സ്‌പോട്‌സ് ഡെസ്‌ക്
പതിനൊന്നാം തവണയും ലോകകപ്പിന്റെ ഏതെങ്കിലും ഫോർമാറ്റിൽ പാക്കിസ്ഥാനെ അട്ടിമറിച്ച ഇന്ത്യയ്‌ക്കൊപ്പം വീരനായകൻ വിരാട് കോഹ്ലിയ്ക്കും അഭിനന്ദനപ്രവാഹം. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുഅടക്കം ഇന്ത്യയിലെ സമസ്ത മേഖലയിലെയും പ്രമുഖർ തങ്ങളുടെ പ്രിയ താരത്തിനെ അഭിനന്ദനം കൊ്ണ്ടു മൂടി. ക്രിക്കറ്റ് ലോകം ചർച്ചചെയ്യുന്നത്, ആ അർധശതകത്തെക്കുറിച്ചാണ്. ഇതിഹാസതാരങ്ങളുൾപ്പെടെ അഭിനന്ദനം കൊണ്ട് മൂടുകയാണ് വിരാട് കോഹ്ലിയെ. ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിനും സ്റ്റീവ് വോയും ഉൾപ്പെടെയുള്ളവർ പോരാട്ടം കാണാൻ നേരിട്ട് കൊൽക്കത്തയിലെത്തിയിരുന്നു. വിരാട് കോഹ്ലിയെ അഭിനന്ദിക്കാനും നന്ദി പറയാനും സച്ചിൻ തയ്യാറായി. ഇന്നിംഗ്‌സ് സച്ചിന് സമർപ്പിച്ച്, അർധശതകം നേടിയപ്പോൾ കോഹ്ലി സച്ചിനെ അഭിവാദ്യം ചെയ്തിരുന്നു.
മോശം പിച്ചിലും മികച്ച പ്രകടനം കാഴ്ച വെച്ച കോഹ്ലിയെ അഭിനന്ദിച്ച് ബാറ്റിംഗ് ഇതിഹാസം ബ്രയന്ഡ ലാറയും രംഗത്തെത്തി. അഫ്രീദിയിൽ നിന്നും ഷോയിബ് മാലിക്കിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചതായും ലാറ ട്വീറ്റ് ചെയ്തു. ആ പിച്ചിൽ വിരാട് കോഹ്ലിയടിച്ച 50 റൺസിന് ചുരുങ്ങിയത് 237 റൺസിന്റെ മൂല്യമുണ്ടെന്നായിരുന്നു ഗ്ലൻ മാക്‌സ് വെൽ അഭിപ്രായപ്പെട്ടത്. തന്റെ 20 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് കോഹ്ലിയെന്ന് പെഷവാർ എക്‌സ്പ്രസ് ഷോയിബ് അക്തർ പറഞ്ഞു.പാക്കിസ്ഥാൻ പരമാവധി പരിശ്രമിച്ചെന്നും അത്കർ ട്വീറ്റ് ചെയ്തു.
കടുത്ത സമ്മർദത്തിലും ക്ലാസിക്കായ പ്രകടനമാണ് കോഹ്ലി കാഴ്ച വെച്ചതെന്നായിരുന്നു ശ്രീലങ്കൻ മുൻ താരം ജയവർദന അഭിപ്രായപ്പെട്ടത്. സച്ചന് അർധശതകം സമർപ്പിച്ചതിനെക്കുറിച്ചായിരുന്നു ഹർഷ ബോദ്‌ളെയ്ക്ക് പറയാനുണ്ടായിരുന്നത്. കോഹ്ലിയെ അഭിനന്ദിച്ച് പ്രമുഖ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ടോം മൂഡിയും രംഗത്തെത്തിയിട്ടുണ്ട്.
കോഹ്ലിയിൽ നമ്മൾ വിശ്വസിക്കുന്നുവെന്നാണ് ഇന്ത്യയുടെ ടെന്നീസ് ഇതിഹാസമായ മഹേഷ് ഭൂപതിക്ക് പറയാനുണ്ടായിരുന്നത്. ഇന്ത്യയ്ക്ക് ബല്ലേ ബല്ലേ പറഞ്ഞാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ സന്തോഷം പങ്കുവെച്ചത്. കോഹ്ലിയെ അഭിനന്ദിക്കാനും സാനിയ പാക്കിസ്ഥാന്റെ മരുമകളായ സാനിയ മറന്നില്ല.
കോഹ്ലിയെ അഭിനന്ദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും, ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറും രംഗത്തെത്തിയിട്ടുണ്ട്. ടെലഗ്രാഫ് പത്രത്തിന്റെ ഇന്നത്തെ ഒന്നാം പേജ് സച്ചിന് ഇന്നിംഗ്‌സ് സമർപ്പിക്കുന്ന കൊഹ്ലിയുടേതാണ്. എല്ലാ മാധ്യമങ്ങളും ഇന്ന് കോഹ്ലിയിലൂടെയാണ് ആഘോഷിച്ചത്. ചുരുക്കത്തിൽ ഇന്നലെ രാത്രി മുതൽ ക്രിക്കറ്റ് ലോകം പരയുന്നത്, നമ്മുടെ ഉപനായകനെക്കുറിച്ച് മാത്രമാണ്.