര്‍ ചികിത്സ തേടി. ഇതില്‍ 216 പേര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കിടക്കുന്നു. കേരളമാകെ 94 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലാണ്. എച്ച് 1 എന്‍ 1 സംശയിക്കുന്ന 13 പേരില്‍ 5 പേര്‍ എറണാകുളം ജില്ലക്കാരും 4 പേര്‍ കൊല്ലം ജില്ലക്കാരും 2 പേര്‍ തിരുവനന്തപുരത്തുകാരുമാണ്. കരകുളം, വിളപ്പില്‍, പുല്ലുവിള, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലുള്ളവരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
കേരളത്തില്‍ എലിപ്പനി സ്ഥിരീകരിച്ച നാലു പേരും തിരുവനന്തപുരം ജില്ലക്കാരാണ്. പനി റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല, നാവായിക്കുളം, പൂജപ്പുര എന്നിവിടങ്ങളില്‍ പനി പടരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇപ്പോള്‍ പനി നിയന്ത്രണവിധേയമാണെന്നും, പനി നിയന്ത്രണത്തിനായി ബാധിത ജില്ലകളില്‍ ജില്ലാകളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രികളില്‍ പനിക്കായി പ്രത്യേകം വാര്‍ഡുകളും തുറന്നിട്ടുണ്ട്. പരിശോധനാക്കിറ്റും നല്‍കി. ലാബ് ടെക്‌നിഷ്യന്മാരുടെ കുറവുള്ള ആശുപത്രികളില്‍ താത്കാലിക നിയമനവും നടക്കുന്നു.
ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണങ്ങളുള്ളവര്‍ക്ക് സാധാരണ സമയം കൊണ്ട് പനി കുറയാതിരിക്കുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ അടിയന്തരമായി ഡോക്ടറെ കണ്ട് ചികിത്സിക്കണം. ഗര്‍ഭിണികള്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.