പാര്‍ലമെന്റെ നിര്‍ദേശത്തെ മാനിച്ച് സ്വദേശികളെ വിവാഹം ചെയ്ത വിദേശി വനിതകള്‍ക്കുള്ള വിസ കാലാവധി രണ്ടില്‍നിന്ന് അഞ്ചു വര്‍ഷമായി ഉപാധികളോടെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനമായി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ യുഎഇ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ശക്തമാക്കാന്‍ സന്ദര്‍ശനം കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നടത്തിയ സന്ദര്‍ശനം സാമ്പത്തിക, രാഷ്ട്രീയ തലങ്ങളില്‍ കൂടുതല്‍ പുരോഗതിക്കു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര തലത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ബഹ്‌റൈന്‍ പ്രഥമവനിതയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പഴ്‌സനുമായ ഷെയ്ഖ സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെ പേരില്‍ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയ നടപടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ സ്ത്രീകളുടെ വളര്‍ച്ചയും അവസര സമത്വവും ഉറപ്പുവരുത്താന്‍ ഇത്തരം ഉദ്യമങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്കെതിരെ ബഹ്‌റൈന്‍ സ്വീകരിച്ച നടപടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച യുഎസ് നിലപാടിനെ മന്ത്രിസഭ അഭിനന്ദിച്ചു. മനുഷ്യാവകാശ മേഖലയില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടം വ്യക്തമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കുന്നതിനും പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കു മന്ത്രിസഭ നന്ദി അറിയിച്ചു. സര്‍ക്കാര്‍ ഭൂമി നിക്ഷേപ സംരംഭങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി.