എംഎം മണി നാവടക്കം ശീലിക്കണം; വണ്‍ ടീ ത്രീ പ്രസംഗം കൊണ്ട് ഇടതുപക്ഷത്തിന് ഗുണമൊന്നുമുണ്ടായിട്ടില്ല; സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രീകന്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലാണ് സ്വാമി ലേഖനെമഴുതിയിരിക്കുന്നത്.വിവിധ വിഷയങ്ങളില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും അനുകൂലമായ നിലപാടു സ്വീകരിക്കുന്ന ആളാണ് സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി.

മലയാളിയുടെ മാതൃഭൂമിയും മഹിജമാതാവും എന്ന തലക്കെട്ടിലാണു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിക്കാത്ത അമൃതാനന്ദമയിയെ അമ്മയായി ആഘോഷിക്കുന്നതിനേക്കാളും ഉചിതം നൊന്തുപെറ്റ മഹിജ എന്ന മാതാവിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതാണ്. സ്വാശ്രയ പ്രസ്ഥാനത്തിന്റെ കാശുപിടുങ്ങി ചെകുത്താന്മാര്‍ക്ക് ഇരയായി ആത്മാഹുതി ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയുടെ നിലവിളിക്കു നല്‍കിയ പ്രാധാന്യത്തിന്റെ നൂറിലൊന്നു പ്രധാന്യം ശാഖയില്‍നിന്നു വിട്ടുമാറിയതിന്റെ പേരില്‍ ആര്‍എസ്എസ് കാപാലികര്‍ ചവിട്ടിക്കൊന്ന ആലപ്പുഴയിലെ നിഷ്പക്ഷ മാധ്യമങ്ങള്‍ നല്‍കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മുടെ നാട്ടിലെ മാധ്യമപ്രവര്‍ത്തനരംഗം എല്ലായ്‌പോഴും നിഷ്പക്ഷമല്ലെന്നാണ് ഇതു തെളിയിക്കുന്നത്. മഹിജയെ റോഡിലിട്ടു വലിച്ചിഴച്ചു എന്നാണു മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. എന്നാല്‍ ഇങ്ങനെ ഒരു വീഡിയോ ദൃശ്യത്തിലും കാണാനില്ല. ചോറ്റാനിക്കര മകം തൊഴാനോ ശബരിമല മകരവിളക്കു ദര്‍ശിക്കാനും ഉണ്ടാകുന്ന ഉന്തിത്തള്ളലിനിടെ തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ക്കു സമാനമായിരുന്നു പൊലീസ് ആസ്ഥാനത്തെ നടപടി.

പിണറായി വിജയന്‍ സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ തക്കം പാര്‍ത്തിരുന്നവര്‍ക്കു ആഘോഷിക്കാന്‍ അവസരം നല്‍കിയ സംഭവമായിരുന്നു ഇതെന്നാണ് സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി പറയുന്നത്. ഒരു ഡോക്ടറെ കാണാന്‍ പോയാല്‍ ആദ്യം ടോക്കണ്‍ വാങ്ങി ഊഴം കാത്തിരിക്കണം. രോഗിയോടൊപ്പം ചെല്ലുന്നവര്‍ക്കെല്ലാം ഡോക്ടറുടെ കാബിനിലേക്കു പോകാനാവില്ല. ഇതൊക്കെ ഏതു സ്ഥാപനത്തിലും ഉണ്ട്. ഡോക്ടര്‍മാര്‍ക്കും ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും സഭാകമ്പമുണ്ടാകുന്നതുകൊണ്ടല്ല ഇത്, ഒരു അച്ചടക്കം ഉണ്ടാകാന്‍ വേണ്ടിയാണ്. മഹിജയടക്കം ആറുപേരെ കടത്തി വിടാന്‍ പൊലീസ് തയാറായിരുന്നു. കൂടെ വന്നവരെയെല്ലാം കടത്തിവിടണം എന്ന വാശിയുണ്ടായപ്പോഴാണ് പൊലീസ് തടസപ്പെടുത്തിയത്. ആവേശത്തിന്റെ ആലോചനാശൂന്യമായ അതിവൈകാരികതയെ അഭിമുഖീകരിക്കുമ്പോള്‍ പൊലീസുകാരും വികാരാവേശബാധിതരായെന്നും സ്വാമി പറയുന്നു.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ
നേരും പോരും
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥം എഴുതിയ ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി സഖാവ് ഇഎംഎസിന്റെ മന്ത്രിസഭയുടെ 60ാ!ം വാര്‍ഷിക ദിനത്തില്‍, മലയാളികളുടെ മാതൃഭൂമി ചര്‍ച്ച ചെയ്തത് മഹിജ എന്ന മാതാവിനെ കുറിച്ചാണ്. മഹിജയെപ്പറ്റി ചര്‍ച്ചയുണ്ടായതില്‍ സന്തോഷമേയുള്ളൂ. കാരണം, ലോക ദൃഷ്ടിയില്‍ പ്രസവിക്കാത്തവളായ അമൃതാനന്ദമയിയെ ‘അമ്മ’യായി കൊണ്ടാടുന്നതിലുള്ളതിനേക്കാള്‍ സഹജവീര്യവും സത്യസന്ധതയും നൊന്തുപ്രസവിച്ച് ‘അമ്മ’യായ ഒരു സ്ത്രീയെപ്പറ്റി ചര്‍ച്ചചെയ്യുന്നതില്‍ അമ്മയുള്ളവര്‍ക്കെല്ലാം കണ്ടെത്താനാവും.

പക്ഷേ, സ്വാശ്രയ പ്രസ്ഥാനത്തിന്റെ കാശുപിടുങ്ങി ചെകുത്താന്മാര്‍ക്ക് ഇരയായി ആത്മാഹുതി ചെയ്ത ജിഷ്ണു പ്രണോയിയുടെ ‘അമ്മ’യുടെ നിലവിളിക്ക് നല്‍കിയ പ്രാധാന്യത്തിന്റെ നൂറിലൊരംശം പ്രാധാന്യം ശാഖയില്‍ നിന്നു വിട്ടുമാറിയതിന്റെ പേരില്‍ ആര്‍എസ്എസ് കാപാലികര്‍ ചവിട്ടിക്കൊന്ന ആലപ്പുഴ ജില്ലയിലെ വിദ്യാര്‍ത്ഥിയായിരുന്ന അനന്തുവിന്റെ അമ്മയുടെ കണ്ണീരിനു മലയാളികളുടെ ‘മാതൃഭൂമി’യായ കേരളത്തിലെ നിഷ്പക്ഷ മാധ്യമങ്ങള്‍ നല്‍കിയില്ല. ഇതു നമ്മുടെ മാധ്യമപ്രവര്‍ത്തനരംഗം എല്ലായ്‌പ്പോഴും നിഷ്പക്ഷമല്ലെന്നുതന്നെയാണ് തെളിയിക്കുന്നത്!

മകന്റെ ജീവന്‍ കുരുന്നിലേ നുള്ളിയെടുത്ത കാപാലികരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിജിപിയെ കാണാനെത്തിയ മഹിജ എന്ന മാതാവിനേയും ബന്ധുക്കളെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് റോഡിലിട്ടു വലിച്ചിഴച്ചു എന്നാണു മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തത്. എന്നാല്‍ ഇതേ മാധ്യമങ്ങളുടെ ഒരു വീഡിയോ ദൃശ്യത്തിലും മര്‍ദ്ദനവും വലിച്ചിഴയ്ക്കലും ഒന്നും ഇല്ല. ആകെ കാണാനാവുന്നത് ചോറ്റാനിക്കര മകം തൊഴല്‍ ദിനത്തിലും ശബരിമല മകരവിളക്കു ദിനത്തിലും ഉന്തിത്തള്ളല്‍ ഉണ്ടാവുമ്പോള്‍ തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ക്ക് സമാനമായ ദൃശ്യങ്ങള്‍ മാത്രമാണ്. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ നിന്നു ബഹളം കൂട്ടിയവരെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിനിടയില്‍ ഏന്തെങ്കിലും മര്‍ദ്ദനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

അനാവശ്യമായ വിവാദങ്ങള്‍ക്കും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ആഘോഷിക്കുവാന്‍ അവസരം നല്‍കിയതുമായ അനാശാസ്യസംഭവം ഉണ്ടാവാന്‍ കാരണമായത് എന്തുകൊണ്ട്? നിയമപരമായ സാങ്കേതികത്വം മാനിക്കാത്ത വൈകാരികമായ പിടിവാശി! ഇതാണു മേലുന്നയിച്ച ചോദ്യത്തിനു നല്‍കാവുന്ന ചുരുക്കത്തിലുള്ള മറുപടി. നമ്മുടെ കയ്യില്‍ നിന്നു കാശുവാങ്ങി നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ കാണാന്‍ പോലും ആദ്യം ടോക്കണ്‍ വാങ്ങി ഊഴം കാത്തുനില്‍ക്കണം. എന്നാലും രോഗിയോടൊപ്പം ചെന്നവര്‍ക്കെല്ലാം ഡോക്ടറുടെ കാബിനിലേയ്ക്ക് പ്രവേശിക്കാനാവില്ല. ഇത്തരം ചിട്ടവട്ടങ്ങളൊക്കെ ഏതു സ്ഥാപനത്തിലും ഉണ്ട്.

ഇതൊക്കെ ഏര്‍പ്പെടുത്തിയിട്ടുള്ളത് ഡോക്ടര്‍മാര്‍ക്കും ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ ‘സഭാകമ്പം’ ഉണ്ടാവാതിരിക്കാനല്ല; ഒരു അച്ചടക്കം ഉണ്ടാക്കാനാണ്. ഡിജിപി മഹിജ ഉള്‍പ്പെടെ ആറുപേര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. അവരെ കടത്തിവിടുവാന്‍ പൊലീസ് തയ്യാറുമായിരുന്നു. കൂടെ വന്നവരെയെല്ലാം കടത്തിവിടണം എന്ന വാശിയുണ്ടായപ്പോഴാണ് പൊലീസ് തടസപ്പെടുത്തിയത്. തീര്‍ച്ചയായും ഉന്തും ബഹളവും ആയപ്പോഴെങ്കിലും പൊലീസിന് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മഹിജയുടേയും കൂട്ടരുടേയും ആവശ്യത്തിനു വഴങ്ങാനുള്ള വിവേകം കാണിക്കാമായിരുന്നു.

പക്ഷേ, ആവേശത്തിന്റെ ആലോചനാശൂന്യമായ അതിവൈകാരികതയെ അഭിമുഖീകരിക്കുമ്പോള്‍ പൊലീസുകാരും വികാരാവേശബാധിതരായി. കാക്കിയോ കാവിയോ ഇട്ടാലുടനെ ഇല്ലാതാവുന്നതല്ലല്ലോ വികാരാവേശബാധയും വിവേകശൂന്യതയും. എന്തായാലും ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും കൂട്ടര്‍ക്കും നേരിടേണ്ടിവന്ന ഉന്തും തള്ളും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി തീരുമാനിച്ചു. അങ്ങനെ ഗാന്ധിഘാതകനായ ഗോഡ്‌സെയെ രാഷ്ട്രഭക്തനായി കൊണ്ടാടുന്നവരായ ബിജെപിക്കാരും ഗാന്ധിഭക്തരായി മേനിനടിക്കുന്ന കോണ്‍ഗ്രസുകാരും ‘അമ്മ’യുടെ കണ്ണീരിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിണറായി സര്‍ക്കാരിനെതിരെ ഒരു ഹര്‍ത്താ ല്‍ പ്രഖ്യാപിച്ചു.

ഹര്‍ത്താല്‍ വിരുദ്ധബില്ല് ഉണ്ടാക്കി രമേശ് ചെന്നിത്തല (മാധ്യമഭാഷയില്‍ പറഞ്ഞാ ല്‍ ചെന്നിത്തല ഗാന്ധി)യും ആര്‍ത്തവം അശുദ്ധമാണെന്നും ഹര്‍ത്താല്‍ ജനദ്രോഹമാണെന്നും പറഞ്ഞ് നിരാഹാരമിരുന്ന എം എം ഹസ(ഹസന്‍ ഗാന്ധി) നും ആര്‍എസ്എസുകാര്‍ തല്ലിക്കൊന്ന അനന്തുവിന്റെ അമ്മയുടെ കണ്ണീരിനു വിലകല്‍പ്പിക്കാത്ത കുമ്മനം രാജശേഖരനും എല്ലാം ചേര്‍ന്നു നടത്തിയ ഹര്‍ത്താല്‍ അതിന്റെ ലക്ഷ്യം പുറമേക്ക് അമ്മയുടെ കണ്ണീരിനൊപ്പം എന്നതാണെങ്കിലും അകമേ പിണറായി സര്‍ക്കാരിനോടുള്ള കണ്ണുകടിയാണെന്നതുകൊണ്ടുതന്നെ കപടസമരങ്ങളുടെ ചരിത്രദൃഷ്ടാന്തമായി.

മാധ്യമങ്ങളും ഈ കപടസമരത്തെ വെള്ളപൂശുന്നതില്‍ മത്സരിച്ചു. പക്ഷേ, ഈ കപടനാടകം തിരിച്ചറിയാനുള്ള കണ്ണ് ജനങ്ങള്‍ക്ക് ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന നിരവധി പ്രതികരണങ്ങള്‍ സൈബര്‍ മീഡിയകളില്‍ ഉണ്ടായി. അതില്‍ ഏറ്റവും സരസവും സുചിന്തിതവുമായ ഒരു പ്രതികരണം ഇവിടെകുറിക്കാം.”സി.പി.എം പ്രഖ്യാപിക്കുന്ന ഹര്‍ത്താലില്‍ മാത്രമേ വണ്ടികിട്ടാതെ ഗര്‍ഭിണി വഴിയരികില്‍ പ്രസവിക്കാറുള്ളു എന്നതും ചികിത്സ കിട്ടാതെ ആള്‍ക്കാര്‍ മരണമടയാറുള്ളൂ എന്നതും റയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നട്ടംതിരിഞ്ഞുനില്‍ക്കുന്നതു സംഭവിക്കാറുള്ളൂ എന്നതും ആശ്വാസം തന്നെ! കുറേ നേരമായി ചാനലുകള്‍ മാറ്റിമാറ്റി നോക്കുന്നു; ഹര്‍ത്താല്‍ കാരണം നട്ടം തിരിഞ്ഞ പാവം പൊതുജനം എന്ന വാര്‍ത്തകാണാന്‍’ ഈ കുറിപ്പില്‍ ഹര്‍ത്താല്‍ കപടനാടകവും അതിന് ഒത്താശ ചെയ്യുന്ന നിഷ്പക്ഷ മാധ്യമങ്ങളുടെ നേരും നെറിവും നിലപാടും ഇല്ലായ്മയും എല്ലാം ജനങ്ങള്‍ എങ്ങനെ തിരിച്ചറിയുന്നു എന്നതിന്റെ എല്ലാ സൂചനകളും ഉണ്ട്. എന്തു കാരണവശാലും ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ല എന്നു പറഞ്ഞുകൊണ്ട് 2015 മാര്‍ച്ച് 14 ന് രാവിലെ 11.24 ന് ഇപ്പോഴത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റായ കോണ്‍ഗ്രസ് യുവ നേതാവ് ടി സിദ്ദിഖ് എഴുതിയ ഒരു ഫെയ്‌സ് ബുക്ക് കുറിപ്പുകൂടി ഇവിടെ പകര്‍ത്താം.

‘കേരളത്തിന്റെ തീരാശാപമായി ഹര്‍ത്താലുകള്‍ മാറുന്നു. ഒരു ഹര്‍ത്താലിലൂടെ കേരളത്തിന് സംഭവിക്കുന്ന നഷ്ടം മൊത്തം 990 കോടി രൂപയുടെ നഷ്ടമാണ്…. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളം പൊങ്ങുന്നതു മുതല്‍ കൊലപാതകങ്ങള്‍ വരെ ഹര്‍ത്താലിനുള്ള വിഭവങ്ങളാണ്. തല്ലിയാലും നുള്ളിയാലും തെറി പറഞ്ഞാലും കടിച്ചാലും ആക്രമണം നടത്തിയാലും ഇതൊക്കെ ചെയ്തവര്‍ തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നില്ല’ഇതെല്ലാം ചേര്‍ത്തുവച്ചു ചിന്തിച്ചാല്‍ മഹിജയുടെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്ന സദുദ്ദേശത്തോടെ മാത്രമാണോ അതു ചെയ്തതെന്ന് ഏവര്‍ക്കും മനസിലാക്കാനാവും.

ജിഷ്ണു പ്രണോയി എന്ന സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥി ജീവന്‍ വെടിയുവാന്‍ ഇടവരുത്തിയ ഇടിമുറിക്കാരായ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഏതു മന്ത്രിയുടേയും രാജാവിന്റെയും മകനായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട നടപടികളില്‍ വന്നിട്ടുള്ള വീഴ്ചകളും കാലവിളംബങ്ങളും ഒക്കെ വിമര്‍ശിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും വേണം. പക്ഷേ, ‘അമ്മയെ കരയിപ്പിച്ച സര്‍ക്കാര്‍ അമ്മയ്‌ക്കെതിരായ സര്‍ക്കാര്‍’ എന്നൊക്കെ മുദ്രാവാക്യം മുഴക്കും മുമ്പ് ഇടതുപക്ഷ സര്‍ക്കാര്‍ ജിഷ്ണു പ്രണോയി പ്രശ്‌നവുമായി ബന്ധപ്പെട്ടു കൈക്കൊണ്ട നടപടികളെ കൂടി പരിഗണിക്കണം. പിണറായിയോടുള്ള പകകൊണ്ട് അതൊന്നും കാണാതെ പോയ്ക്കൂടാ….

ജിഷ്ണു പ്രണോയി എന്ന വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണത്തില്‍ അടിയന്തരമായി പത്തുലക്ഷം രൂപ അനുവദിച്ച് ആളും ആരവവും ഒന്നും കൂടാതെ കുടുംബത്തിനു കൈമാറി. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി ഐപിഎസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു.
സാങ്കേതികത്വം മറികടന്ന് കേസ് വാദിക്കുവാന്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനത്തെ മികച്ച വക്കീലിനെ അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം നേടിയ കുറ്റാരോപിതനായ കോളജ് ചെയര്‍മാനെ മറ്റൊരു കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്തു. സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മരിച്ചയാളുടെ വീട്ടില്‍ പോയി ചങ്കലച്ചു കരയുന്ന രാഷ്ട്രീയ നടീനടന്മാരുടെ രീതിയില്‍ കപടനാടകം കളിക്കാന്‍ തയ്യാറായില്ല. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനു കോടതിയോടാണ് സമരം ചെയ്യേണ്ടത്. സര്‍ക്കാരിനെതിരെയല്ല.

അവസാനമായി പറയട്ടെ;’മന്ത്രിസഭാംഗമായ മണിയാശാന്‍ നാക്കടക്കം ശീലിക്കണം. മുഖ്യമന്ത്രി മഹിജയെ കാണാന്‍ പോവാത്തതുമായി ബന്ധപ്പെട്ട് മണിയാശാന്‍ നടത്തിയ ‘വീട്ടില്‍ ചെന്നാല്‍ അകത്തുകയറിയതും കതകടച്ചാലോ’ എന്നമട്ടിലുള്ള പ്രയോഗം അപലപനീയമാണ്. ‘വണ്‍, ടൂ, ത്രി’ മോഡല്‍ പ്രസംഗം കൊണ്ട് ഇടതുപക്ഷത്തിനു ഗുണമൊന്നും ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. അദ്ദേഹത്തെ അക്കാര്യം ഉത്തരവാദപ്പെട്ട ഇടതുപക്ഷ നേതൃത്വം ഓര്‍മ്മിപ്പിക്കണം.

Top