യുഎഇയിലേക്കുള്ള തൊഴില്‍ വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍; സേവനം മലയാളത്തിലും ലഭിക്കും

യുഎഇ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് തൊഴില്‍വിസ നടപടികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നതോടെ പ്രധാന വിസാ നടപടികളെല്ലാം നാട്ടിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ അപേക്ഷകര്‍ക്ക് കഴിയും. ആപ്ലിക്കേഷന്റെ സേവനം മലയാളത്തിലും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ആസ്ഥാനത്താണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. എംബസി ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കോണ്‍സുലാര്‍ സെക്ഷന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. മെഡിക്കല്‍ പരിശോധന, രേഖകളുടെ അറ്റസ്റ്റേഷന്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലഭിക്കുന്ന ആപ്ലിക്കേഷന്റെ സേവനം താമസിയാതെ മലയാളത്തിലും ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ യുഎഇയിലാണ് നടന്നിരുന്നത്. അത് ഇപ്പോള്‍ ഇന്ത്യയിലേക്ക് മാറുകയാണെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ വിസാ അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ കുറക്കാനാണ് എംബസി ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷന്‍ വഴി തൊഴില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു ഇലെത്തി തൊട്ടടുത്ത ദിവസം നിയമപരമായി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വിശദീകരിച്ചു.

Top