തിരുവനന്തപുരം: കണ്ണൂര്‍ ആണ്ടല്ലൂരില്‍ കൊലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മകള്‍ വിസ്മയയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരുങ്ങി ബിജെപി. സ്വന്തമായി ഒരു വീടെന്ന വിസ്മയയുടെ സ്വപ്നം സുമനസുകളുടെ സഹായത്തോടെ യാഥാര്‍ഥ്യമാക്കാനുളള ദൗത്യമാണ് ബിജെപി സംസ്ഥാന നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
വിസ്മയയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്ല മനസുകളുടെ സഹായം തേടി. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന മേല്‍ക്കൂരയില്ലാത്ത നാലു ചുവരുകളിലാണ് അമ്മയോടൊപ്പം സന്തോഷിന്റെ മക്കളായ വിസ്മയയും സാരംഗും കഴിയുന്നതെന്ന് പറഞ്ഞ അദ്ദേഹം പിന്തുണ എത്ര ചെറുതായാലും അത് വലിയ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള കൈത്താങ്ങാണെന്നും കൂട്ടിച്ചേര്‍ത്തു.
ഐക്യദാര്‍ഢ്യം വാക്കുകളിലല്ല, പ്രവര്‍ത്തിയിലാണ് വേണ്ടത്. പട്ടാപ്പകല്‍ സൂര്യനസ്തമിച്ചത് പറക്കമുറ്റാത്ത മക്കളായ വിസ്മയക്കും സാരംഗിനുമാണ്. കൊച്ചി സര്‍വ്വകലാശാലയില്‍ ബി ടെക്കിന് പഠിക്കുന്ന സാരംഗിന് വൈമാനികനാകണെന്നാണ് ആഗ്രഹം. അതിന് ചിറക് നല്‍കണം.വിസ്മയയ്ക്കും സാരംഗിനും അച്ഛനെ മടക്കിക്കൊടുക്കാന്‍ ആവില്ല. കൂലിപ്പണിക്കാരനായ അച്ഛനു വേണ്ടി വിജയിക്കണമെന്ന് ആഗ്രഹിച്ച, ഉറപ്പുള്ള ഒരു വീട്ടില്‍ ഉറങ്ങുന്നത് സ്വപ്നം കണ്ട വിസ്മയയ്ക്ക് അത് സാധിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം ഒരുമിച്ച് ഏറ്റെടുക്കാമെന്നും കുമ്മനം രാജശേഖരന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സഹായം നല്‍കാന്‍ താല്‍പര്യമുളളവര്‍ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അക്കൗണ്ടിലേക്കാണ് പണം അയക്കണമെന്നും കുമ്മനം അഭ്യര്‍ത്ഥിക്കുന്നു.